Jyothy Sreedhar

പുരുഷദിനം!

ഓരോ വര്‍ഷവും മാര്‍ച്ച് എട്ടാം തിയതി വനിതാദിനം ആഘോഷിക്കുമ്പോള്‍, പല പുരുഷന്മാരും തമാശയ്ക്കെങ്കിലും ചോദിക്കും, ‘നമുക്കും വേണ്ടേ ഒരു ദിനം?’ എന്ന്. വനിതാ ദിനത്തിന് പുരുഷന്മാര്‍ വനിതകള്‍ക്ക് വേണ്ടി സ്നേഹപൂര്‍വ്വം പോസ്റ്റുകളും ആദരവും ഒക്കെ എഴുതുന്നത്‌ കാണുമ്പോള്‍ ഞാനും ഓര്‍ക്കാറുണ്ട് എന്തേ അവര്‍ക്ക് ഒരു ദിനം ഇല്ല എന്ന്. ഇന്ന് രാവിലെ സുഹൃത്തിന്‍റെ ഫെസ്യ്ബുക്ക് പോസ്റ്റില്‍ നിന്നാണ് ഇന്ന് അന്താരാഷ്‌ട്ര പുരുഷദിനം ആണെന്ന് അറിഞ്ഞത്. സന്തോഷം തോന്നി. അങ്ങനെ ഫാദേഴ്സ് ഡേ കഴിഞ്ഞ്, ഫാദേഴ്സ് അല്ലാത്ത പുരുഷന്മാര്‍ക്ക് കൂടി പൊതുവായി ഒരു ദിനം!

ഗൂഗിള്‍ ചെയ്ത് ഈ ദിനത്തെക്കുറിച്ച് വായിച്ചപ്പോഴാണ് ഇതേ ചോദ്യത്തില്‍ നിന്നാണ് ഒരു അന്താരാഷ്‌ട്ര പുരുഷദിനം ആഘോഷിക്കാന്‍ ഉള്ള തീരുമാനം ഉടലെടുത്തത് എന്നറിഞ്ഞത്. 1999 ഇല്‍ ട്രിനിഡാഡ്‌, ടൊബാഗോ എന്നിവിടങ്ങളിലായി ആ ദിനം അങ്ങനെ ഉദ്ഘാടനം ചെയ്യപ്പെട്ടു. പക്ഷെ ഇന്ത്യയില്‍ ആ ദിനം ആഘോഷിച്ചു തുടങ്ങിയത് 2007 ഇല്‍. സത്യം പറയട്ടെ, ആദ്യമായിട്ടാണ് ഞാന്‍ ഇങ്ങനെ ഒരു ദിനം ഉണ്ടെന്ന് അറിഞ്ഞത്, ഈ 2014 ഇല്‍.

പുരുഷന്മാരോട് ഒരു അവജ്ഞയും വെറുപ്പും ഒക്കെ സൂക്ഷിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്. ഒരുപക്ഷെ അവര്‍ കാണുന്ന ‘പുരുഷഗണം’ അത്തരത്തില്‍ ഉള്ളവരാകാം. ചില ഫെമിനിസ്റ്റുകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ തോന്നിപ്പോകും പുരുഷന്‍ എന്നാല്‍ കാമത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സുഖകാംക്ഷികള്‍ ആയ ജീവികള്‍ ആണെന്നും, മൃഗങ്ങള്‍ അവരെക്കാള്‍ ഭേദമാണെന്നും. ‘പിടക്കോഴി കൂവുന്ന നൂറ്റാണ്ടു’കളില്‍ നിന്ന് അവരൊന്നും ഇനിയും കരകയറിയിട്ടില്ല. അവരോടു സഹതാപമേ ഉള്ളൂ, ഈ ലോകത്തെ നല്ല പുരുഷന്മാരെ കാണുവാന്‍ കഴിയാതെ മനപൂര്‍വ്വം അന്ധത അഭിനയിക്കുന്നതിന്.

ഇതുവരെയുള്ള സൌഹൃദങ്ങളില്‍, ഫെയ്സ്ബുക്കിലെ എന്റേതായ ഈ ലോകത്തില്‍ കാണുന്ന പുരുഷന്മാര്‍ ഇപ്പറഞ്ഞ ഫെമിനിസ്റ്റുകളുടെ വീക്ഷണത്തിലുള്ള പുരുഷന്മാരല്ല എന്ന് അഭിമാനത്തോടെ പറയാന്‍ എനിക്ക് കഴിയും. ഫെയ്സ്ബുക്ക് നന്നായി ഉപയോഗിക്കുന്നവര്‍ ജെന്‍ഡറിന് അതീതമായി വ്യക്തികളെ അവരുടെ വ്യക്തിത്വങ്ങള്‍ അടിസ്ഥാനമാക്കി കാണുന്നവരാണ് എന്ന് തോന്നിയിട്ടുണ്ട്. എന്‍റെ സൌഹൃദങ്ങളില്‍ ഉള്ള പുരുഷന്മാരും എന്നെ ഒരു സ്ത്രീ എന്നതിലുപരി ഒരു വ്യക്തിയായി കണ്ട്, തുല്യമായി കാണുന്നവരും ബഹുമാനിക്കുന്നവരുമാണ്. ‘സ്ത്രീ’ എന്ന രീതിയില്‍ എന്നെ വീക്ഷിച്ചാല്‍ തന്നെ, അത് ഒരു ബഹുമാനസൂചകമായ വാക്ക് ആയിട്ടെ അവര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് എനിക്ക് അനുഭവപ്പെടാറുള്ളൂ. ഒരു കടല്‍ പോലെയുള്ള എന്‍റെ സൌഹൃദ വലയത്തിലെ ശക്തി എന്ന് പറയുന്നത് വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന പുരുഷന്മാരും സ്ത്രീകളുമാണ്.

സ്ത്രീയും പുരുഷനും ഒരേ പോലെ ആവുന്നത് സത്യത്തില്‍ ഒരു സുഖം അല്ല എന്ന ഒരു അഭിപ്രായം എനിക്കുണ്ട്. പുരുഷനെ പോലെയാകാന്‍ പുരുഷനുണ്ട്, സ്ത്രീയെ പോലെ ആകാന്‍ സ്ത്രീയും ഉണ്ടാവണം. അവര്‍ക്ക് ഓരോരുത്തര്‍ക്കും അവരുടെ കുറവുകള്‍ ഉണ്ടാവണം, അവരുടെ ശക്തികള്‍ ഉണ്ടാവണം, അവരുടെ ജെന്‍ഡറിനെ പ്രതിനിധാനം ചെയ്യുന്ന കുറെ ഘടകങ്ങള്‍ ഉണ്ടാവണം. അതാണ്‌ ഒരുവനെ പുരുഷനാക്കുന്നതും, ഒരുവളെ സ്ത്രീയാക്കുന്നതും. ഈ ലോകത്ത് എല്ലാവരും ഒരുപോലെ ഇരുന്നാല്‍ എന്ത് ബോറാണ്! ഒന്നോര്‍ത്തു നോക്ക്, ഉയരത്തില്‍ ഉള്ള ഒരു തട്ടില്‍ ഒരു വസ്തു വയ്ക്കാന്‍ ഒരാള്‍ ബുദ്ധിമുട്ടുമ്പോള്‍- അയാള്‍ എന്നത് സ്ത്രീയോ പുരുഷനോ ആയിക്കൊള്ളട്ടെ- അയാള്‍ക്ക്‌ വേണ്ടി ഉയരം കൂടുതല്‍ ഉള്ള ഒരാള്‍ അത് ചെയ്തു കൊടുക്കുന്നു എന്ന അവസ്ഥ. അതില്‍ ഒരു സൌഹൃദമുണ്ട്. ഇതുപോലെയാണ് സ്ത്രീയ്ക്ക് പുരുഷനും പുരുഷന് സ്ത്രീയും. ഇതില്‍ മറ്റെയാള്‍ക്ക് കഴിവില്ല എന്ന് പറയാന്‍ സാധിക്കില്ല. മാത്രവുമല്ല, അങ്ങനെ രണ്ടു വ്യക്തികള്‍ ചേരുമ്പോള്‍ ഉണ്ടാവുന്ന ഒരു സൗഹൃദം എത്ര മനോഹരമാണ്! മറ്റൊരാളുടെ കുറവുകളെ നികത്താന്‍ ഒരാളുടെ ശക്തി. ഇയാളുടെ കുറവുകളെ നികത്താന്‍ മറ്റേ ആളുടെതും. അതുപോലെ അല്ലെ പുരുഷനും സ്ത്രീയും തമ്മിലുള്ള ക്രോസ്-ജെന്‍ഡര്‍ സൌഹൃദങ്ങള്‍! അത്തരം പുരുഷന്മാരും സ്ത്രീകളും ഉള്ളതാണ് ഈ ലോകത്തിന്‍റെ തന്നെ ഐശ്വര്യം. ഒന്നോര്‍ത്താല്‍, പുരുഷനായി കാണേണ്ടത് അത്തരം ആളുകളെ മാത്രമല്ലേ? കാമത്തിന് വേണ്ടി മാത്രം ജീവിക്കുന്നു എന്ന് പറയപ്പെടുന്നവര്‍ ‘പുരുഷന്‍’ എന്ന ജെന്‍ഡര്‍ വിലാസം സത്യത്തില്‍ അര്‍ഹിക്കുന്നുണ്ടോ?

എനിക്കറിയാവുന്ന സ്ത്രീസമൂഹത്തെ പ്രതിനിധാനം ചെയ്തു കൊണ്ട്, ഒരു സ്ത്രീയെന്ന നിലയില്‍ വ്യക്തിപരമായി പറയട്ടെ, ഞങ്ങള്‍ ആദ്യം പറഞ്ഞ പോലെയുള്ള ഫെമിനിസ്റ്റുകള്‍ അല്ല. നല്ല തങ്കപ്പെട്ട സ്വഭാവമുള്ള പുരുഷന്മാരെ ധാരാളം കണ്ട് അവരുമായി നല്ല സൌഹൃദങ്ങള്‍ ഉണ്ടായിട്ടുള്ള ഞങ്ങളെ പോലെയുള്ള സ്ത്രീകള്‍ക്ക് പുരുഷന്മാരോട് സ്നേഹവും ബഹുമാനവും ഉണ്ട്. (പുരുഷന്‍ എന്ന വാക്കിന്‍റെ, സങ്കല്‍പ്പത്തിന്‍റെ അര്‍ത്ഥവും വ്യാപ്തിയും മുകളില്‍ വിശദമാക്കിയിട്ടുണ്ട്.) ഒരു സ്ത്രീയുടെ ഉദരത്തില്‍ നിന്ന് പുരുഷന്‍ ജനിക്കുന്നു എങ്കില്‍, ഒരു അച്ഛന്‍റെ കൈവിരലില്‍ തൂങ്ങിയാണ് ഒരു സ്ത്രീയുടെ ആദ്യ ചുവടുകള്‍. ആ സ്ത്രീയുടെ ബാല്യത്തിലെ ശക്തിയും ഹീറോയും അവളുടെ അച്ഛനാണ്. അവളുടെ സഹോദരനാണ് അവളുടെ ആദ്യസുഹൃത്ത്. ജീവിതം തന്നെ പകുത്തുനല്‍കാന്‍ അവള്‍ തീരുമാനിക്കുന്നത് ഒരു പുരുഷന്‍റെ കൂടെയാണ്. കൂടെ, ഒരു പിടി നല്ല സൌഹൃദങ്ങളിലെ പുരുഷസാന്നിധ്യം അവള്‍ക്ക് പലപ്പോഴും ശക്തിയാണ്, അവളുടെ സന്തോഷമാണ്, ആശ്വാസമാണ്. എന്നാല്‍, സ്ത്രീയെ അബല എന്ന് വിളിച്ച് പരിഹസിക്കാതെ, തന്‍റെ സന്തോഷത്തിന്‍റെ, സങ്കടങ്ങളുടെ, പ്രണയത്തിന്‍റെ അവസ്ഥകളില്‍ സ്ത്രീത്വത്തെ- അമ്മയെ, ഭാര്യയെ, സഹോദരിയെ, മകളെ- ചേര്‍ത്തുപിടിച്ച് ആ വികാരങ്ങള്‍ പങ്കുവയ്ക്കുന്ന പുരുഷന്‍ എല്ലാ സ്ത്രീകളുടെയും ജീവിതത്തില്‍ ഉണ്ടാവണം. ഇല്ലെങ്കില്‍ അതൊരു തീരാനഷ്ടം തന്നെയാണ്. എന്‍റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുള്ള എല്ലാ നല്ല പുരുഷന്മാരെയും ഓര്‍ത്തുകൊണ്ട്‌, പുരുഷദിനാശംസകള്‍ നേരുന്നു എന്‍റെ പുഞ്ചിരികള്‍ക്ക്…എന്‍റെ പ്രിയലോകത്തിന്… ഹൃദയം നിറഞ്ഞ നന്ദിയോടെ… ഞങ്ങളുടെ വനിതാദിനം നിങ്ങള്‍ ആഘോഷിച്ച് ആദരിച്ച പോലെ, നിങ്ങളുടെ പുരുഷദിനം തികഞ്ഞ ബഹുമാനത്തോടെ ഞങ്ങളും ആഘോഷിക്കുന്നു. അതാണ്‌ ഞങ്ങള്‍ സ്ത്രീകളുടെ ആ ഒരു ഇതുണ്ടല്ലോ… ഹൃദയവിശാലത… യു നോ! 😉