Jyothy Sreedhar

മടങ്ങിവരവ്

ഇന്നായിരുന്നു എന്ടെ മടങ്ങിവരവ് - എന്ടെ നാട്ടിലേക്ക്. അവിടെയുള്ള എന്ടെ വീട്ടിലേക്ക്. എന്ടെ കൊച്ചുമുറിയിലേക്ക്. അന്ന്, മൂന്നു മാസങ്ങള്‍ക്ക് മുന്‍പ്, വാതില്‍ കുറ്റിയിട്ടാണ് ഞാന്‍ പോയത്. എന്ടെ അഭാവത്തില്‍, ഓണത്തിന്റെ മുട്ടലില്‍ ആവണം ഞാന്‍ കാണുമ്പോള്‍ വാതില്‍ മലക്കെ തുറന്നിരുന്നു. പുറംലോകം ജനലുകളാല്‍ അടഞ്ഞിരുന്നു. അപ്പുറത്ത് നിന്നു പണ്ടെങ്ങോ കേട്ടു മറന്ന അയല്ശബ്ദങ്ങള്‍. എന്ടെ മുറിയെ എനിക്ക് അപരിചിതമാക്കി വായു നിറയെ പൊടിപടലങ്ങള്‍. എന്ടെ കണ്ണാടിയില്‍, അലമാരയുടെ ചില്ലില്‍, മേശയില്‍, അതിന്‍ മുകളിലെ ഡയറിയില്‍‍ എന്ടെ കയ്യെഴുത്ത് കൊതിച്ച്, പൊടികള്‍ ചുരുള്‍ നിവര്‍ത്തിയ ഒരു എഴുത്ത്പാട. അതില്‍ പണ്ടെഴുതപ്പെട്ട അക്ഷരങ്ങളെ എന്ടെ കണ്ണുകള്‍ വായിക്കാതിരിക്കുന്നു. പഴയ സുഹൃത്തിന്റെ പഴയ പിറന്നാള്‍ സമ്മാനത്തിന്റെ ഉടുപ്പാരോ കട്ടു. നഗ്നയായ പാവ എന്ടെ കണ്ണാടിയില്‍ ചാരി നില്‍ക്കുന്നു. പ്രതിഫലനത്തിന്റെ ദൃഷ്ടി പാവയെ എത്തിനോക്കാന്‍ വിഫലമായ് ശ്രമിക്കുന്നു. അലമാരയ്ക്കുള്ളില്‍ പുസ്തകങ്ങള്‍ മത്സരിച്ചു മുന്നിട്ട് എന്നെ നോക്കുന്നു. എന്ടെ ചിന്തയുടെ സ്പര്‍ശനത്തിനായി മോക്ഷപ്രാപ്തിക്കെന്നപോലെ കാക്കുന്നു. കവിതയും കവിതയില്ലായ്മയും എത്ര ചേക്കേറിയിരിക്കുന്നു അവയ്ക്കുള്ളില്‍. എല്ലാം മറന്ന്, വീണ്ടും ഓര്‍മകളിലേക്ക് ഞാന്‍ മടങ്ങട്ടെ. എന്ടെ സ്വത്തുക്കള്‍ സ്വായത്തമാക്കട്ടെ- ഞാന്‍ ഏറ്റവും മറന്ന എന്ടെ കവിത്വം മുതല്‍, എനിക്കേറ്റവും കൈമോശം വന്ന എന്ടെ കവിത്വം വരെ.