ചിലപ്പോഴാണ് വിരഹം പാരമ്യത്തിലെത്തുക. അപ്പോഴാണ്, ഉടലാകെ കുടഞ്ഞ്, തെല്ലമ്പരപ്പോടെ, നീ അരികിലില്ലെന്ന്‍ തിരിച്ചറിയുക; ആ തിരിച്ചറിവിന്‍റെ തീവ്രത മനസ്സും ശരീരവും അറിയുക. അപ്പോള്‍ ഞാന്‍ കരയാറുണ്ട്. നിന്‍റെ മുഖം, ശബ്ദം, വാക്കുകള്‍- അവ കൂര്‍ത്ത സൂചികള്‍ പോലെ, കഴിഞ്ഞ ദിനങ്ങളിലെ ഓര്‍മ്മകളില്‍ നിന്ന്‍ എന്നെ കുത്തിനോവിക്കുന്നുണ്ട്. കാലത്തിന്‍റെ ഘടികാരമെവിടെയെന്ന്‍ ഞാന്‍ ചിന്തിച്ച ഘട്ടമുണ്ടായി. എന്നില്‍ വളര്‍ന്ന നിന്നെ നിനക്കു മടക്കിത്തന്ന്‍, സ്വയം ശുദ്ധീകരിച്ച്, കാലം പിന്നിലേക്കു തിരിക്കുവാന്‍ അപ്പോള്‍ ഞാനാശിച്ചു. പരിശ്രമങ്ങളുടെ അങ്ങേയറ്റം അവ മിഥ്യയെന്നറിഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞു. നിന്‍റെ അസാന്നിധ്യം ഞാന്‍ ആസ്വദിക്കുന്നില്ല; മറ്റൊന്നും ആസ്വദിക്കാന്‍ അതെന്നെ അനുവദിക്കുന്നില്ല. ഞാന്‍ കാത്തിരുന്ന മഴക്കാലം എന്നെ തൊട്ടു പെയ്യുന്നു. ഞാന്‍ കാത്തിരുന്നൊടുക്കം കരകവിഞ്ഞൊഴുകുന്ന പാടം എനിക്കു മുന്നിലുണ്ട്. നിനക്കപ്പുറം ആള്‍ക്കൂമ്പാരങ്ങളുണ്ടെങ്കിലും എനിക്ക് ഈ ലോകം ശൂന്യമാണ്. എനിക്കും അവയ്ക്കുമിടയില്‍ ഇപ്പോള്‍ മരവിപ്പാണ്- നിന്‍റെ അസാന്നിധ്യം തന്നത്. നിന്നെ ചേര്‍ത്തുവച്ചല്ലാതെ എനിക്കു ചിന്തകള്‍ ജനിക്കുന്നില്ല. കാഴ്ചകളില്‍ പ്രത്യേകതകള്‍ എനിക്കനുഭവപ്പെടുന്നില്ല. പങ്കുവയ്ക്കാനൊരാളോ, ഒരു ചെറുപുഞ്ചിരിയോ എനിക്കുണ്ടാകുന്നില്ല. എന്നിലുള്ള പ്രണയത്തെ ഞാന്‍ ഭയക്കാന്‍ തുടങ്ങുന്നത് നെഞ്ചില്‍ കൈത്തലം അമര്‍ത്തിയാല്‍ അതിനടിയില്‍ ഒരു വേദനയായി നീ തങ്ങുന്നുവെന്ന് ഞാന്‍ തിരിച്ചറിയുമ്പോഴാണ്. ആഞ്ഞു പതിക്കുമ്പോഴും, നിന്നെക്കാള്‍ വലിയ വേദനയാകുന്നില്ല അത്. പുറത്ത്, കാലം കൂട്ടുനില്‍ക്കുന്നു. കര്‍ക്കിടകത്തിന്‍റെ അന്ധകാരം എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. എന്നെ തോല്‍പ്പിക്കുന്നു. ഞാനും ഈ ലോകവും തമ്മില്‍ സ്ഥായിയായ ദൂരം രൂപപ്പെടുന്നു- അവിടെ, ഈ ലോകം തന്നിട്ടും, എന്‍റെ കണ്‍മുന്നില്‍ നിന്നോട് തോറ്റ കാഴ്ചയുടെ, കേള്‍വിയുടെ സുന്ദരജഡങ്ങളാണ്. നീയില്ലാതെ, ഈ ലോകം, ഋതു, എനിക്കു സുന്ദരമാകുന്നില്ല. അവയ്ക്ക് ജീവനുണ്ടാകുന്നില്ല. ഈ ഭൂമിയില്‍ നിനക്കൊഴികെ മറ്റൊന്നിനും ഉണര്‍ത്താനാവാത്തതാണ് എന്‍റെ മഴക്കാലം.