ഈ വർഷത്തിലും
ഞാൻ പ്രണയത്തിലാകും.
ഒരുവന്റെ പെണ്ണാകും.
എന്നെ സ്വന്തമെന്നോതി
നെഞ്ചോട് ചേർക്കുന്ന കരങ്ങൾ
എന്റെ പ്രപഞ്ചസീമയെന്നു കല്പിച്ച്
അതിനുള്ളിലെ സൂര്യനിൽ, നിലാവിൽ
എന്റെ ദിനങ്ങളെ നിറയ്ക്കും.
അധരങ്ങൾ അധരങ്ങളോട് ചേരുന്ന
നറുചുംബങ്ങൾക്കിടയിലെ
ഓരോ ശ്വാസനഷ്ടത്തിലും
പുതുജീവന്റെ മിടിപ്പിനെ അനുഭവിച്ച്
ഇറുകിയിറുകിയലിയും-
എന്റെ തലയിണയാകുന്ന,
പ്രണയകാട് വളർന്നുതിങ്ങിയ
ഒരു നെഞ്ചിന്റെ കുന്നിലേക്ക്,
അതിൻ താഴ്വാരത്തിലേക്ക്,
എന്നെ ഉരുക്കിയലിയിക്കുന്ന
അതിൻ കൊടുംതാപത്തിലേക്ക്,
അതിനുള്ളിലെ, എന്റെ നാമം കൊത്തിയ
ഒരു ചുവന്ന ഹൃദയപീഠത്തിലേക്ക്.
കാണുന്ന മാത്രയിൽ തന്നെ
എന്റെ സിരകളിലെ രക്തം
സ്വയം തിളച്ച്
യുവത്വത്തിന്റെ താപത്തിലേക്ക്
എന്നെ അത് വിളിച്ചുണർത്തും.
പ്രണയത്തിന്റെ കടൽമർദ്ദം താങ്ങുവാൻ
എന്നെ അതൊരുക്കും.
ശേഷം ഒരുവന്റെ നാമം പച്ചകുത്തും-
എന്റെ കൺകോണുകളിൽ,
എന്റെ നിറപുഞ്ചിരിയിൽ,
എന്റെ ഹൃത്തിൽ.
ഒരുവൻ എന്റെ പുരുഷനാകും.
പ്രണയിച്ച് ജന്മങ്ങൾ തീർന്നുപോയതറിയാത്തതിൽ
പരസ്പരം കളിയാക്കും, അഹങ്കരിയ്ക്കും.
ഇനിയുമെത്ര പിറവികൾ, അന്വേഷണങ്ങളെന്ന്
വെറുതെ പിറുപിറുക്കും.
ഉള്ളംകയ്യിൽ വീണ്ടും കൈ വച്ച്,
എത്രയലഞ്ഞും
ഓരോ ജന്മവും കണ്ടെത്തുമെന്നു
വാക്കു ചൊല്ലും,
നെറ്റിയിലൊരുമ്മയാൽ അത് സത്യം ചെയ്യും.
മടിയിൽ തലവച്ചുകിടന്ന്
ഒരു നൂറു പ്രണയകാവ്യങ്ങളെഴുതും.
ഇടയ്ക്ക് നാണം കൊണ്ട് ചുവക്കും,
ഒരു ചുംബനത്താൽ തുറക്കുന്ന
കൈവാതിലുകൾ കൊണ്ട്
ലജ്ജയാൽ മുഖം പൊത്തും,
രാത്രികളിൽ, നിദ്രകളിൽ, സ്വപ്നങ്ങളിൽ
കൈവിടാതെ, ഒന്നിച്ചിരിക്കും.
ഈ വർഷത്തിലും
ഞാൻ പ്രണയത്തിലാകും,
കൊതിതീരാതെ പിന്നെയും, പിന്നെയും,
നീയെന്ന എന്റെ പ്രിയവാക്കിനോട്,
അതിനുള്ളിൽ ഒളിച്ച,
കള്ളച്ചിരിയുള്ള നിന്റെ മുഖത്തോട്,
നിന്റെ ആത്മാവിനോട്,
എന്നെ എന്നും ചേർത്തുപുണരുന്ന
ബലിഷ്ഠമായ നിന്റെ കരങ്ങളോട്.
പിന്നെയും പിന്നെയും
ഞാൻ പ്രണയത്തിലാകും,
നീ ആഴ്ന്നിറങ്ങും,
ഉള്ളിൽ നിറഞ്ഞു നിറഞ്ഞ്
ഒടുവിൽ ഞാൻ നീ തന്നെയാകും.
വരിക,
ഈ വർഷത്തിലും
ആദ്യകാഴ്ചയിൽ തന്നെ
നമുക്ക് പ്രണയത്തിൽ വീണു പതിക്കാം,
പിടച്ചു പിടച്ച്,
കൈപിടിച്ച് ഉയിർത്തെഴുന്നേൽക്കാം.
പരസ്പരം ഉയർന്ന മിടിപ്പുകളാകാം.
പരസ്പരം മഴയായ് പെയ്തിറങ്ങാം.
ഒരു നറുചുംബനത്തിലെ ശ്വാസനഷ്ടത്തിൽ
പുതുവർഷത്തിന് നമുക്ക് ജീവനേകാം.
വരിക, നീ വരിക.
ഈ പുതുവർഷത്തിലും
നമ്മുടെ പ്രണയം
വീണ്ടും ജനിയ്ക്കട്ടെ.
ഈ വർഷവും ജന്മവും ജന്മാന്തരവും
എന്നെ നീ സ്വന്തമായി എടുത്തുകൊൾക.
എന്റെ നീയായ്, എന്റെ പുരുഷനായി,
എന്നെ ജയിച്ച അഹവുമായി
നീ വരിക.
നിന്റെ പെണ്ണായി,
നീയാൽ നാണിയ്ക്കുന്ന സ്ത്രീത്വമായി
ഞാൻ നിന്റെ ഞാനായി ഇവിടെയുണ്ട്,
ഇന്നും, ഇനിയെന്നും.