Jyothy Sreedhar

മടക്കം...

ഈ ഋതു അവസാനിക്കുന്നു... മനസ്സില്‍ സ്വന്തം നാടേറ്റി വീര്‍പ്പുമുട്ടിയായിരുന്നു ഇത്തവണ ചെന്നൈയില്‍ നിന്നുള്ള ഓട്ടം... ചെന്നൈ-ആലപ്പീ ട്രെയിനില്‍ ഇരിക്കുമ്പോള്‍, ഓരോ സ്റ്റേഷനിലേക്കുള്ള ദൂരവും ഓരോ രാജ്യത്തേക്കെന്നു തോന്നിപ്പോയി... പല കാരണങ്ങള്‍ കൊണ്ടും ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു യാത്ര. അതിനൊടുക്കം എന്റെ സ്വന്തം ആലുവയില്‍. ചെന്നൈ എന്ന നഗരത്തെ മനസ്സില്‍ നിന്ന് പൂര്‍ണ്ണമായി തട്ടിമാറ്റിയിട്ട് ഒരു അവധിക്കാലത്തിനായി പൂര്‍ണ്ണമായ്‌ ഒരുങ്ങി. വീട്ടിലേക്ക് കയറുമ്പോള്‍ വലത് വശത്തുള്ള പട്ടിക്കൂടിനുള്ളിലേക്ക് എന്റെ ശ്രദ്ധയാകര്‍ഷിച്ച് റൂബിയുടെ ഒരു മുരള്‍ച്ച. ബാഗ്‌ മുറ്റത്ത്‌ തന്നെ വച്ച് അവളുടെ അടുത്തേക്ക് ഞാന്‍ ചെന്നു. പണ്ട് എന്റെ കയ്യില്‍ വളര്‍ന്നു തുടങ്ങിയ അവള്‍ ഇന്ന് തടിച്ചു കൊഴുത്തിരിക്കുന്നു. വലിയ വ്യത്യാസങ്ങള്‍... പക്ഷെ, കൂടിനടുത്തേക്ക് ഞാന്‍ ചെല്ലുംതോറും അവള്‍ കൂടിനു പിന്നിലേക്ക്‌ നടന്നു കൊണ്ടിരുന്നു... ഒരു ചെറിയ പരിഭവം... പിണക്കം... എന്റെ രണ്ടു കൈക്കുള്ളില്‍ അവളുടെ മുഖം ഞാന്‍ എടുത്തപ്പോള്‍ നിറഞ്ഞത് എന്റെ കണ്ണാണ്. അവള്‍ടെ ആ നോട്ടത്തിനുള്ളില്‍ ഒത്തിരി വാക്കുകള്‍ ഉണ്ടായിരുന്നു... ഞാന്‍ എവിടെ പോയെന്നോ, എന്തിനു തിരിച്ചു വന്നെന്നോ, ഇനി എന്ന് പോകുമെന്നോ ഒന്നും അറിയാത്ത എന്റെ പാവം റൂബി. എന്നെ ഓര്‍ക്കുമ്പോള്‍ എന്നെ ഫോണ്‍ ചെയ്യാനോ എനിക്ക് സുഖമാണോ എന്ന് ചോദിക്കാനോ ഒന്നും പറ്റില്ലല്ലോ അവള്‍ക്ക്... പാവം... ഇതൊക്കെ കൊണ്ടാണ് ഞാന്‍ എന്ന് വരുമ്പോഴും എന്റെ വീട്ടില്‍ കയറുന്നതിനു മുന്‍പ് ഞാന്‍ അവളെ കാണുന്നതും തൊടുന്നതും... എന്നെ ഏറ്റവും ഓര്‍ക്കുന്നതും ഓര്‍ത്തു സങ്കടപ്പെടുകയും ചെയ്യുന്നത് അവളായിരിക്കും... വീടിന്നുള്ളിലേക്ക് കയറുമ്പോള്‍ പതിവ് പോലെ എന്നെ വരവേറ്റത് ചന്തുവിന്റെ കള്ളച്ചിരി തന്നെ. ഉള്ളിലേക്ക് കേറിയാല്‍ അവനെക്കാള്‍ ചെറിയ കുട്ടി ഞാനാണ്. അധികം താമസിക്കാതെ എന്റെ വിശേഷം പറച്ചിലും ചന്തുവിന്റെ കൂടെയുള്ള ഡാന്‍സും ഒക്കെ തുടങ്ങി. അതോടെ വീടുണര്‍ന്നു. എന്റെ മുറിയില്‍ പോയി കുറെ നേരം വെറുതെ കണ്ണടച്ച് കിടന്നു... ആ മുറിയുടെ ഗന്ധം, അതിലെ ജീവനുള്ള കാഴ്ചകള്‍, എല്ലാം എന്റെ അടച്ച കണ്ണുകളില്‍ എന്നും ഭദ്രമാണ്. എന്റെ കൃഷ്ണനും അവിടെയുള്ള എല്ലാ ദൈവങ്ങളും ചിരിക്കുംപോലെ തോന്നി. ഒരു ദിവസം അങ്ങനെ വീട്ടില്‍ കഴിച്ചുകൂട്ടിയിട്ട് പിന്നെ കറക്കം തന്നെയായിരുന്നു... ബ്യൂടിഫുള്‍, കാസനോവ... പിന്നെ കൊച്ചിയുടെ ഓരോ പ്രദേശത്തേക്കും ഉള്ള ഡ്രൈവ്. അതില്‍ എന്റെ ജീവിതത്തില്‍ ആദ്യമായ്‌ ഞാന്‍ കണ്ട ഐലന്‍ഡ്. അവിടെ എത്തിയപ്പോള്‍ വല്ലാത്തൊരു നൊസ്റ്റാള്‍ജിയ. ഒരു കപ്പല്‍ നീണ്ടു നിവര്‍ന്ന് കണ്മുന്നില്‍... അതിനെ സാക്ഷിയായി നിര്‍ത്തി കുറെ തീവ്രമായ ഓര്‍മ്മകള്‍... ഒക്ടോപസ് എന്ന ആ കപ്പല്‍ ഹോണ്‍ മുഴക്കി പോകുന്നത് കണ്ടപ്പോള്‍ എന്തോ ഒരു വിഷമം... പിന്നീടും അവിടെ ചെല്ലുമ്പോള്‍ ചില കപ്പലുകള്‍ പോകുകയും ചിലത് വരുകയും ചെയ്യുന്നത് കണ്ടു... അറിയാതെ അവിടെ ഒരു വൈകാരികമായ ബന്ധം സ്ഥാപിക്കപ്പെട്ടു. തിരിച്ചു പോരാന്‍ തോന്നാത്ത എന്തോ അവിടെ ഉണ്ടായിക്കൊണ്ടിരുന്നു... അപ്പോഴും കൊച്ചിയില്‍ അങ്ങോളം ഇങ്ങോളം സഞ്ചരിച്ചിട്ടുള്ള ഞാന്‍ ഐലന്‍ഡ് ആദ്യമായി അന്നാണ് കണ്ടത് എന്നത് ഒരു അത്ഭുതമായി കിടന്നു... പ്രത്യേകിച്ച് കടലിനോടും കപ്പലുകളോടും അപ്പുറത്തെ തീരത്തുള്ള പഴയ ജ്യൂയിഷ്‌ കെട്ടിടങ്ങളോടും ഒക്കെ ഒരു ഗൃഹാതുരത്വം ഉള്ള ബന്ധം ഉണ്ടാവാന്‍ ഏറ്റവും സാധ്യത എനിക്കുള്ളപ്പോള്‍, ആ എനിക്കന്യമായ്‌ ഇത്ര നാളും ആ ഐലന്‍ഡ് നിന്നു എന്നുള്ളത് ഒരു സംഭവം തന്നെ... എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്നുള്ളത് വ്യക്തം. അമ്മയുടെ കാല്‍പ്പാടുകള്‍ ഉറങ്ങി കിടക്കുന്ന ഫോര്‍ട്ട്കൊച്ചിയേക്കാള്‍ എന്നെ വലിച്ചടുപ്പിച്ച ആ ഐലന്‍ഡ്... ഓര്‍മകളില്‍ ആദ്യ സ്ഥാനം അതിനു തന്നെ... പിന്നെ ചേട്ടന്‍റെ വരവ്. അതുകൂടിയായപ്പോള്‍ ഞങ്ങളുടെ വീടിനു കൂടി ജീവന്‍ വച്ച പോലെ... ആകെ ഒരു കോലാഹലം... പണ്ടും അങ്ങനെ ആയിരുന്നു... ഞങ്ങള്‍ ഒക്കെ കല്യാണം കഴിക്കുന്നതിനു മുന്‍പ് അടിയോ ചിരിയോ കളിയാക്കലോ ഒക്കെ ആയി ആ വീട്ടില്‍ ഞങ്ങളുടെ ശബ്ദം ഓടി നടക്കുമായിരുന്നു. എത്ര കുട്ടികള്‍ പിന്നെ അവിടെ പിറന്നാലും അവിടുത്തെ ആദ്യത്തെ ശബ്ദം ജീവനോടെ നിലനില്‍ക്കും, എക്കാലവും... പ്രണവിന്‍റെ ജന്മദിനം ഒരു കുടുംബ ആഘോഷം തന്നെയായിരുന്നു. എല്ലാവരും ഒത്തുകൂടുന്ന അപൂര്‍വമായ ഒരു മുഹൂര്‍ത്തം. ക്യാമറ മിന്നിക്കൊണ്ടേ ഇരുന്നു... മുഴുവന്‍ കുടുംബത്തിന്റെയും ഫോട്ടോകള്‍... ഒരുപക്ഷെ ഞങ്ങളുടെ ജീവിതത്തില്‍ ആദ്യമായിട്ടാണ് അത്തരം ഒന്ന് സംഭവിക്കുന്നത്... അമ്മയുടെയും അച്ഛന്റെയും അടുത്ത് ഞാനും ചേട്ടനും ഇരുന്നപ്പോള്‍ ഞങ്ങള്‍ പണ്ടത്തെ കുട്ടിക്കാലത്തില്‍ നിന്നും ഒട്ടും വലുതായിരുന്നില്ല. ഞങ്ങളുടെ ആദ്യ കുടുംബം... മുഹൂര്‍ത്തങ്ങളെക്കാള്‍ ആ കുടുംബത്തിന്റെ തായ്‌വഴികളെയാണ് ആ ക്യാമറ ഒപ്പിയെടുത്തത്... അതിലേറ്റവും ഞാന്‍ സന്തോഷിച്ചത് ഉമ്മറപ്പടിയിലെ എന്റെ അച്ഛനമ്മമാരെ ഫോട്ടോയില്‍ പകര്‍ത്തിയപ്പോഴായിരുന്നു. ഇത്രയും നീണ്ട വര്‍ഷങ്ങളില്‍ ഞങ്ങള്‍ക്ക് ഒരിക്കല്‍ പോലും അങ്ങനെ ഒരു നാച്ചുറല്‍ ഫോട്ടോ കിട്ടിയിട്ടില്ല. അതിനേക്കാള്‍, അവരങ്ങനെ ഇരുന്നു ഞാന്‍ കണ്ടിട്ടില്ല. എപ്പോഴും എന്തെങ്കിലും ഒക്കെ പറഞ്ഞു ബഹളമുണ്ടാക്കും രണ്ടു പേരും, കുട്ടികളെ പോലെ... എന്നിട്ട് ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ നോക്കുന്നത് മറ്റേ ആള്‍. രസകരമായ ബന്ധമാണ്... എന്തായാലും ആ ഫോട്ടോ പോന്നു പോലെ ഞാന്‍ സൂക്ഷിക്കും... കാരണം അതില്‍ അവര്‍ ഉണ്ടാക്കിയ വീടും, ആ ഉമ്മറപ്പടിയും, അതില്‍ അവരുടെ സ്പര്‍ശനവും ഞങ്ങള്‍ക്കായി തന്ന പുഞ്ചിരിയും ഉണ്ട്... ഒരു ഫോട്ടോയെക്കാള്‍, ഒരു ചരിത്രവും... [caption id="attachment_511" align="aligncenter" width="300" caption="ഉമ്മറപ്പടിയിലെ എന്റെ അച്ഛനമ്മമാര്‍...."][/caption] ഇത്തവണ ചെന്നൈയിലേക്ക് പോകാന്‍ മനസ്സനുവദിക്കുന്നില്ല. കണ്ണ് നിറച്ച് ഒന്നും കണ്ടതെ ഇല്ല എന്നൊരു തോന്നല്‍... ഹൃദയം ഇവിടെയാണ്‌... ഇതളുകള്‍ കൊഴിഞ്ഞ് മരം മാത്രം ബാക്കിയാവാന്‍ കാത്തു നില്‍ക്കുന്ന എന്റെ വീട്ടില്‍... തീരത്തോട് ഒരു ഹോണിലൂടെ വിട പറഞ്ഞ് കപ്പലുകള്‍ അകലുന്ന ഐലന്‍ഡില്‍... എന്നെ ചേര്‍ത്തണച്ച് ശ്വാസംമുട്ടിച്ച ഒരുപാട് ഓര്‍മകളില്‍... കൊച്ചിയോടുള്ള എന്റെ തീവ്രമായ പ്രണയത്തില്‍... തല്‍ക്കാലം വിട... എത്രയും പെട്ടെന്നുള്ള അടുത്ത അവധിക്കാലം വരെ... ഓര്‍മകളുമായി നീ കാത്തിരിക്കുക!