Jyothy Sreedhar

മഴയുണ്ടാകണം

ഓരോ ഋതുവിലും മഴയുണ്ടാകണം. ഒളിഞ്ഞും തെളിഞ്ഞും പെയ്തു തിമിര്‍ക്കുന്ന പ്രണയകാവ്യങ്ങള്‍ പോലെ, ഓരോ ഋതുവിലും മഴയുണ്ടാകണം.

വസന്തത്തിലെ പുഞ്ചിരികളില്‍ ഇനിയും നിദ്ര വിടാത്ത അലസമായ ജലകണമുണ്ടാകണം, അതില്‍ ഒരു പ്രിയമുഖവും തെളിയണം. രാത്രിമഴയുടെ സംഗീതത്തിനൊടുവില്‍ എന്‍റെ ചുണ്ടിലെ മൂളലായ് അവശേഷിക്കുന്ന ഒരു പ്രിയശബ്ദം. മഴ പെയ്തുതോര്‍ന്നാല്‍, ഒരു പനിനീര്‍പ്പൂവ് കുടഞ്ഞാല്‍, കവിളില്‍ തെറിയ്ക്കുന്ന വെള്ളത്തുള്ളികളുണ്ടാവണം. അതില്‍, ഇന്നലെ പെയ്ത മഴയുടെ സുഗന്ധവും വേണം. നിന്നോളം എന്നെ സ്വന്തമാക്കുന്ന സുഗന്ധം. കൊടിയ ഗ്രീഷ്മങ്ങളില്‍ താപപര്‍വ്വങ്ങള്‍ ഉണ്ടാകണം. നിനക്കായ് ഞാന്‍ ദാഹിക്കണം. ദേഹം കത്തിയെരിഞ്ഞ്‌, ദാഹം ഉമിനീര്‍ വിഴുങ്ങിയ കൊടിയ ഗ്രീഷ്മങ്ങള്‍. ഒടുവില്‍, മേഘങ്ങളിലെ ആദ്യ ചോര്‍ച്ചയില്‍ ഒരു തുള്ളി ഊര്‍ന്നിറങ്ങണം. കണ്‍പോളയിലൊരു ചിമ്മലില്‍ മഴ സ്പര്‍ശിക്കണം. പിന്നെ, മനസ്സ് കുളിര്‍ന്ന്‍ പ്രണയത്തോട് ചേരും വരെ പെയ്തു പെയ്തിറങ്ങണം. നിന്‍റെ മൃദുഭാഷ്യം പോലെ... ഒടുവില്‍, ഋതുക്കളുടെ വാര്‍ധക്യത്തില്‍, മഴയുടെ ബാല്യമുണ്ടാകണം. ഇലകള്‍ കൊഴിഞ്ഞ ശിഖരങ്ങളില്‍ കളിക്കൊഞ്ചലുകളൊരുക്കി, ആദ്യം നനച്ച്, പിന്നെ നാഡികളിലൂടെ ജീവന്‍റെ തുടിപ്പായി ഒഴുകണം. ശരത്തില്‍, ശിശിരത്തില്‍, സ്വയം പുണരുന്ന തണുപ്പിലും മനസ്സില്‍ മഴയുണ്ടാകണം. ഒളിഞ്ഞും തെളിഞ്ഞും പെയ്തു തിമിര്‍ക്കുന്ന പ്രണയകാവ്യങ്ങള്‍ പോലെ, ഓരോ ഋതുവിലും മഴയുണ്ടാകണം. കാലം തെറ്റിയും, എന്നില്‍ പെയ്ത്, നനച്ചൊഴുകുന്ന, എന്നിലേക്ക് ശ്വാസമൂതി പുനര്‍ജ്ജീവനമേകുന്ന, എന്നെ കൊഞ്ചിച്ചു പ്രണയിക്കുന്ന, എന്നെ മുറുകെപുണര്‍ന്നു പെയ്തുതിമിര്‍ക്കുന്ന നീയെന്ന മഴയുണ്ടാകണം, ഋതുക്കളില്ലെങ്കിലും.