എന്തിനായിരുന്നമ്മേ, എന്നെ വളര്‍ത്തിയത്? ഓര്‍മയുടെ ആദ്യ താളില്‍ പോലും വളര്‍ച്ചയെ ഞാന്‍ വെറുത്തതോര്‍ക്കുന്നു. ഒളിച്ചോട്ടമായിരുന്നു... ഇക്കാലമത്രയും. ജനനത്തില്‍ നിന്ന് മരണത്തിലേക്കു വളരാതെ മറ്റൊരു വഴിയും കണ്ടില്ല ഞാന്‍. പട്ടിണി കിടന്നെങ്കില്‍, ഒന്നും കുടിക്കാതിരുന്നെങ്കില്‍, ഒരു ദിവസം പോലും വളരാതിരുന്നെങ്കില്‍, എന്റെ അമ്മയെ ഒരു നോക്ക് കാണാതിരുന്നെങ്കില്‍ ജനനത്തില്‍ എന്റെ മരണം ലയിച്ചേനെ. എന്തിനായിരുന്നമ്മേ... എന്നെ വാരിയെടുത്തത്? ആദ്യത്തെ ചുംബനം നെറുകിലമര്ത്തിയത്... അതിലൂടെന്റെ നെഞ്ചിലെക്കൊരു കനലു പോലെ സ്നേഹമെന്നത് കുത്തിനിറച്ചത്... അന്നെന്റെ ബാല്യത്തില്‍ ഞാന്‍ ഓടിയോളിച്ചത് എന്റെ തന്നെ വളര്‍ച്ചയില്‍ നിന്നായിരുന്നു. പുറകെ ഓടിയെന്നെ പിടിച്ച് കൈ നിറയെ ഭക്ഷണം കൊണ്ടൂട്ടിയില്ലേ... എന്തിനായിരുന്നമ്മേ... വേണ്ടെന്നു ഞാന്‍ പറഞ്ഞിട്ടും...? പഴമായും കായായും പച്ചിലയായും എന്ടെ ദിനങ്ങളില്‍ ഊര്‍ജ്ജം നിറച്ച് ഉരുളകളാക്കി തന്നതും എന്തിനായിരുന്നു! ഒഴിഞ്ഞതല്ലേ ഞാന്‍... എന്നും...? ഞാന്‍ വേഗം വലുതാവുമെന്നറിഞ്ഞിട്ടും എന്തിനായിരുന്നതു മറക്കാതിരുന്നത്? അമ്മയുടെ ഹൃദയം കൊണ്ടു സ്പര്‍ശിച്ച് വളര്‍ച്ചയെ ജയിക്കാനുള്ളയെന്റെ ത്വരയെ സ്നേഹം കൊണ്ട് തോല്‍പ്പിച്ചത്...? കഴിക്കില്ലെന്നു ഞാന്‍ വാശിയില്‍ കരഞ്ഞിട്ടും ആനയായ് എന്നെയേറ്റി പാട്ടുംപാടിയേട്ടനും പുറകെ താളം പിടിച്ചമ്മയും, ഇടയ്ക്കൊരുമ്മയും... ശബ്ദങ്ങളുണ്ടാക്കി എന്റെ അച്ഛനും... എല്ലാം കുടിപ്പിച്ചും എല്ലാം കഴിപ്പിച്ചും എന്നിട്ടും മതിയാവാതെല്ലാം പഠിപ്പിച്ചും എത്ര വര്‍ഷങ്ങള്‍ മരിച്ചുപോയി... അറിഞ്ഞിരുന്നില്ലേ അന്ന്, ഞാന്‍ വലുതാവുമ്പോള്‍ നിങ്ങളെ വിട്ട് ഒരുപാടുദൂരെ വിധി വച്ച കൂരയില്‍ ഒതുങ്ങുമെന്ന്...? അവിടെ, പേരു നീട്ടിയെന്നെയെത്ര വിളിച്ചാലും ഓടിവരാന്‍ പറ്റാതെ ഞാന്‍ നീറുമെന്ന്...? അറിഞ്ഞിരുന്നില്ലേ... അമ്മയും...? ഓര്‍ത്തില്ലാരും....ഞാനും. എന്റെ നിശ്ചിതമായ മറവിയിലൂടെ വളര്‍ച്ചയെന്നെ ജയിച്ചിരിക്കുന്നു. ഇന്നു നമ്മളെവിടെ! ഞാന്‍ അമ്മയ്ക്കറിയാത്തൊരിടത്ത്... ഏട്ടന്‍ നമുക്കറിയാത്തൊരിടത്ത്... അമ്മയും അച്ഛനും ഞങ്ങള്‍ക്കന്യമായിടത്ത്... പേടിയാവുന്നമ്മേ... ഓരോ ചെറു ശബ്ദത്തിലും അമ്മയുടെ നിലവിളി കേള്‍ക്കും പോലെ...