Jyothy Sreedhar

മലയാളി

“ദേ ദേ... ഒരു മാതിരി മലയാളികളുടെ സ്വഭാവം കാണിക്കരുത്...” നല്ല ഉശിരന്‍ ഡയലോഗ് അല്ലെ...? കേള്‍ക്കുമ്പോള്‍ രോമം ഒക്കെ എഴുന്നേറ്റു നിന്ന് സല്യൂട്ട് അടിക്കും... സുരേഷ് ഗോപിയും മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ യെന്ത്!!! സോറീ, തെറ്റിദ്ധരിക്കരുത്! ആ ഡയലോഗ് പറയുന്നത് അമേരിക്കക്കാരോ, ഉത്തരേന്ത്യക്കാരോ ഒന്നുമല്ല കേട്ടോ! നല്ല പച്ച മലയാളികള്‍ മറ്റു മലയാളികളെ കുറിച്ച് നല്ല വടിവൊത്ത മലയാളത്തില്‍ പറയുന്ന ഡയലോഗ് ആണിത്... ഒന്നോ രണ്ടോ വട്ടം അല്ല, ഇപ്പോള്‍ കുറെ ആയി കണ്ടു തുടങ്ങിയിട്ട്... എന്ത് തോന്നിവാസവും വിളിച്ചു കൂവുന്നതിനെ “സ്വാതന്ത്ര്യം” എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന നമ്മുടെ സ്വന്തം ഫേസ്ബുക്കില്‍, ട്വിറ്ററില്‍, ബ്ലോഗുകളില്‍... ഓരോ തവണ ഈ വരി ആരെങ്കിലും പറയുന്നതായി വായിക്കുമ്പോള്‍ അറിയാതെ ഒരു പാട്ട് കമ്പ്ലീറ്റ്‌ ഫ്ലാറ്റ്‌ ആക്കി ശ്രുതിയൊക്കെ തെറ്റിച്ച് ഞാന്‍ പാടിപ്പോകും... “കേരളമെന്നു കേട്ടാല്‍ തിളയ്ക്കണം ചോര നമുക്ക് ഞെരംബുകളില്‍”... “ഒരുമാതിരി മലയാളി സ്വഭാവം” ഉള്ള ഏതു കവിയാണോ ഇതെഴുതിയത് എന്ന് വരെ ഓര്‍ത്തുപോകും!  കവി ഏതായാലും തീരെ പഴഞ്ചന്‍ ആയിപോയെന്നു വേണം കരുതാന്‍... അതും മലയാളിയുടെ മോസ്റ്റ്‌ മോഡേണ്‍ വെര്‍ഷന്‍ ആയ മല്ലൂ എന്ന ‘വട്ടപ്പേര്’ ഹിറ്റ്‌ ആയി നില്‍ക്കുമ്പോള്‍ ഈ പഴഞ്ചന്‍ കവിതയൊക്കെ ദഹിക്കാന്‍ വല്യ പാടാ! മോഹനെ മോഹൂ എന്നും കുമാരനെ കുമൂ എന്നും ഇന്ത്യക്കാരനെ ഇന്ട്യൂ എന്നുമാണ് ഇത്തരക്കാര്‍ വിളിക്കുക. ശീലമായിപ്പോയിക്കാണും, ഇവര്‍ക്ക് ഈ ‘വട്ടപ്പേര്’ വിളി... ഉത്തരേന്ത്യക്കാര്‍ മദ്രാസികള്‍ എന്ന് ആക്ഷേപപൂര്‍വം നമ്മളെ വിളിക്കുമ്പോള്‍ തിളയ്ക്കുന്ന ചോര എന്തേ ഇവിടെ ഉണ്ടാകാത്തത്? മറ്റൊരു നാട് നമ്മുടെ നാടിനെ ആക്ഷേപിക്കുന്നതിനെക്കാള്‍ എത്രയോ പതിന്മടങ്ങ്‌ തീവ്രമായ കൊലയാണ് നമ്മുടെ നാട്ടുകാര്‍ തന്നെ സ്വന്തം നാടിനെയും സ്വന്തം നാട്ടുകാരെയും പറ്റി ഇങ്ങനെ പറയുമ്പോള്‍ ഉണ്ടാകുന്നത്! എല്ലാ നാട്ടിലും ഉണ്ട് കുറെ നല്ല ആളുകള്‍, കുറെ മോശക്കാരും... ഈ ലോകത്തായാലും, ഇന്ത്യയില്‍ ആയാലും, അമേരിക്കയില്‍ ആയാലും, ദുബായില്‍ ആയാലും, കേരളത്തില്‍ ആയാലും, ഏതു കുടുംബത്തില്‍ ആയാലും... കേരളത്തില്‍ മോശക്കാരെ മാത്രമേ ഇത്തരക്കാര്‍ കാണുന്നുള്ളൂ, അതില്‍ ഒരേ ഒരു നല്ല ആളെ ആ നാട്ടില്‍ ഉള്ളു- അവര്‍ തന്നെ, അവര്‍ മാത്രം... അതല്ലേ അപ്പറഞ്ഞത്തിന്റെ അര്‍ഥം? മറ്റൊരു അര്‍ത്ഥവും എനിക്ക് കാണാന്‍ കഴിയുന്നില്ല. ഇത്തരം പ്രസ്താവനകള്‍ എന്റെ കണ്മുന്നില്‍ തന്നെ എത്രയോ വട്ടം വന്നിട്ടുണ്ട്... അത്തരക്കാരോട് ഞാന്‍ തര്‍ക്കിക്കാറില്ല. “മാനസികപ്രശ്നങ്ങള്‍ ഉള്ളവരോട് നമ്മള്‍ തര്‍ക്കിക്കാന്‍ പോവരുത്” എന്ന് പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്. ഇവരുടെ അത്രയും മാനസിക പ്രശ്നം വേറൊരു മുഴുഭ്രാന്തനും ഉണ്ടാവില്ല എന്നാണ് എനിക്ക് തോന്നുന്നത്. മഞ്ഞക്കണ്ണുള്ളവന് എല്ലാം മഞ്ഞയാണ്... ഇവര്‍ക്ക് കേരളം ഭ്രാന്താലയവും... പുതിയ സിനിമാസെലേബ്രിടികളില്‍ ചിലര്‍ ട്വിറ്ററില്‍ ധാരാളമായി “മല്ലൂ” “മല്ലൂ” എന്നൊക്കെ വിളിക്കുന്നതും, “മല്ലൂസിന്റെ സ്വഭാവത്തെ” കുറിച്ച് മുന്‍പ് പറഞ്ഞ പോലെ വാഴ്ത്തുന്നതും ഒക്കെ കണ്ടിട്ടുണ്ട്... ട്വിറ്ററില്‍ അത്തരം പ്രവണത കുറച്ച് കൂടിപോകുന്നുണ്ട് എന്നൊരു അഭിപ്രായം എനിക്കുണ്ട്. ട്വിറ്ററില്‍ മലയാളികളേക്കാള്‍ മറ്റു ഭാഷക്കാര്‍ വരുമ്പോള്‍ അവരോടുള്ള സംഭാഷണത്തിലാണ് അത്തരം വാക്കുകള്‍ കൂടുതല്‍ കാണുന്നത്. അവര്‍ക്ക് സന്തോഷമായിക്കോട്ടേ എന്ന് വച്ചിട്ടാണോ എന്തോ! അല്ല, മദ്രാസികള്‍ എന്ന വിളി ഏതാണ്ട് ഒന്ന് നിന്നിരിക്കുന്ന അവസ്ഥയാണല്ലോ... വിളി നമ്മളെ ആണല്ലോ... അപ്പൊ നമ്മളായിട്ട് തന്നെ ഒരു ഉദ്ധരിക്കല്‍ അത്യാവശ്യം ആണെന്ന് ഇവര്‍ക്ക് തോന്നിയിട്ടുണ്ടാവും... പിന്നെ ഒരു സ്റ്റൈലും... ‘ഞാന്‍ ഒരു മലയാളി’ എന്ന് പറയുന്നതിനേക്കാള്‍ “ഓ യാ... ഐ ആം എ മല്ലൂ” എന്ന്‍ പറയുന്നത് കുളിര് കോരുന്ന ഒരു വെറൈറ്റി ഐറ്റം ആണല്ലോ! തെറ്റ്പറയാന്‍ പറ്റില്ല... പിന്നെ, ഞാന്‍ നേരത്തെ പറഞ്ഞത് പോലെ... മാനസികപ്രശ്നം.... മിണ്ടാന്‍ നില്‍ക്കണ്ട! ഞാന്‍ വീണ്ടും പറയുന്നു, ഞാന്‍ അവരെ ചീത്ത വിളിച്ചിട്ടില്ല, രണ്ട് ചുട്ട അടി കൊടുക്കാന്‍ പലപ്പോഴും തോന്നിയിട്ടും... അവരെ കളിയാക്കിയിട്ടുമില്ല, ഒന്ന് കുത്തിയിരുന്ന് ഒരു ആക്ഷേപമഹാഭാരതം രചിക്കാന്‍ തോന്നിയിട്ടും... പക്ഷെ മനസ്സ് നിറഞ്ഞ് ഞാന്‍ ഒന്ന് നമസ്കരിക്കുന്നു ആ ഇമ്മിണി ‘വല്ല്യ മനസ്സുകളെ! സമ്മതിച്ചിരിക്കുന്നു അതില്‍ ഓരോരുത്തരെയും! എന്തൊക്കെയായാലും എന്റെ സംശയം മാറുവാന്‍ ദയവായി സഹായിക്കണം:- എന്താണ് ഈ “മലയാളിയുടെ സ്വഭാവം” എന്ന് ഒന്നറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. അറിയുന്നവരോ ഉപയോഗിക്കുന്നവരോ ദയവായി എനിക്ക് നിങ്ങളുടെ അറിവ് പകര്‍ന്നു തരുവാന്‍ അപേക്ഷ...   നന്ദിപൂര്‍വ്വം, സ്നേഹപൂര്‍വ്വം നിര്‍ത്തട്ടെ... നിങ്ങളുടെ സ്വന്തം “മല്ലൂ”, അഥവാ “ഒരു മാതിരി മലയാളിയുടെ സ്വഭാവം ഉള്ളവള്‍”.