Jyothy Sreedhar

പ്രഖ്യാപനം

ലോകത്തിന്‍റെ നെറുകില്‍ നിന്ന്, അതിരില്ലാത്ത ആകാശത്തിലെ മേഘങ്ങളെ തൊട്ട്, എന്‍റെ ഏറ്റവും ശക്തശബ്ദത്തില്‍ നിന്നെ ഞാന്‍ പ്രണയിക്കുന്നുവെന്നു പറയുവാന്‍ ഞാന്‍ ആഗ്രഹിക്കാറുണ്ട്. അത് ലോകവും, എന്നെ തൊട്ട് വളര്‍ത്തിയ പ്രകൃതിയും, ഭൂമിയിലെ ഓരോ മണ്‍തരിയും കേള്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിയ്ക്കുന്നു. പക്ഷെ നീ അത് കേള്‍ക്കേണ്ടതില്ല. ദിഗന്തങ്ങള്‍ മുഴങ്ങിയ എന്‍റെ പ്രണയപാരവശ്യത്തെക്കാള്‍ ഭാരമുള്ളതാണ്, നിന്നെക്കുറിച്ചുള്ള എന്‍റെ ചിന്തകളെക്കാള്‍ നൈര്‍മ്മല്യമുള്ളതാണ്, ഞാന്‍ അറിയിക്കാതിരിക്കുന്ന, നീയറിയുന്ന എന്‍റെ പ്രണയം. പറയപ്പെടുന്നത്‌ നീ കേള്‍ക്കുന്നതിനേക്കാള്‍ ഞാന്‍ പറയാത്തത് കേട്ട് നീ പുഞ്ചിരിക്കുന്നതു കാണുവാനാണ് എനിയ്ക്കിഷ്ടം. ഇപ്പോള്‍, മയങ്ങിപ്പോകുമ്പോള്‍ മനസ്സിലുള്ളത് നീയാണ്. ഡിസംബറിന്റെ മരവിയ്ക്കുന്ന തണുപ്പില്‍ ഉള്ളിലെ നാഡികളിലോടുന്ന ചെറുചൂടിന് നിന്‍റെ നാമമാണ്. തുറക്കുവാന്‍ മറന്ന വാതിലില്‍ മുട്ടി അകത്തുകടന്ന ചെറുകാറ്റ് നിന്‍റെ നിശ്വാസമാണ്. ഓരോ സ്വപ്നത്തിലും ഞാന്‍ വിളിച്ചു പറയുന്നത് എനിയ്ക്ക്‌ നിന്നോടുള്ള പ്രണയമാണ്, നീ കേള്‍ക്കാതെ... എന്നത്തെയും പോലെ, ഒരു പുഞ്ചിരി നിന്‍റെ ചുണ്ടുകളില്‍ ഇന്നും അവശേഷിപ്പിച്ചുകൊണ്ട്...