കുറച്ചു ദിവസങ്ങള്‍ മുന്‍പാണ്. ഒരു മുതിര്‍ന്ന സുഹൃത്തിന്റെ കോള്‍. അദ്ദേഹം ഒരു ഡ്രൈവിലാണ്. ഇടയില്‍ കണ്ട ഒരു ദൃശ്യത്തിന്റെ ഞെട്ടല്‍ പങ്കുവയ്ക്കാന്‍ ആണ് എന്നെ വിളിച്ചത്. “കുറച്ച് മുന്‍പ് റോഡില്‍ ഒരു ബ്ലോക്ക്. സ്കൂളും കോളേജും ഒക്കെ വിടുന്ന സമയമാണ്. അങ്ങനെ വെയിറ്റ് ചെയ്യുമ്പോഴാണ് എതിര്‍വശത്ത് ഒരു കാറിന്റെ അടുത്ത് വിദ്യാര്‍ഥിനികള്‍ ഒരു അമ്പരപ്പോടെ കൂട്ടം കൂടുന്നതും കാറിലേക്ക് എത്തിനോക്കുന്നതും കണ്ടത്. എന്താണ് കാര്യമെന്നറിയാന്‍ ഞാന്‍ ഒന്ന് നീട്ടി നോക്കി. അപ്പോള്‍ ആ കാറിന്റെ പിന്നിലെ ഡോര്‍ തുറന്ന് ഒരു സ്ത്രീ ഇറങ്ങി. സൂക്ഷിച്ചു നോക്കിയപ്പോള്‍ സരിത നായര്‍! അവര്‍ ഇറങ്ങിയതും എല്ലാവരും കയ്യില്‍ കിട്ടിയ ക്യാമറ എടുത്ത് ഫോട്ടോ എടുപ്പ് തുടങ്ങി. പഠിച്ചു വളരുന്നു എന്ന് നമ്മള് വിചാരിക്കുന്ന വിദ്യാര്‍ഥിനികള്‍ സരിത നായരുടെ ചുറ്റും നിന്ന് പൊട്ടിച്ചിരിക്കുന്നു, സംസാരിക്കുന്നു, ഫോട്ടോ എടുക്കുന്നു, ഓട്ടോഗ്രാഫ് മേടിക്കുന്നു. ഇവരുടെ റോള്‍ മോഡല്‍ ആണോ ഈ സരിത നായര്‍? സരിതയെ പോലെ ആവാന്‍ ആണോ ഇവര്‍ പഠിക്കുന്നത്?” ആ ചോദ്യം ചോദിക്കുമ്പോള്‍ ആ ശബ്ദത്തില്‍ വളരെ ആഴത്തില്‍ ഉള്ള ഒരു മുറിവിന്റെ വേദന പ്രകടമായിരുന്നു. “നീ ‘ഞാന്‍ മലാല’ വായിച്ചോ?” “ഉവ്വ്.” “സരിതയുടെ വീഡിയോ കണ്ടവരില്‍ പകുതി പേരെങ്കിലും മലാല മലാല എന്ന് പറയുന്നതല്ലാതെ ആ പുസ്തകം വായിച്ചു കാണുമോ?” (നിശബ്ദത). “റെയ്ഹാന ജബ്ബാരി എന്ന ഇറാനി പെണ്‍കുട്ടി അവസാനമായി അമ്മയ്ക്ക് എഴുതിയ കത്ത് നീ വായിച്ചോ?” “ഇല്ല.” “ഞാന്‍ അയച്ചു തരാം. അത് വായിച്ചിട്ട് അന്ന് രാത്രി ഞാന്‍ ഉറങ്ങിയില്ല. അത്തരം കുട്ടികള്‍ ഒക്കെയല്ലേ ഈ വിദ്യാര്‍ഥിനികളെ സ്വാധീനിക്കേണ്ടത്? സരിതയെ കണ്ടപ്പോള്‍ ഉണ്ടായിരുന്ന ആ വിദ്യാര്‍ഥിനികളുടെ മുഖത്തെ ആ വിടര്‍ന്ന ഭാവങ്ങള്‍ സത്യത്തില്‍ സരിതയ്ക്കാണോ അവര്‍ കൊടുക്കേണ്ടത്? നാണക്കേട് തോന്നുന്നു. പറയാന്‍ പറ്റാത്ത ഒരു വേദനയും.” ആ വേദന സത്യമാണ് എന്ന് അദ്ദേഹത്തിന്റെ ഇടറുന്ന ശബ്ദം തന്നെ വെളിവാക്കുന്നുണ്ടായിരുന്നു. അധികം പറയാതെ ഫോണ്‍ വച്ചു. നിന്ന നില്പ്പില് നിന്ന് അനങ്ങാതെ ആ ദൃശ്യങ്ങള്‍ മനസ്സില്‍ സങ്കല്‍പ്പിച്ച് കുറച്ച് നേരം ചിന്തിച്ചു നിന്നു. അതെ, അദ്ദേഹത്തെ പോലെ ഒരാള്‍ക്ക് അത്തരം വികാരങ്ങള്‍ ഇതിനോട് തോന്നുന്നതില്‍ തെല്ലും അതിശയോക്തി ഇല്ല. കേട്ടിട്ട് എനിക്കും എന്തോ ഒരു അറപ്പ് പോലെ തോന്നി എന്നത് മറച്ചുവയ്ക്കുന്നില്ല. ഉടനെ തന്നെ വാട്സാപ്പില്‍ അദ്ദേഹത്തിന്റെ ആ ഫോര്‍വേഡ് മെസേജ് വന്നു. റെയ്ഹാന ജബ്ബാരി എന്ന ഇറാനി പെണ്‍കുട്ടി വധശിക്ഷ നേരിടുന്നതിനു മുന്‍പ് അവളുടെ അമ്മയ്ക്ക് അയച്ച ധീരമായ, മാതൃകാപരമായ കത്ത്. ഒരിക്കല്‍ അല്ല, പലവട്ടം ഞാന്‍ അത് വായിച്ചു. പിന്നെ നേരെ വന്ന് അവളുടെ പേര് ടൈപ്പ് ചെയ്തു കിട്ടിയ ഓരോ ലിങ്കിലും ക്ലിക്ക് ചെയ്ത് അവളെ കുറിച്ച് ഒരു ആവേശം പോലെ, ആവുന്നത്ര വായിച്ചു. വായിക്കും തോറും അവളെന്നെ സ്വന്തമാക്കി കൊണ്ടിരുന്നു. കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ഞാന്‍ അറിയുമ്പോഴോക്കെ, കണ്ണുനീര് അവള്‍ക്കിഷ്ടമല്ല എന്നതോര്‍ത്ത് കണ്ണുകള്‍ തുടച്ചു. റെയ്ഹാന ജബ്ബാരി… അന്ന് പത്തൊന്‍പതു വയസ്സുള്ള അവള് ഇറാനിലെ ഒരു ഇന്റീരിയര്‍ ഡിസൈനര്‍ ആയിരുന്നു. 2007 ഇല്, ഒരു ദിവസം ഒരു കഫെയില്‍ ഇരുന്നു ഫോണില്‍ തന്റെ ഒരു ബിസിനസ് ഡീലിനെ കുറിച്ച് അവള് സംസാരിച്ചുകൊണ്ടിരുന്നു. അവളുടെ അടുത്തെവിടെയോ ഇരുന്ന മോര്‍ട്ടെസ അബ്ദോലലി സര്‍ബന്ദി എന്ന വ്യക്തി ഇത് ശ്രദ്ധിച്ചുകൊണ്ടിരുന്നു. സര്‍ബന്ദി ഇറാന് ഇന്റലിജന്‍സ് മന്ത്രാലയത്തിലെ ഒരു മുന്‍ഉദ്യോഗസ്ഥന്‍ ആയിരുന്നു. അയാള്‍ അവളുടെ അടുത്തു ചെന്ന് തന്റെ ഓഫീസിന്റെ ഇന്റീരിയര്‍ പുതുക്കാന്‍ വേണ്ടി ഒരു പ്രൊഫഷനല്‍ സഹായം അവളോട് ചോദിച്ചു. തന്റെ ബിസിനസിന്റെ ഭാഗമായി അവള് ആ ജോലി ഏറ്റെടുത്തു. ഇതിനു വേണ്ടി അയാളുടെ ഓഫീസില്‍ ഒരു ബിസിനസ് മീറ്റ് നടത്തേണ്ടുന്ന തിയതി അവര്‍ പ്ലാന്‍ ചെയ്തു പിരിഞ്ഞു. മീറ്റിംഗ് ദിവസം സര്‍ബന്ദി തന്റെ കാറില്‍ റെയ്ഹാനയെ പിക്ക് അപ്പ് ചെയ്തു. പോകുന്ന വഴിയില്‍ ഒരു ഫാര്‍മസിയുടെ അടുത്ത് അയാള്‍ കാര്‍ നിര്‍ത്തി എന്തോ വാങ്ങി, യാത്ര തുടര്‍ന്നു. ഒടുവില്‍ സ്ഥലം എത്തി അകത്തു കയറിയപ്പോള്‍ റെയ്ഹാനയ്ക്ക് അതൊരു ഓഫീസായി തോന്നിയില്ല. പകരം അത് ഒരു വീടാണെന്ന് അവള്‍ക്കു മനസ്സിലായി. മുന്നിലെ മേശയില്‍ രണ്ടു ഡ്രിങ്ക്സ് ഇരിക്കുന്നത് കാണാമായിരുന്നു. അവളുടെ സംശയകരമായ നോട്ടം കണ്ടിട്ടോ മറ്റോ, സര്‍ബന്ദി അതിവേഗത്തില്‍ പുറത്തേക്കുള്ള വാതില്‍ അകത്തു നിന്ന് പൂട്ടി. റെയ്ഹാനയുടെ അടുത്തു വന്നു അവളുടെ അരയ്ക്കു ചുറ്റും കൈ മുറുകെ പിടിച്ച്, “ഇവിടെ നിന്ന് നിനക്ക് രക്ഷയില്ല” എന്ന് പറഞ്ഞു. രക്ഷപ്പെടാന്‍ അവള് കുതറി. അയാള്‍ കൂടുതല്‍ ബലമായി പിടിച്ചു. ആ മല്‍പ്പിടിത്തത്തില്‍ അവള് തന്റെ കയ്യില്‍ ഉണ്ടായിരുന്ന കത്തി കൊണ്ട് അയാളെ തോളില്‍ ശക്തമായി കുത്തിയതിനു ശേഷം ഓടി രക്ഷപ്പെട്ടു. അയാള്‍ ചോര വാര്‍ന്ന് മരിച്ചു. അവള് അറസ്റ്റില്‍ ആയി. ലാബ് പരിശോധനയില്‍ ആ മേശയില്‍ ഇരുന്ന, അവള്‍ക്ക് കൊടുക്കാന്‍ വച്ച ഡ്രിങ്കില്‍ സെടെറ്റീവ് കലര്‍ത്തിയിരുന്നു എന്ന് തെളിഞ്ഞു. പക്ഷെ അധികാരികള്‍, പോലീസ്, കോടതി എല്ലാവരും അവള്‍ക്കെതിരെ ആയിരുന്നു. അത് കൃത്യമായ മുന്നൊരുക്കങ്ങളോടെ നടന്ന രാഷ്ട്രീയ പ്രേരിതമായ കൊലപാതകം ആണെന്ന് അവള്‍ക്കെതിരെ വാദിക്കപ്പെട്ടു. ജയിലില്‍ കൊലപാതകം ഏറ്റു പറയാന്‍ വേണ്ടി അവള്‍ക്ക് ക്രൂരമായ ദേഹോപദ്രവങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നു. വാദങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ട സര്‍ബന്ദിയുടെ വീട്ടുകാര്‍ അവള്‍ക്ക് വധശിക്ഷ തന്നെ നല്‍കണം എന്ന് ശക്തമായി വാദിച്ചു. എത്ര ആവര്‍ത്തി പറഞ്ഞിട്ടും, അവള് സ്വയരക്ഷയ്ക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് തെളിയിക്കാന്‍ ആകാതെ, അവിടുത്തെ കോടതി അവള്‍ക്ക് 2009 ഇല് വധശിക്ഷ വിധിച്ചു. പ്രതിഷേധങ്ങള്‍ ആഞ്ഞടിച്ചു. സാധാരണക്കാരും രാഷ്ട്രത്തലവന്മാരും ഒരുപോലെ ഈ വിധിയെ രൂക്ഷമായി എതിര്‍ത്തു. ഹസ്സന് റൂഹാനി എന്ന ഇസ്ലാമിക് റിപബ്ലിക്കിന്റെ പ്രസിഡന്റ് വധശിക്ഷയെ എതിര്‍ത്തു കൊണ്ടുള്ള അന്താരാഷ്ട്ര ഇടപെടലുകളെ പ്രതിരോധിച്ചു നിന്നു. വധശിക്ഷ വിധിച്ചതിനു ശേഷം ഒരു പ്രതിയ്ക്ക് രക്ഷപ്പെടാന്‍ ഉള്ള ഏക പോംവഴി കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ മാപ്പാണ്. അത് തെല്ലും സര്‍ബന്ദിയുടെ വീട്ടുകാര്‍ കൊടുത്തില്ലെന്ന് മാത്രമല്ല, ആ വധശിക്ഷ നടക്കുവാന്‍ വേണ്ടി അവര്‍ മുന്നിട്ടിറങ്ങുകയും ചെയ്തു. അമ്നെസ്റ്റി ഇന്റര്‍നാഷണല്‍, യുനൈറ്റഡ് നേഷന്‍സ്, യൂറോപ്യന്‍ യൂണിയന്, ഗെയ്റ്റ്സ്റ്റോണ് ഇന്‍സ്റ്റിട്ട്യൂട്ട് എന്നിവയടക്കം പ്രതിഷേധിക്കുകയും, വധശിക്ഷ നിര്‍ത്തിവയ്ക്കാന്‍ ഉള്ള ഒരു അന്താരാഷ്ട്ര കാമ്പെയിന് കുറഞ്ഞ സമയത്തിനുള്ളില്‍ ഇരുപതിനായിരം കയ്യൊപ്പുകള്‍ നേടുകയും ചെയ്തതോടെ ഇറാന് ഒന്ന് അയഞ്ഞു. അവളുടെ വധശിക്ഷ ഏപ്രിലില്‍ നിന്ന് മാറ്റിവച്ചു. പ്രതീക്ഷകള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു. അവള്‍ക്കു വേണ്ടി കൂടുതല്‍ ജനങ്ങളും രാഷ്ട്രങ്ങളും രംഗത്തെത്തി. സെപ്റ്റംബര്‍ 29, 2014 ഇല് അവളുടെ വധശിക്ഷ നടപ്പാക്കുന്നതിനെ കുറിച്ച് ഊഹാപോഹങ്ങള്‍ ഉണ്ടായത് ഒക്ടോബറില്‍ തുടര്‍ന്നു. തീവ്ര ശ്രമങ്ങള്‍ക്കൊടുവിലും സര്‍ബന്ദിയുടെ കുടുംബത്തിന്റെ മാപ്പ് നേടാന്‍ റെയ്ഹാനയ്ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന്, ലോകത്തെ മുഴുവനും ഞെട്ടിച്ചു കൊണ്ട്, ഒക്ടോബര്‍ 25ന് അതിരാവിലെ ഗോഹര്ദശ്ത് ജയിലില്‍ വച്ച് ഇരുപത്തിയാറുകാരിയായ അവളെ വിധിപ്രകാരം തൂക്കിലേറ്റി. അവളുടെ സംസ്കാരചടങ്ങിന് അവളുടെ ഉമ്മയായ ഷോലെ നിലവിളിക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. “സര്ബന്ദീ നിനക്ക് മാപ്പില്ല” എന്ന് ഉച്ചത്തില്‍ ഷോലെയുടെ ശബ്ദത്തില്‍ നിര്‍ത്താതെ ഉയര്‍ന്നു. “പെണ്‍കുട്ടികളെ, നിങ്ങളെ റേപ്പ് ചെയ്യാന്‍ ആരെങ്കിലും വന്നാല്‍, അയാള്‍ അത് ചെയ്യട്ടെ. അതിനെ ചെറുക്കരുത്!” എന്നും ഷോലെ ഇടയില്‍ പറയുന്നത് കേള്‍ക്കാം. റെയ്ഹാന തന്റെ ഉമ്മ ഷോലെയ്ക്ക് വേണ്ടി റിക്കോര്‍ഡ് ചെയ്ത ശബ്ദസന്ദേശം പിന്നീട് പുറത്തു വന്നു. അതിന്റെ വിവര്‍ത്തനം ചെയ്ത ടെക്സ്റ്റ് ഇതാണ്: പ്രിയപ്പെട്ട ഷോലേ, ഇന്ന് ഞാന്‍ മനസ്സിലാക്കുന്നു, ഖിസാസ് ഹമം(നിയമം)അനുസരിക്കേണ്ട സമയം എനിക്ക് വന്നിരിക്കുന്നു. എന്റെ ജീവിതത്തിന്റെഅവസാന പേജിലാണ് ഞാന്‍. അത് ഉമ്മ മനസ്സിലൊതുക്കി എന്നോട് പറയാതിരിക്കുകയാണെന്നറിയുന്നതില് എനിക്ക് വിഷമമുണ്ട്. എന്തുകൊണ്ടാണ് അവസാനമായി എന്നെ കാണാനും എനിക്ക് കയ്യില്‍ ചുംബിക്കാനുംഎന്റെ മാതാപിതാക്കള്‍ വരാത്തത്? ഈ ലോകത്ത് എനിക്ക് 19 വയസ്സ് വരെ ജീവിക്കാനുള്ള അവകാശമേ ഉണ്ടായിരുന്നുള്ളൂ. ആ രാത്രിയില്‍ തന്നെ ഞാന്‍ മരിക്കേണ്ടിയിരുന്നു. ഈ നഗരത്തിന്റെ ഒരു കോണില്‍ എന്റെ മൃതദേഹം കാണേണ്ടി വന്നേനെ. ദിവസങ്ങള്‍ക്കുശേഷം ജഡം തിരിച്ചറിയാന്‍ പോലീസ് നിങ്ങളെ വിളിപ്പിക്കുകയും ചെയ്യുമായിരുന്നു. അപ്പോള്‍ ഞാന്‍ ബലാത്സംഗം ചെയ്യപ്പെട്ട വിവരവും നിങ്ങള്‍ തിരിച്ചറിയുമായിരുന്നു. കൊലപാതികകളുടെ അത്രയും ധനം നമുക്കില്ലാത്തതിനാല്‍ യഥാര്‍ത്ഥ കൊലയാളികള്‍ ഒരിക്കലും പുറത്തുവരില്ല. ഈ അപമാനം സഹിച്ചു നിങ്ങള്‍ക്ക് ശിഷ്ടകാലം തള്ളിനീക്കേണ്ടിവരികയും വേദനിച്ച് മരിക്കുകയും ചെയ്യേണ്ടി വരുമായിരുന്നു. പക്ഷെ തെരുവില്‍ കീറിവലിച്ചെറിയപ്പെടാഞ്ഞതിനു പകരമായി അവരെന്നെ എവിന്‍ ജയില്‍ എന്ന ശവക്കല്ലറയിലേക്ക് തള്ളി.അതിലെ ഏകാന്ത തടവറയും പിന്നെ ഇപ്പോള്‍ മറ്റൊരു ശവക്കല്ലറയായ ശഹ്റെരേയിലെക്കും. അത് വിധിയാണെന്ന് കരുതി പരാതിപ്പെടാതിരിക്കുക. ഉമ്മയ്ക്ക് എന്നെക്കാള്‍ നന്നായറിയാം, മരണം ഒരിക്കലും ജീവിതത്തിന്റെ അവസാനമേ അല്ല. ഓരോരുത്തരും ഈ ലോകത്തേക്ക് കടന്നുവരുന്നത് അനുഭവങ്ങള്‍ നേടാനാണെന്നും പാഠങ്ങള്‍ പഠിക്കാനാണെന്നും ഉമ്മ എന്നെ പഠിപ്പിച്ചു. ഓരോ ജന്മത്തിലും ഓരോ ഉത്തരവാദിത്തം നാം ഏല്ക്കുന്നു. ചിലപ്പോള്‍ പോരാടേണ്ടിവരുന്നു എന്ന് ഞാന്‍ പഠിച്ചു. ഒരു മൂല്യം സ്ഥാപിക്കാന്‍ വേണ്ടി മരിക്കുമെങ്കിലും സഹിക്കുകയും പോരാടുകയും വേണം എന്ന് ഉമ്മ പണ്ട് എന്നോട് പറഞ്ഞിട്ടുണ്ട്. സ്കൂളില്‍ പോയാല്‍ വഴക്കുകള്‍ക്ക് മുന്നിലും മാന്യയായ ഒരു സ്ത്രീയായി പെരുമാറണമെന്ന് ഉമ്മ ഞങ്ങളെ പഠിപ്പിച്ചു. ഞങ്ങളുടെ പെരുമാറ്റങ്ങളില്‍ ഉമ്മ എത്രത്തോളം ശ്രദ്ധാലു ആയിരുന്നു എന്ന് ഓര്‍ക്കുന്നുണ്ടോ? ഉമ്മയുടെ അനുഭവങ്ങള്‍ തെറ്റായിരുന്നു. ഈ സംഭവം നടന്നത് മുതല്‍, ഞാന്‍ പഠിച്ചതൊന്നും എന്നെ തുണച്ചില്ല. കണ്ണില്‍ച്ചോരയില്ലാതെ ഒരു കുറ്റവാളിയെയും കൊടുംകൊലപാതകിയെയും പോലെയാണ് എന്നെ കോടതിയില്‍ നിര്‍ത്തിയത്. എന്നാല്‍, ഞാനൊരിറ്റു കണ്ണീര് പൊഴിച്ചില്ല. ദയക്കായി യാചിച്ചുമില്ല. നിയമത്തില്‍ ഞാന്‍ വിശ്വസിച്ചിരുന്നു. വാദങ്ങള്‍ക്കിടയില്‍ തെല്ലും ബാധിക്കപ്പെടാതെ ശക്തമായി ഞാന്‍ നിന്നു. ഉമ്മയ്ക്കറിയാം, ഒരു കൊതുകിനെ ഞാന്‍ കൊന്നിട്ടില്ല. പാറ്റയെ കൊല്ലാതെ എടുത്തു കളയുകയായിരുന്നു എന്റെ പതിവ്. പക്ഷെ എന്നെ ക്രൂരയായ കൊലപാതകയായിട്ടാണ് കോടതിയില്‍ ചിത്രീകരിച്ചത്. ഒരാണിന്റെ നീച പ്രവൃത്തിയാണ് എന്റേതെന്നു പറയുമ്പോള്‍ എന്റെ നീണ്ട, പോളിഷ് ചെയ്ത നഖങ്ങളും മൃദുലമായ കൈകളും ആ ജഡ്ജി കണ്ടില്ല. ഇത്തരം ജഡ്ജിമാരില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്ന ഒരാള്‍ എത്ര ശുഭാപ്തിവിശ്വാസക്കാരന്‍ ആയിരിക്കും! നമ്മള് സ്നേഹിച്ചിരുന്ന ഈ രാജ്യത്തിന് എന്നെ വേണ്ടായിരുന്നു.എന്നെ ചോദ്യം ചെയ്തയാള്‍ ക്രൂരമായി മര്‍ദ്ദിക്കുകയുണ്ടായി. ഞാന്‍ വാവിട്ട് കരഞ്ഞപ്പോള്‍ ആരും കാണാനുണ്ടായിരുന്നില്ല. എത്ര അശ്ലീലമായ ഭാഷയാണ് അയാള്‍ എനിക്കു നേരെ പ്രയോഗിച്ചതെന്നറിയുമോ? വിചാരണവേളയില്‍ ഞാന്‍ ക്രൂരമായി ആക്രമിക്കപ്പെടുമ്പോഴും വഷളന്‍ പ്രയോഗങ്ങള്‍ കേട്ട് ഞാന്‍ കരയുമ്പോഴും ഒരാള്‍പോലും തുണയ്ക്കാന്‍ എത്തിയില്ല.ഒടുവില്‍ തല മുണ്ഡനം ചെയ്ത് സൗന്ദര്യത്തോട് വിടപറഞ്ഞ് പതിനൊന്ന് ദിവസം ഏകാന്തതിയില്‍ കഴിയുകയായിരുന്നു ഞാന്‍. പ്രിയപ്പെട്ട ഷോലെ, ഇനി കേള്‍ക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടി കരയരുത്. ആദ്യ ദിവസം തന്നെ പോലീസുകാരിലൊരാള്‍ എന്റെ സുന്ദരമായ നഖങ്ങള്‍ കണ്ട് എന്നെ വേദനിപ്പിച്ചു. സൗന്ദര്യത്തിന് ഈ ലോകത്ത് സ്ഥാനം ഇല്ലെന്ന് എനിക്ക് മനസ്സിലായി.ബാഹ്യസൌന്ദര്യമോ, ചിന്തകളുടെയും ആഗ്രഹങ്ങളുടെയും കയ്യെഴുത്തിന്റെയും, കണ്ണിന്റെയും കാഴ്ച്ചപ്പാടുകളുടെയും ശബ്ദത്തിന്റെയും സൗന്ദര്യമോ ഒന്നും ഈ ലോകത്തിന് വേണ്ട. എന്റെ പ്രിയപ്പെട്ട ഉമ്മ മനസിലാക്കണം, എന്റെ ആദര്‍ശങ്ങളെല്ലാം മാറിപ്പോയെന്ന്. ഉമ്മയല്ല അതിന് ഉത്തരവാദി. എന്റെ വാക്കുകള്‍ അവസാനിക്കുന്നില്ല. അതെല്ലാം ഞാന്‍ ഉമ്മയിലേക്കെത്താന് വേണ്ടി ഒരാള്‍ക്ക് കൊടുത്ത് ഏല്‍പ്പിച്ചിട്ടുണ്ട്. ഉമ്മയുടെ അറിവോ സാന്നിധ്യമോ ഇല്ലാതെ ഞാന്‍ വധിക്കപ്പെട്ടാല്‍ അവ ഉമ്മയ്ക്ക് ലഭിക്കും.എന്റെതായി എന്റെ കൈപ്പടയില്‍ ഉമ്മയ്ക്ക് ഞാന്‍ അവശേഷിപ്പിക്കുന്നത് അതാണ്. മരിക്കുന്നതിനുമുമ്പ് എനിക്ക് ഉമ്മയോട് ഒരു കാര്യം ആവശ്യപ്പെടാനുണ്ട്. അത് ഉമ്മയുടെ എല്ലാ കഴിവും ശക്തിയും ഉപയോഗിച്ച് എനിക്ക് വേണ്ടി ചെയ്തു തരണം. ഉമ്മയില്‍നിന്നും ഈ രാജ്യത്തുനിന്നും ഈ ലോകത്തുനിന്നും അതു മാത്രമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യം നിറവേറ്റാന്‍ ഉമ്മയ്ക്ക് സമയം വേണമെന്നറിയാം. അതിനാല്‍ എന്റെ വില്പത്രത്തിന്റെ ഒരു ഭാഗം ഉമ്മയെ അറിയിക്കുകയാണ്. കരയാതെ, ഞാന്‍ പറയുന്നത് ശ്രദ്ധിക്കുക. കോടതിയില്‍ പോയി എന്റെ ഈ അപേക്ഷ അവരെ ബോധിപ്പിക്കണം. ജയിലിനകത്തുനിന്ന് ഒരു കത്തെഴുതി കോടതിയിലേക്ക് അയക്കാന്‍ ജയില്‍മേധാവി അനുവദിക്കുകയില്ല. അതിനാല്‍ എനിക്ക് വേണ്ടി ഇക്കാര്യം ചെയ്യുവാന്‍ ഉമ്മ പരിശ്രമിക്കണം. അതിനു വേണ്ടി ഉമ്മ എത്ര യാചിച്ചാലും ഞാന്‍ നിരാശയാകില്ല. പക്ഷേ പല തവണ ഞാന്‍ പറഞ്ഞിരുന്നു, ഒരിക്കലും എന്റെ ജീവനുവേണ്ടി ഉമ്മ യാചിക്കരുത്. എന്റെ പ്രിയപ്പെട്ട ഷോലെ, എന്റെ ജീവനേക്കാള്‍ എന്റെ പ്രിയപ്പെട്ട ഉമ്മ എനിക്ക് വേണ്ടി ചെയ്യേണ്ടത് ഇതാണ്. എന്റെ ശരീരം മണ്ണിനടിയില്‍ കിടന്ന് ജീര്‍ണിക്കാന്‍ എനിക്കിഷ്ടമല്ല. എന്റെ കണ്ണുകളും യൌവനമുള്ള ഹൃദയവും മണ്ണോടു മണ്ണായി മാറാന്‍ അനുവദിക്കരുത്. എന്റെ ഹൃദയവും വൃക്കകളും കണ്ണുകളും എല്ലുകളും എന്നു മാത്രമല്ല, എന്തൊക്കെ മാറ്റിവയ്ക്കാമോ അതെല്ലാം ദാനം ചെയ്യണം, അത് ഒരു സമ്മാനമായി ആവശ്യമുള്ളവര്‍ക്ക് കൊടുക്കണം.ഞാനാണ് അത് ദാനം ചെയ്തതെന്ന് സ്വീകരിക്കുന്നവര്‍ അറിയരുത്. അവര്‍ എനിക്കുവേണ്ടി പൂച്ചെണ്ടുകള്‍ അര്‍പ്പിക്കരുത്, പ്രാര്‍ത്ഥിക്കുകപോലും ചെയ്യരുത്. എന്റെ ഹൃദയത്തില്‍ തട്ടി ഞാന്‍ പറയുകയാണ്, ഉമ്മയ്ക്ക് വന്നിരുന്ന് പ്രാര്‍ത്ഥിക്കാനോ കരയാനോ ഒരു കല്ലറ പോലും എനിക്കുവേണ്ടി കരുതരുത്. ഉമ്മ എനിക്ക് വേണ്ടി കറുത്ത വസ്ത്രം പോലും ധരിക്കരുത്. എന്റെ ദുരിതദിനങ്ങള്‍ മറക്കാന്‍ ഉമ്മ ആവുന്നതെല്ലാം ചെയ്യണം. എന്നെ കാറ്റിനു സമര്‍പ്പിക്കുക. ഈ ലോകം നമ്മളെ സ്നേഹിച്ചില്ല. ഈ ലോകത്തിന് എന്റെ ജീവിതം വേണ്ടായിരുന്നു. ഇപ്പോള്‍ അത് ഞാന്‍ ത്യജിച്ച് മരണത്തെ പുല്കുന്നു.ദൈവത്തിന്റെ കോടതിയില്‍ ഞാന്‍ ഈ പൊലീസുകാരെയും ജഡ്ജിമാരെയുമെല്ലാം പ്രതികളാക്കും. എന്നെ പീഡിപ്പിക്കാന്‍ മടിക്കാതിരുന്ന, എന്നെ മര്‍ദ്ദിച്ച എല്ലാ അധികാരികളെയും, ശാംലോ, ഡോക്ടര്‍ ഫര്വന്ദി, കാസിം ഷബാനി...അങ്ങനെ എല്ലാവരെയും ഞാന്‍ ദൈവത്തിന്റെ കോടതിയില്‍ പ്രതികളാക്കും. അവരുടെ അറിവുകേടുകൊണ്ടോ അവരുടെ നുണകളാലോ എന്നെ തെറ്റുകാരി ആക്കി, എന്റെ അവകാശങ്ങള്‍ ചൂഴ്ന്നെടുത്ത് എന്നെ വധിക്കുന്നവര്‍ ഓര്‍ക്കുന്നില്ല, ചിലപ്പോള്‍ യാഥാര്‍ത്ഥ്യമായി കാണുന്നത് അതില്‍ നിന്ന് വളരെ അകലെ ആകും എന്ന്. ദൈവത്തിന്റെ ആ കോടതിയില്‍ വിധി പറയുന്നവര്‍ എന്റെ ഹൃദയാലുവായ അമ്മയും ഞാനുമായിരിക്കും. എല്ലാം ദൈവം നിശ്ചയിക്കട്ടെ. മരിക്കുന്നതുവരെ ഉമ്മയെ ആലിംഗനം ചെയ്യണമെന്ന് വല്ലാതെ ആഗ്രഹിച്ചു പോവുന്നു. എന്റെ ഉമ്മയെ ഞാന്‍ അത്രയ്ക്ക് ഇഷ്ടപ്പെടുന്നു... റെയ്ഹാന. ഏപ്രില്‍ ഒന്ന്, 2014. ഭാഷ അറിയാഞ്ഞിട്ടു പോലും, അവളുടെ ശബ്ദസന്ദേശം പല ആവര്‍ത്തി ഞാന്‍ പ്ലേ ചെയ്തു. അവള് പറയുന്നതിനപ്പുറം ഞാന്‍ പലതും കേട്ടുകൊണ്ടിരുന്നു. ആരെയെന്നറിയാതെ ശപിക്കുകയും, തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും അവളെ ഒരിക്കല്‍ കാണണം എന്ന് ആഗ്രഹിക്കുകയും ചെയ്തു. അവളെ കുറിച്ച് എഴുതാന്‍ രണ്ടു ദിവസമായി പല തവണ ശ്രമിച്ചു. പക്ഷെ എഴുതാന്‍ ഇരുന്നു കുറച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ മനസ്സില്‍ ഒരു പിടപ്പ് അനുഭവപ്പെട്ട് നിര്‍ത്തി വയ്ക്കുകയാണ് ഉണ്ടായത്. റെയ്ഹാന്, നിന്നെ വായിക്കും തോറും, നിന്നെ ഓര്‍ക്കും തോറും, എന്റെ ഹൃദയത്തില്‍ നീ ഉണ്ടാക്കി, വലുതാക്കുന്ന ഒരു മുറിവുണ്ട്. അത് ഉണങ്ങരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ഹൃദയത്തിന്റെ ഓരോ സ്പന്ദനവും നിന്നെക്കുറിച്ച് ഓര്‍മിപ്പിക്കുന്നത്ര എന്റെ അരികിലുണ്ടാവണം നീ. നിനക്ക് വിട. ഉമ്മ ഷോലെയ്ക്ക് വേണ്ടി റെയ്ഹാനയുടെ അവസാന ഓഡിയോ സന്ദേശം. (പേര്‍ഷ്യന്‍ ഭാഷ)