Jyothy Sreedhar

നോക്ക്

നിന്‍റെ പ്രണയതീവ്രമായ ആദ്യനോക്കില്‍ എരിഞ്ഞടങ്ങിയത് പ്രാചീന കവിതകള്‍ മുതല്‍ എന്‍റെ കുട്ടിയെഴുത്തുകള്‍ വരെയാണ്. നിന്‍റെ നോക്കിനോളം തീവ്രത വാക്കുകള്‍ തിളയ്ക്കുന്ന ഭാഷകളില്‍ ഇല്ലെന്നെനിക്കു തോന്നി. അത്രയേറെ നീയെന്നെ സ്നേഹിക്കുന്നുവെന്ന് നമുക്കിടയില്‍ ഉള്ള ദൂരങ്ങളില്‍ ശ്വാസരേഖയായ്‌ കുറിക്കപ്പെട്ടു.

ഇന്നും നിന്‍റെ നോക്ക് അഗ്നിയാണ്, എനിക്ക് മോചനം വേണ്ടാത്തത്. അത്, എന്‍റെ ഇന്നലകളെ ദഹിപ്പിക്കുന്നു. എന്‍റെ കാത്തിരിപ്പിന്‍റെ കനലിനെ കെടുത്തുന്നു. അത്, എന്‍റെ ലോകബോധം കെടുത്തി, നിന്നോടുള്ള പ്രണയത്തെ മാത്രം എന്നില്‍ ഉണര്‍ത്തുന്നു.

നിന്‍റെ ഒരു നോക്കില്‍ മരിച്ച് ഒരു ഫീനിക്സ് പക്ഷിയെ പോലെ പരിശുദ്ധയായുയിര്‍ക്കുവാന്‍ നീ അനുവദിക്കുക. എനിക്കു വേണ്ടാത്ത ലോകത്തില്‍നിന്ന്‍ എന്നെ നീ രക്ഷിക്കുക. ഒരു നോക്കില്‍ എന്നെ ദഹിപ്പിച്ച്, ഒരു ചുംബനത്തില്‍, ഒരു കരലാളനത്തില്‍, ഒരു ഗാഡാലിംഗനത്തില്‍ എന്നെ പുനര്‍ജ്ജീവിപ്പിക്കുക. എന്‍റെ സ്വപ്‌നങ്ങള്‍ അവയില്‍ തുടങ്ങി അവയില്‍ അവസാനിക്കുന്നതാണ്.

വലയം ചെയ്ത കൈകളില്‍ നിന്ന് ഒരാലിംഗനത്തിലെയ്ക്കുള്ളത് ആത്മാവോളം ദൂരമാണ്. വൃത്തമായ ചുണ്ടുകളില്‍ നിന്ന് ഒരു ചുംബനത്തിലെയ്കും അതേ ദൂരം.

ഇന്ന് നിന്‍റെ സാന്നിധ്യത്തില്‍, അസാന്നിധ്യത്തില്‍, ആ ദൂരമാണെന്‍റെയുള്ളില്‍ ഭേദിക്കപ്പെടുന്നത്.