Jyothy Sreedhar

റോസിയിലൂടെ…

ഒരു നിറഞ്ഞ ചിരിയോടെയാണ് ‘സെല്ലുലോയിഡ്‌’ എന്ന ചിത്രത്തില്‍ റോസിയെ ഞാന്‍ ആദ്യം കണ്ടത്. മനസ്സിലെ നിഷ്കളങ്കത അത്രയും മഷി പോലെ അരച്ചെടുത്ത മുഖഭാവം. ആ കറുത്ത മുഖം ഇത്രമേല്‍ സുന്ദരമാക്കുന്ന ഹൃദയനിറവുള്ള ചിരി. അത്ര നേരവും ഡാനിയേലിന്റെ ആഗ്രഹങ്ങളിലൂടെ നടന്നു കൊണ്ടിരുന്നത് പെട്ടെന്ന് അവളിലേക്ക് മാറ്റപ്പെട്ടു, പ്രത്യേകിച്ചും സ്വന്തം പ്രാധാന്യത്തെ കുറിച്ചുള്ള അവളുടെ നിഷ്കളങ്കമായ അറിവില്ലായ്മയിലേക്ക്. “ഏതിനാവോ, എന്തിനാവോ, ഏനിതൊന്നും അറിഞ്ഞതേയില്ല” എന്നവള്‍ പാടിയത് അര്‍ത്ഥഗര്‍ഭമാണ്. അവള്‍ പാടിയത് അവളുടെ വരും കാലത്തെ കുറിച്ചായിരുന്നു, അവളുടെ പേര് ചരിത്രത്തില്‍ ഉണ്ടാവുന്നതിനെ കുറിച്ചായിരുന്നു, പതിറ്റാണ്ടുകള്‍ക്കപ്പുറം അവള്‍ ഓര്‍മിക്കപ്പെടുന്നതിനെ കുറിച്ചായിരുന്നു.

അവളുടെ കഥ ഞാന്‍ കാണുമ്പോള്‍, അവളുടെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരിയോട് എനിക്ക് തോന്നിയ അസൂയ അവളോടൊപ്പം ചരിത്രത്തിലേക്ക് നടക്കാന്‍ കഴിയാത്തതിനെപ്പറ്റിയോര്‍ത്തായിരുന്നു. അവളുടെ ഓരോ നിമിഷവും ഓരോ തോന്നലും അവള്‍ ആ കൂട്ടുകാരിയോടായിരുന്നു പങ്കുവച്ചിരുന്നത്. ആ കൂട്ടുകാരിയായിരുന്നു തനിയ്ക്ക് ചന്തമുണ്ടോ എന്ന് റോസമ്മ ചോദിച്ചപ്പോള്‍ കണ്ണാടിയെടുത്ത് സിനിമാചരിത്രത്തിലെ റോസിയെ ആ റോസമ്മയ്ക്ക് കാണിച്ച് കൊടുത്തത്. ഏത് പുസ്തകത്തിലും ഇടം പിടിക്കാത്ത എത്രയോ കാര്യങ്ങള്‍ ഞാന്‍ ആ കൂട്ടുകാരി ആവാത്തത്തിലൂടെ നഷ്ടപ്പെട്ടു എന്ന് തിരിച്ചറിയുമ്പോള്‍ മനസ്സില്‍, കയ്യില്‍ കഞ്ഞി നിറച്ച തൂക്കുപാത്രവും പിടിച്ചു നില്‍ക്കുന്ന റോസമ്മയായിരുന്നു, എന്റെ കയ്യകലത്തില്ലാത്ത, എനിക്ക് തൊടാന്‍ കഴിയാത്ത ഒരു റോസമ്മ. കൂടെ, സിനിമയില്‍ അഭിനയിക്കാമോ എന്ന ചോദ്യം കേട്ടപ്പോള്‍, പിന്‍വാതിലിനു പിന്നിലേക്ക്‌ മുഖം മറച്ച ആ ഭാവവും.

അധികം മിണ്ടാതെ എന്തിനും സത്യസന്ധമായ നിറഞ്ഞ ചിരി ചിരിക്കുന്ന റോസമ്മയില്‍ ഡാനിയേലിനെ ഞാന്‍ പലപ്പോഴും മറന്നു. സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ആരും കാണാത്ത വിഷമത്തോടെ മണികള്‍ തൂങ്ങിയ ജിമിക്കി ഊരി വയ്ക്കുമ്പോള്‍, പിന്നെ റോസിയില്‍ നിന്ന് പഴയ റോസമ്മയായി മുണ്ടും ബ്ലൌസും ഇട്ടു തൂക്കുപാത്രവും പിടിച്ചു തിരിഞ്ഞു നോക്കി നോക്കി മുന്നോട്ടു നടക്കുമ്പോള്‍, വിഗതകുമാരന്‍ പ്രദര്‍ശനത്തിന് എത്തുന്നു എന്ന് കേട്ടപ്പോള്‍ ഒരു സെകണ്ടില്‍ നിറഞ്ഞ മുഖവും നിഷ്കളങ്കമായ ചിരിയും കൊണ്ട് പാടത്ത് നിന്ന് ഉയരുമ്പോള്‍, അവസാനം ജീവനെ ഭയന്ന് തമ്പുരാക്കന്മാരുടെ അടുത്ത് നിന്ന് പ്രാണനും കൊണ്ടോടുമ്പോള്‍, അവളെ ഒന്ന് അടുത്തറിയാന്‍ കഴിഞ്ഞെങ്കില്‍, രക്ഷിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നൊക്കെ തോന്നിക്കൊണ്ടിരുന്നു, ഒരു നഷ്ടബോധത്തോടെ.

ഡാനിയേലിനെ അന്വേഷിച്ച് ചെലങ്ങാട് ചെന്നപ്പോള്‍, അവളെ കുറിച്ച് ചോദിക്കണേ എന്ന് മനസ്സില്‍ തോന്നിയിരുന്നു. അന്ന് നാട്ടില്‍ നിന്ന് ഭയന്നോടിയപ്പോള്‍ ഒരു ലോറി ഡ്രൈവര്‍ അഭയം കൊടുത്തെന്നും, അയാളെ കല്യാണം കഴിച്ച് എവിടെയോ താമസിച്ചെന്നും ഒക്കെ കേള്‍ക്കുമ്പോള്‍ ആ കഥയില്‍ ഇല്ലാത്ത അവളുടെ പല രംഗങ്ങളും ഞാന്‍ മനസ്സില്‍ കണ്ടു… ഒരു നാട്ടുവഴിയിലെവിടെയോ അവള്‍ കൈ കാണിക്കുമ്പോള്‍ ഒരു ലോറി നിറുത്തുന്നതും, ആ ഡ്രൈവറോട് തന്റെ കഥ പറയുന്നതും, അത് കേള്‍ക്കുമ്പോള്‍ അവളെ അയാള്‍ക്ക് രക്ഷിക്കണം എന്ന് തോന്നുന്നതും, യാത്രയ്ക്കിടയില്‍ തന്നെ അവളെ കല്യാണം കഴിക്കാന്‍ തീരുമാനിക്കുന്നതും… അങ്ങനെ അങ്ങനെ കുറെ രംഗങ്ങള്‍ മനസ്സില്‍ ഡാനിയേല്‍ നോക്കുന്ന ഫിലിമിലെന്ന പോലെ ഞാന്‍ കണ്ടു കൊണ്ടിരുന്നു. പിന്നെ അവള്‍ക്ക് എന്ത് പറ്റിയെന്ന് ആര്‍ക്കും അറിയില്ല. ഏതോ ഒരു ഗ്രാമത്തില്‍ ഒരു കുടിലില്‍ പണ്ടത്തെ പോലെ ഒരു കണ്ണാടിയും വച്ച് അവള്‍ ഒട്ടേറെ തവണ ഇരുന്നിരിക്കണം… സിനിമകൊട്ടകയില്‍ താന്‍ കാണാത്ത തന്റെ മുഖഭാവങ്ങള്‍ തനിക്ക് വേണ്ടി തന്നെ അവള്‍ വീണ്ടും അഭിനയിച്ചിരിക്കണം… അന്നാട്ടില്‍ ഇറങ്ങുന്ന ഓരോ സിനിമ പോസ്റ്ററും കണ്ട് ഒരു തുള്ളി കണ്ണുനീരും ഒരു തുള്ളി അഭിമാനവും കണ്ണുകളില്‍ മാറി മാറി അണിഞ്ഞിരിക്കണം… ചെമ്മീന്‍ എന്ന മലയാള സിനിമയ്ക്ക് ആദ്യമായി അവാര്‍ഡ്‌ എന്ന് കേട്ടപ്പോള്‍ ഡാനിയേലിന്റെ രണ്ടു വിരലുകള്‍ വികാരഭരിതമായി അനക്കം തെറ്റിച്ചത് പോലെ, അവളും ഏതോ ഇരുട്ടില്‍ അതറിഞ്ഞിരിക്കണം. ഒരിക്കലെങ്കിലും, ഡാനിയേല്‍ തന്‍റെ അടുത്ത സിനിമ തുടങ്ങുന്നുവെന്നും, അതില്‍ നായികയാകണം എന്നും പറഞ്ഞ് വാതിലില്‍ മുട്ടുമെന്ന് വെറുതെ എങ്കിലും അവള്‍ ആശിച്ചിരിക്കണം…

എനിക്കാകാന്‍ ഭാഗ്യമുണ്ടാകാതിരുന്ന അവളുടെ ആ പഴയ കൂട്ടുകാരിയ്ക്ക് അറിയാമായിരുന്നിരിക്കുമോ സിനിമയ്ക്ക് ശേഷമുള്ള റോസമ്മയുടെ ജീവിതം…?