Jyothy Sreedhar

നൂറ് സെന്റിമീറ്റർ

നൂറു സെന്റിമീറ്ററുകൾക്കകലെ
അന്ന്
നിന്റെ കണ്ണുകൾ.

പ്രപഞ്ചം കണക്കുകൂട്ടി സംഭവിപ്പിച്ച
നിന്റെ ആദ്യനോട്ടം; എന്റെയും.

കടലു പോലെ ആർത്തടിച്ച പ്രണയം
നിന്റെ കണ്ണിൽ അന്നു കണ്ടത്
എന്റെ കണ്ണിന്റെ പ്രതിഫലനമായിരുന്നു.

വിലാസങ്ങളെ വെടിഞ്ഞ്,
ഭൂതഭാവികളെ തെല്ലുമറിയാതെ,
കണ്ട മാത്രയിൽ
നൂറു സെന്റിമീറ്ററുകൾക്കകലെനിന്ന്
നിന്നെ ഞാൻ പ്രണയിച്ചുതുടങ്ങി.

പ്രപഞ്ചത്തിന്റെ ഇച്ഛ!

നിന്റെ ആദ്യനോട്ടം സംഗ്രഹിച്ചത്
എന്തിനെയൊക്കെയാണ്! -

പറയാതെ ഏറെനാളുകൾ കൊണ്ടുനടന്ന്
ഒടുവിലൊരു രാത്രിയിൽ
അഗ്നിവിസ്ഫോടനം പോലെ ഉതിർന്ന
എന്റെ പ്രണയകുമ്പസാരം.

അതു കേട്ട് അത്ഭുതം കൂറി
ഇരവിഴുങ്ങിയ പെരുമ്പാമ്പിനെ പോലെ
നീ സ്വയം ഉൾവലിഞ്ഞു
രണ്ടു നാൾ നടന്നത്.

പിന്നെ പ്രണയതീക്ഷ്ണതയിൽ
നീയും മൂന്നാംനാൾ പൊട്ടിത്തെറിച്ചത്.

നിന്റെ തിരസ്കാരത്തിൽ മരിച്ച്
രണ്ടു നാൾ മൃതമായ നമ്മുടെ പ്രണയം
മൂന്നാം നാൾ ക്രിസ്തുവിനെ പോലെ
ഉയിർത്തെഴുന്നേറ്റത്.

സമ്മിശ്രവികാരവിസ്ഫോടനങ്ങളിൽ
തെറിച്ചുവീണ എന്റെ കണ്ണുനീർവഴികളെ
ദൂരെ നിന്ന് ഉമ്മയാൽ നീ ഒപ്പിയത്.

പിന്നെ എല്ലാം പറഞ്ഞു പ്രണയിച്ചത്.

ഭൂതങ്ങളെ പങ്കുവച്ചത്.

- നിന്റെ ആദ്യനോട്ടത്തിൽ അടങ്ങിയത്
എന്തൊക്കെയായിരുന്നു!-

കുട്ടിക്കാലം മുതൽ ഇത്ര വരെ
അമർചിത്രകഥകളാക്കി
രാത്രി മുതൽ പകൽ വരെ,
നക്ഷത്രങ്ങൾ ഉണരുന്നതും ഉറങ്ങുന്നതുമറിയാതെ,
സൂര്യനുദിക്കുന്നതറിയാതെ,
നിദ്രകളെ പോലുമോർക്കാതെ,
പറഞ്ഞു, ചിരിച്ചു, കരഞ്ഞു തീർത്തത്.

പിന്നെ ഒരു നാൾ,
തിരശീലയ്ക്കു പിന്നിലെ കുഞ്ഞിരുട്ടിൽ
ആദ്യമായ് നീയെന്റെ കരംഗ്രഹിച്ചത്.

നിന്റെ വിറച്ച കൈകളെ മുറുകെപ്പിടിച്ച്
ആവോളം നിന്നെ ഞാൻ കളിയാക്കിച്ചിരിച്ചത്.

വാശിയിൽ,
നിന്റെ രണ്ടുകൈകളിൽ എന്റെ മുഖമൊതുക്കി
എന്റെ നെറ്റിയിൽ ചുംബിക്കുമ്പോൾ
നിന്റെ ചുണ്ടുകൾ വിറച്ചത്.

പിന്നെ കെട്ടിപ്പിടിച്ചത്.

പിന്നെ ഇറുകിപ്പുണർന്നത്.

പിന്നെ മുഖമാകെ ഉമ്മകൾ കൊണ്ട് നനച്ചത്.

ചുണ്ടുകളെ താലോലിച്ചു ചുംബിച്ച്
തരളമായ ചുവന്ന പനിനീർദളങ്ങളാക്കിയത്.

നിന്റെ നെഞ്ചിൽ എന്റെ തല ചേർത്തുവച്ചത്.

നിന്റെ തോളിൽ ഞാൻ തല ചായ്ച്ചത്.

ദേഹങ്ങളുടെ താപം പോലും പരിചിതമായത്.

ദേഹങ്ങളെ ദഹിപ്പിച്ചു ദഹിപ്പിച്ചൊടുവിൽ
പ്രണയം ദേഹികളിലേക്ക് ആളിയത്.

മാംസങ്ങളിൽ നിന്നുയർന്ന്
നമ്മുടെ പ്രണയം പ്രപഞ്ചത്തോളം പരന്നത്.

- നിന്റെ ആദ്യനോട്ടത്തിൽ അടങ്ങിയത്
എന്തൊക്കെയായിരുന്നു!-

ഒരു ദേഹാസ്വാസ്ഥ്യത്തിൽ
കിടക്കയിൽ നിന്ന്
എന്നെ നീ കോരിയെടുത്തത്.

നിന്റെ ദേഹത്തു ചാഞ്ഞുകിടന്നപ്പോൾ
എന്നെ താങ്ങിനിർത്തി കുളിപ്പിച്ച്
ഉടുപ്പണിയിച്ചൊരുക്കി
കിടക്കയിൽ കിടത്തി ശുശ്രൂഷിച്ചത്.

പൂർണ്ണനഗ്നയായ എന്നെ
നോട്ടം കൊണ്ട് പോലും
നീ പ്രാപിക്കാതിരുന്നത്.

ലജ്ജ തോന്നിപ്പിക്കാതെ
വാത്സല്യം കൊണ്ട് നീയെന്നെ മൂടിയത്.

ആഹാരം പകുത്തു വായിൽ വച്ചുതന്ന്
നെറുകിൽ തലോടിയത്.

കരഞ്ഞപ്പോൾ ചേർത്തുപിടിച്ചുറക്കിയത്.

നീ എന്റെ അമ്മയായത്,
അച്ഛനായത്,
മാന്ത്രികനായ ദൈവമായത്.

- നിന്റെ ആദ്യനോട്ടത്തിൽ അടങ്ങിയത്
എന്തൊക്കെയായിരുന്നു!-

അഗ്നിയും മഞ്ഞുമായ പ്രണയം.

തണലും കുടയും പുതപ്പുമായ പ്രണയം.

എന്നെ നെഞ്ചിൽ നീ ചേർത്തുപിടിക്കും പോലെ
നീയെന്ന ഒറ്റയക്ഷരത്തിൽ
ഞാനെന്ന രണ്ടക്ഷരം ചുരുണ്ടൊതുങ്ങുന്ന
പ്രണയം.

നൂറു സെന്റിമീറ്ററുകൾക്കകലെ
അന്ന് നിന്റെ കണ്ണുകളിൽ
ഇനി വരാനിരുന്ന കഥകളുടെ കടലായിരുന്നു.

ആരറിഞ്ഞു,
ഇനി വരും ജന്മങ്ങളുടെ കഥകളും
അതിൽ ഉണ്ടാവുകില്ലെന്ന്!

ദേഹിയിൽ ആളിപ്പടർന്നതല്ലേ
നമ്മുടെ പ്രണയം!

കണ്ടുമുട്ടിയില്ലേ!
ഇനി മരണത്തിലും പിരിയുന്നതെങ്ങനെ!