Jyothy Sreedhar

വയലാറിന്‍റെ സന്നിധിയില്‍...

ഇടയ്ക്ക് ഇങ്ങനെ ഒരു പതിവുണ്ട്. ഭര്‍ത്താവുമൊത്ത് ഞാന്‍ താമസിക്കുന്ന കോഴിക്കോട് നിന്ന് ഒരു ചെറിയ ഇടവേള എടുക്കും. ആലുവയിലെ എന്‍റെ സ്വന്തം വീട്ടിലെ, എന്‍റെ മുറിയില്‍ തങ്ങിയ ബാല്യം മുതല്‍ക്കുള്ള ശ്വാസം ശ്വസിച്ചുറങ്ങാനും ഉണരാനും ഒരു പിടി ദിവസങ്ങള്‍. അതില്‍ ഒരു ദിവസം മുഴുവനും എന്‍റെ അമ്മയ്ക്കാണ്. ഇത്തവണയും പതിവ് തെറ്റിയില്ല. ആദ്യ ദിവസം തന്നെ അമ്മയ്ക്ക് കൊടുത്തു. അമ്മയുടെ കൈ പിടിച്ച് എന്നെ വളര്‍ത്തി വലുതാക്കിയ ആലുവയിലൂടെ നടക്കുമ്പോള്‍ പൂര്‍ണ്ണതയാണ് അനുഭവപ്പെട്ടത്. ‘പെറ്റമ്മയുടെ കൈ പിടിച്ച് പോറ്റമ്മയുടെ ഹൃദയഞ്ഞെരമ്പുകളിലൂടെയുള്ള യാത്ര’ എന്ന് വിശേഷിപ്പിക്കാവുന്ന ഒന്ന്. ആ ദിവസം തീരുമ്പോള്‍ വല്ലാത്ത ഒരു സംതൃപ്തി. ഇത്തരം ഇടവേളകളിലെ മറ്റു ദിവസങ്ങള്‍  കൊച്ചിയിലുള്ള എന്‍റെ പ്രിയസുഹൃത്തുക്കളെ കണ്ടും ഒരുമിച്ചിരുന്നുമൊക്കെയാണ് ഞാന്‍ ചിലവഴിക്കുന്നത്.

ഇന്നലെ അത്തരം ഒരു യാത്രയായിരുന്നു. രണ്ടു സുഹൃത്തുക്കളുടെ കൂടെ ഒരു ഡ്രൈവ്. ആലുവയില്‍ നിന്ന് ചേര്‍ത്തലയിലുള്ള സുഹൃത്തിനെ കൂട്ടി ആലപ്പുഴയില്‍ ഒരു ചെറിയ കറക്കം. ഉച്ചഭക്ഷണമൊക്കെ കഴിഞ്ഞ് പെട്ടെന്ന് ഒരു പ്ലാന്‍ ഇട്ടു- അന്ധകാരനാഴി ബീച്ച്. കേട്ടിട്ടേ ഉള്ളൂ, എന്നാല്‍ പിന്നെ പോയേക്കാം എന്ന് വിചാരിച്ച് നേരെ അങ്ങോട്ട്‌. എവിടെയോ വച്ച് വഴി തെറ്റി. വഴി തെറ്റുന്നത് പോലും സത്യത്തില്‍ ഇത്തരം സുഹൃദ്സമയങ്ങളില്‍ ഒരു ഹരമാണ്. അങ്ങനെ ഉള്‍വഴികളിലൂടെ തിരിഞ്ഞും തെറ്റിയും തിരുത്തിയും ഒടുക്കം ലക്ഷ്യസ്ഥാനത്തെത്തി. ബീച്ച് ഒരു എത്തിനോട്ടത്തില്‍ കണ്ട് അങ്ങനെ തന്നെ കാര്‍ തിരിച്ചു. തിരികെ ചേര്‍ത്തലയില്‍ സുഹൃത്തിനെ വീട്ടിലാക്കാന്‍ പോയ വഴി വീണ്ടും തെറ്റി. അങ്ങനെ ഒരു തെറ്റിയ വഴിയിലൂടെ പോകുമ്പോഴാണ് ഒരു ബോര്‍ഡ് ശ്രദ്ധയില്‍ പെട്ടത്- ‘വയലാര്‍ സ്മൃതി മണ്ഡപം’. തെല്ലും ആലോചിക്കാതെ, അവിടെയ്ക്ക് പോകണം എന്ന് ഞാന്‍ പറഞ്ഞു. അതും മറ്റൊരു ഉള്‍വഴിയാണ്. ഞങ്ങള്‍ ഇരുന്ന SUV കഷ്ടിച്ച് പോകുന്ന രീതിയില്‍ ഉള്ള വഴികള്‍. ഒരു ബോര്‍ഡും ചൂണ്ടുവിരലും കണ്ട് വണ്ടി അങ്ങോട്ട്‌ തിരിച്ച ഞങ്ങള്‍ പിന്നെ ബോര്‍ഡുകള്‍ കണ്ടതേ ഇല്ല. കുറെ പോയി, വീണ്ടും പല തവണയായി വഴി തെറ്റി. ഒടുക്കം വീണ്ടും നാഷണല്‍ ഹൈവേയില്‍ എത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു, സാരമില്ല, അടുത്ത തവണയാകാം എന്ന്. പക്ഷെ വണ്ടി ഓടിച്ച സുഹൃത്തിന് അപ്പോഴേയ്ക്കും വാശി കയറി. വയലാറിനെ കണ്ടിട്ടേ ഉള്ളൂ ഇനി എന്തും. നാട്ടുകാരോട് ചോദിച്ച് ചോദിച്ച് ഒടുക്കം ഒരു ചെറിയ വഴിയിലെത്തി. ഞങ്ങള്‍ സംശയത്തോടെ നോക്കുന്നത് കണ്ട് ഒരു നാട്ടുകാരന്‍ ഒരു വീട്ടിലേയ്ക്ക് കൈ ചൂണ്ടി പറഞ്ഞു “അതാ… അതാണ്‌ വയലാറിന്‍റെ വീട്. തൊട്ടപ്പുറത്ത് കാണുന്നതാണ് സ്മൃതിമണ്ഡപം…”

മനസ്സില്‍ എന്തോ ഒന്ന് കൊണ്ടു. വയലാറിന്‍റെ വീട്… അത് ഒരു വികാരം പോലെയാണ് മനസ്സ് ഉള്‍ക്കൊണ്ടത്‌. വയലാര്‍ രാമവര്‍മ്മയുടെ മകനും കവിയുമായ  വയലാര്‍ ശരത്ചന്ദ്രവര്‍മ ഒരു കറുത്ത നായയുടെ കൂടെ മുറ്റത്ത് നടക്കുന്നതാണ് ആദ്യ കാഴ്ച. വെളുത്ത ബനിയനും അല്‍പം കാവി കലര്‍ന്ന മുണ്ടും ധരിച്ച്, ഒരു കണ്ണടയും വച്ച്, ഒറ്റ നോട്ടത്തില്‍ തന്നെ, രൂപത്തില്‍ വയലാറിനെ അനുസ്മരിപ്പിക്കുന്ന മകന്‍. അദ്ദേഹത്തിനടുത്തായി ഞങ്ങളുടെ വണ്ടി ചെന്ന് നിന്നു. എന്‍റെ കൂടെയുണ്ടായിരുന്ന ഒരു സുഹൃത്ത് അദ്ദേഹത്തിന്‍റെയും സുഹൃത്തായിരുന്നു. അവള്‍ ഇറങ്ങിയ ഉടനെ അവര്‍ തമ്മില്‍ സംസാരിക്കാന്‍ തുടങ്ങി.അവരില്‍ നിന്നും അല്‍പം മാറി, ഇടതുവശത്ത് വയലാര്‍ സ്മൃതിമണ്ഡപം. എന്‍റെ കണ്ണ് മുഴുവനും അങ്ങോട്ടായിരുന്നു. എന്തോ ഒന്ന് അവിടെ എന്നെ ആകര്‍ഷിക്കുകയും അത് ഞാന്‍ അറിയുകയും ചെയ്യുന്നുണ്ടായിരുന്നു. അവരുടെ സംസാരവലയത്തില്‍ നിന്ന് ഞാന്‍ തനിയെ മണ്ഡപത്തിലേയ്ക്ക് നടന്നു. കൃത്യം മുന്നില്‍ നിന്ന് നോക്കി. ഓടിട്ട ഒരു മണ്ഡപം. മുന്നില്‍ ഇരുവശവും രണ്ടു തൂണുകള്‍. നടുവില്‍ മൂന്നു പടികള്‍. അത് എത്തിനില്‍ക്കുന്നത്‌ ഒരു കാലഘട്ടത്തിലേക്ക്. ആ കാലഘട്ടത്തിനൊത്ത നടുവില്‍ ഒരു ചക്രവര്‍ത്തിയെ പോലെ പ്രിയകവി വയലാര്‍ രാമവര്‍മ്മയുടെ ചിത്രം. താഴെ, ചുറ്റുമായി വടിവൊത്ത അക്ഷരങ്ങളില്‍ കവിതാശകലങ്ങള്‍. ചുറ്റും തനിയെ നടന്നു വായിച്ചു. ഒടുക്കം ആ പടികളില്‍ ഇരുന്നു. അദ്ദേഹത്തിന്‍റെ ചിത്രം കണ്ടപ്പോള്‍ മനസ്സില്‍ ആദ്യം വന്നത് ടി പി രാജീവന്‍റെ വരികളാണ്: “നിന്നിലേക്കുള്ളതായിരുന്നു ഇന്നോളം എനിക്ക് തെറ്റിയ വഴികളെല്ലാം…” സത്യമാകും. അല്ലെങ്കില്‍ ഒന്നോര്‍ത്താല്‍, ഇത്തരം ഒരു ലക്‌ഷ്യം ഞങ്ങളുടെ മനസ്സില്‍ ഉണ്ടായിരുന്നില്ല. തെറ്റിയ വഴികള്‍ക്ക് ശേഷമെവിടെയോ, എന്നെ ഇവിടെയ്ക്കെത്തിക്കാന്‍ ആരോ കരുതി വച്ച ഒരു ചൂണ്ടുപലകയുണ്ടായിരുന്നു. ഇവിടെയ്ക്ക് വരണം എന്ന് ആരോ പറഞ്ഞത് പോലെ തെറ്റായ വഴികളെല്ലാം സ്വയം തിരുത്തി ഒരു വലിയ ശരിയിലേക്ക് എന്നെ എത്തിച്ചത് ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു.

ആ പടികളില്‍ ഇരുന്ന് ഒരു കൊച്ചുകുട്ടിയുടെ അത്ഭുതത്തോടെ കാഴ്ചകളെ ആവാഹിക്കുന്ന എന്‍റെ കണ്ണുകളെ അടുത്ത സുഹൃത്തുക്കള്‍ അടുത്തു നിന്നിട്ടും വായിച്ചിരിക്കില്ല. പക്ഷെ എന്തോ ഒരു സ്വപ്നലോകത്തിലെന്ന പോലെ അല്‍പ നേരം ഞാന്‍ അവിടെ തനിയെ നിന്നിരുന്നു, എന്നില്‍ നിന്ന് എത്രയോ അകലെയായ മറ്റൊരു കാലഘട്ടത്തില്‍. എനിക്ക് ചുറ്റും ഉള്ള നിശബ്ദതയെ ഭേദിച്ച് വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ ചോദ്യങ്ങള്‍ ഉണ്ടായി. പിന്നെ മറുപടികള്‍ പറഞ്ഞ് കൂട്ടത്തിലേയ്ക്ക് ചെന്നു. അങ്ങനെ നില്‍ക്കുമ്പോള്‍ ഫോട്ടോ എടുക്കണം എന്ന് തീരുമാനിച്ചു. അപ്പോഴേയ്ക്കും അല്‍പം പ്രായമായ ഒരു സ്ത്രീ നടന്നടുത്തു. വയലാര്‍ രാമവര്‍മയുടെ ഭാര്യയായ ഭാരതി തമ്പുരാട്ടി. ചില കുടുംബാംഗങ്ങളും കൂടെ. വട്ടം കൂടി കുറച്ചു നേരം കുശലം പറഞ്ഞു.പിന്നെ പുറകില്‍ കെട്ടിയ തറയിലേക്ക് ഞാന്‍ നടന്നു. ഒരു കെട്ടിടം പൊളിച്ചതുപോലെ അത് കാണപ്പെട്ടു. അത് പഴയ വീടിന്‍റെ ഭാഗമാണ് എന്നും, പണ്ട് നാലുകെട്ടും എട്ടുകെട്ടും ഒക്കെ ആയിരുന്നല്ലോ എന്നും അവര്‍ പറഞ്ഞു തന്നു. അല്‍പം അകലെയായി, ഇന്ന് ആ കുടുംബം താമസിക്കുന്ന വീടിനു പുറകില്‍ നാഗത്തെ പ്രതിഷ്ഠിച്ചിരിക്കുന്നു. മുന്നിലെ കല്‍വിളക്ക് ദൂരെ നിന്നും കാണാം. എല്ലാം, അവിടുത്തെ മണ്ണും, വഴികളും വരെ വിശദീകരിക്കപ്പെട്ടു. ഈ ഭൂമിയില്‍ നിന്ന് മാറി മറ്റേതോ ഒരു ഇഷ്ടലോകത്താണ് എന്ന് തോന്നിപ്പോയി പലവട്ടം. വയലാര്‍ കവിതകളുടെ സമാഹാരമായി എനിക്ക് പരിചിതമായ ഒരു പുസ്തകമുണ്ട് വീട്ടില്‍. അതിന്‍റെ പേജുകളിലൂടെ നടക്കുന്നത് പോലെ. 

വയലാര്‍ എന്‍റെ ആദ്യ ഇഷ്ടകവിയാണ് എന്നതാണ് കൃത്യമായ നിര്‍വചനം. സ്കൂള്‍കാലം മുതല്‍ പദ്യപാരായണം എന്‍റെ ഒരു പ്രധാന ഇനമായിരുന്നെങ്കിലും കോളേജ് കാലങ്ങളിലെന്നോ ആണ് കവിതകളുടെ അര്‍ത്ഥങ്ങളെ ഞാന്‍ അറിഞ്ഞു തുടങ്ങിയത്. ഒരിക്കല്‍ കോളേജിലെ ഒരു പരിപാടിയില്‍ ‘സന്യാസിനി…’ എന്ന ഗാനം പാടിയിരുന്നു. പാടിക്കഴിഞ്ഞ് ഒരു ഹാംഗ്ഓവര്‍ പോലെ കുറെ നേരം അത് മൂളുന്നതിനിടയിലാണ് “രാത്രി പകലിനോടെന്ന പോലെ… യാത്ര ചോദിപ്പൂ ഞാന്‍” എന്ന വരി ശരിയ്ക്കും ശ്രദ്ധിക്കുന്നത്. അതിലാളിത്യത്തിലും അതിന്‍റെ ഭാവതീവ്രത എന്നെ ഒന്ന് കുടഞ്ഞു. ‘വയലാര്‍ രാമവര്‍മയുടെ വരികള്‍’ എന്ന് ഞാന്‍ കാണാപ്പാഠം പഠിച്ചതോര്‍ത്തെടുത്ത് ശ്രദ്ധിച്ചതോടെ വയലാര്‍ രാമവര്‍മ എന്‍റെ ആദ്യ ഇഷ്ടകവിയായി മാറി. ഇന്നും എക്കാലത്തെയും എന്‍റെ ഏറ്റവും പ്രിയപെട്ട വരികള്‍ അത് തന്നെ. അതിനോളം തീവ്രമായ മറ്റൊരു വരി ഞാന്‍ ഇന്ന് വരെ കണ്ടിട്ടില്ല എന്നത് ഞാന്‍ അടിയുറച്ച് പറയുന്നു. 

മടങ്ങുന്ന നേരമടുത്തപ്പോള്‍ ഒരു വട്ടം കൂടി മണ്ഡപത്തിന്‍റെ മുന്നിലെത്തി. പണ്ട് വയലാറിനോടെന്ന പോലെ ഞാന്‍ ഡയറിയില്‍ കുറിച്ചിരുന്ന അപക്വമായ ഒരു സന്ദേശമുണ്ട്. അത് ആ താളില്‍ നിന്ന് വായിക്കും പോലെ ആ പടികള്‍ക്ക് മുന്നില്‍ നിന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു: “കവിതയിലെ എന്‍റെ ആദ്യ ഇഷ്ടമായ പ്രിയ കവിയുടെ കയ്യില്‍ മഷി വറ്റാത്ത ഒരു പേനയുണ്ട്‌. അതില്‍ നിന്ന് കുടയുമ്പോള്‍ തെറിയ്ക്കുന്ന ഒരു തുള്ളി അനുഗ്രഹമായി, തീര്‍ത്ഥമായ് എനിക്ക് തരണം.” ഇന്ന് ആ വരികള്‍ അവിടെ നിന്നോര്‍ക്കുമ്പോള്‍ അതിന് തീക്ഷ്ണമായ ഒരു അര്‍ത്ഥമുണ്ടായത് പോലെ. “ഈശ്വരനല്ല ഞാന്‍, മാന്ത്രികനല്ല ഞാന്‍, പച്ചമണ്ണിന്‍ മനുഷ്യത്വമാണ്‌ ഞാന്‍” എന്ന് അവിടെ എഴുതിയിരിക്കുന്നതിനോട് വിയോജിപ്പുണ്ട്. ഒരു മാന്ത്രികനെ പോലെയാണ് എന്നെ വയലാറിന്‍റെ മണ്ണിലേക്ക് അദ്ദേഹം എത്തിച്ചത് എന്ന് നിസ്സംശയം എനിക്ക് പറയാം.

ആ മണ്ണിനോട് ഇനിയും വരുമെന്ന് പറഞ്ഞിട്ടാണ് തിരിച്ചിറങ്ങിയത്‌. തിരികെയുള്ള യാത്രയില്‍ സുഹൃത്തുക്കളോട് ഞാന്‍ എന്‍റെ മനസ്സിലെ വികാരങ്ങളെ പങ്കുവയ്ക്കാന്‍ ശ്രമിച്ചു. എനിക്ക് ഭ്രാന്താണോ എന്ന മട്ടില്‍ ഒരു സുഹൃത്ത് ചെരിഞ്ഞൊന്നു നോക്കി. പക്ഷെ ഉള്ളിലെ ആ ഭ്രാന്തിനെ ഞാന്‍ ആസ്വദിക്കുകയായിരുന്നു. വണ്ടി ചെന്ന് നിന്നത് വൈറ്റിലയിലാണ്. അവിടെ നിന്ന് ആലുവയ്ക്കുള്ള ഒരു എസി ലോ ഫ്ലോര്‍ ബസില്‍ ഞാന്‍ കയറി. വലതുവശത്തെ ഒരു വിന്‍ഡോ സീറ്റില്‍ ഇരുന്നായിരുന്നു യാത്ര. കണ്ണുകള്‍ പുറത്തേയ്ക്കുള്ള ദിശയിലേക്കായിരുന്നു എങ്കിലും, ഒരു ചില്ലിനപ്പുറം ഉള്ള കാഴ്ചകളെ ഞാന്‍ കണ്ടില്ല. കാരണം, ആ ചില്ലില്‍ എന്‍റെ മനസ്സ് എഴുതുകയായിരുന്നു, ഒരു ഡയറിക്കുറിപ്പ്‌… ഏറ്റവും വിലപിടിപ്പുള്ള ഒരു ദിവസത്തിലെ ഒരു പിടി സുവര്‍ണ്ണനിമിഷങ്ങളെ കുറിച്ച്… അതിനെ ഈ ബ്ലോഗ്‌ ആക്കാന്‍ വളരെ കുറച്ച് കൂട്ടിചേര്‍ക്കലുകള്‍ മാത്രമേ വേണ്ടിയിരുന്നുള്ളൂ. ആ ജനല്‍ച്ചില്ലില്‍ എഴുതിയ ലേഖനത്തിന്‍റെ അവസാന വരിയോടെ ഈ ലേഖനവും അവസാനിക്കട്ടെ:

“അങ്ങയുടെ സന്നിധിയ്ക്ക് മുന്നില്‍ അത്ഭുതം നിറഞ്ഞ കണ്ണുകളുമായി നിന്ന ഈ കൊച്ചു മനുഷ്യജീവിയ്ക്ക് ഒരു എഴുത്തുകാരിയാകണം എന്നാണ് ആഗ്രഹം; മറ്റുള്ളവരെ സ്പര്‍ശിക്കുന്ന വാക്കുകള്‍ എഴുതുന്ന ഒരു കൊച്ച് എഴുത്തുകാരി. ഒരു നിമിത്തം പോലെ, തെറ്റിയ വഴികളെ തിരുത്തി അങ്ങയുടെ സന്നിധിയില്‍ എന്നെ കൊണ്ടുവന്നു നിര്‍ത്തിയത് അങ്ങോ ഏതു പ്രപഞ്ചശക്തിയോ എന്നറിയാതെ ഞാന്‍ പ്രണമിക്കുന്നു. ഇനിയുള്ള പ്രയാണത്തിലും എന്നോടോപ്പമുണ്ടാകണം. അനുഗ്രഹിക്കണം.”