ഹോപ്കിന്സിന്റെ വിന്ഡ്ഹോവര് പക്ഷി ആകാശത്തിലെ ദ്രുതവായുവില് തുഴയുന്നു. അതില്‍ എന്റെ വ്യക്തിത്വം അള്ളിപ്പിടിച്ച് പാരച്യൂട്ടിലെന്ന പോല്‍ പറക്കുന്നു... ഒരിക്കല്‍ സ്വപ്നം കണ്ട വിസ്മയത്തിന്റെ ചിറക് എനിക്കായ് ആകാശമാകെ വിടരുന്നു. അതിനെ ഒന്നാക്കിയ കാലില്‍ പിടുത്തമിട്ടു ഞാന്‍ ലോകത്തെ മുകളില്‍ നിന്ന് കാണുന്നു. എന്റെ സാമ്രാജ്യം ആകാശത്തോളമെന്ന് ഭൂമിയും ഭ്രാന്തമായ് പ്രതിധ്വനിക്കുന്നു. എന്റെ കണ്ണിനു നേരെ സൂര്യന്. തന്റെ ഉദയത്തെയത് പ്രഭാതമാക്കുന്നു. ലോകം അതിനെ ദിനാരംഭം എന്ന് വിളിക്കുന്നു. സൂര്യാസ്തമനത്തോടെ ലോകം ഉറങ്ങുന്നു. ജീവിതനിയന്ത്രണം സൂര്യ രശ്മിയിലാണ്. അതും കോടിജന്മങ്ങളുടെ. അഹന്തയില്‍ പിറന്ന മനുഷ്യജന്മത്തിന് സൂര്യന്റെ മുന്പില് ആദ്യ അടിയറവ്. സൂര്യനാണ് ആദ്യ പ്രതിഭ. കത്തിരിയുടെ ഉഷ്ണത്തില്‍ മഴയ്ക്കു വിയര്‍പ്പ്. ദുര്ഗന്ധാക്ഷേപം ഭയന്ന് മഴ പിന്‍വാങ്ങുന്നു. പെയ്തൊഴിയാതെ കറുത്ത് തടിച്ച ഗുണ്ടകള്‍ പോലെ തമിഴ്നാട്ടിലെ കാര്‍മേഘങ്ങള്‍ അമ്പരക്കുന്നു. ആന്ധ്രയില്‍ നിന്നാരോ ഊതിയ പോലെ കാറ്റില്‍ മേഘങ്ങള്‍ എന്റെ നാട്ടിലേക്ക്. ശേഷം അവിടെ പ്രശസ്തമായ കാലവര്‍ഷം. അപൂര്‍ണ്ണമായ എന്റെ ആവേശം നാട്ടിലെ ജൂണ്മാസത്തിലെ പേമാരി! ഹൃദയത്തിന്റെ ഭ്രാന്തമായ ഇടിമുഴക്കം അതിര്‍ത്തി കടന്ന്, പ്രകാശവര്‍ഷങ്ങള്‍ പിന്നിട്ട്, ഇടിമിന്നലായി പേമാരിയ്ക്കു കൂട്ടാകുന്നു. ഭയക്കുന്നു, എന്നെ പെറ്റ എന്റെ നാട്... സ്ഥിതിയില്‍ അസ്തിത്വം ഉഴലുന്നു. മനുഷ്യന് ഒന്നില്‍ ഉറയ്ക്കുന്നില്ല. ദേഹവും ദേഹിയും... ഹൃദയവും ബുദ്ധിയും... കുടുംബവും വിവാഹാന്തര മാറ്റവും... നാടും മറുനാടും. അതിര്‍ത്തിയുടെ ആകാശത്ത് വിന്ഡ്ഹോവറില് ഞാന്‍ സഞ്ചരിക്കുന്നു. മേഘങ്ങള്‍ കൊണ്ടെഴുതുന്നു അതിര്‍വരമ്പിന്റെ തലവരയെന്ന പോല്‍.. “ഇവിടെയാണ് അപൂര്‍ണ്ണത. മനുഷ്യപിറവി പൂര്ണ്ണമാകുന്നയിടം.”