തമ്മിൽ പിരിഞ്ഞാൽ പിന്നെ
നമ്മളെങ്ങനെയാകുമെന്ന്
നീ സങ്കൽപിച്ചിട്ടുണ്ടോ?
കണ്ണാടിച്ചില്ലിട്ട ഘടികാരം
താഴെ വീണുടയും പോലെ
ഒരു കാലഘട്ടം ചിന്നിച്ചിതറിപ്പോകും.
പിന്നെ നിമിഷസൂചികൾ ഓടില്ല.
നമുക്ക് സമയവും കാലവും ഉണ്ടാകില്ല.
കാലം എത്ര മുന്നോട്ട് പോയാലും
ഓർമ്മ നഷ്ടപ്പെട്ട ഭ്രാന്തരെ പോലെ
നമ്മൾ നിശ്ചലമായ ആ മാത്രയിൽ തന്നെ നിൽക്കും.
മഴകളിൽ, വേനലുകളിൽ, അതറിയാതെ.
പിരിയുന്ന മാത്രയിൽ,
കുത്തിക്കയറുന്ന മരവിപ്പുണ്ടാകും.
ആ മരവിപ്പിനങ്ങേയറ്റം നാഡീയഗ്രങ്ങളിൽ
നമുക്ക് നന്നായ് പൊള്ളും.
തണുത്തുറയുന്ന ശരീരങ്ങളിൽ നിന്ന്
നമ്മുടെ ആത്മാക്കൾ നമ്മളോട് പിണങ്ങി
ഒന്നിച്ചായിരിക്കുവാൻ കൈകോർത്ത്
പടിയിറങ്ങിയേക്കും.
അവ ശരീരത്തിൽ നിന്ന് പോകുമ്പോൾ
എല്ലും ഹൃദയവും നുറുങ്ങുന്ന
വേദനയ്ക്കു മേലുള്ള വേദന
നമ്മൾ സഹിക്കേണ്ടി വരും.
ഞാൻ വരുന്നതിനു മുൻപ്
അപൂർണ്ണമായ നിന്റെ ദിനങ്ങളെ
നീയെങ്ങനെ ചുമന്നു?
എന്നോട് മിണ്ടാതെ,
ഓരോ ദിനത്തെയും പങ്കുവയ്ക്കാതെ,
എന്റെയോരോ നിമിഷത്തെയും കേൾക്കാതെ
നീയെങ്ങനെ ജീവിച്ചു?
പ്രണയത്തിന്റെ ഭ്രൂണങ്ങളായ്
നമ്മൾ രണ്ടിടങ്ങളിൽ എങ്ങനെയുറങ്ങി?
നീയില്ലാത്ത, ഞാൻ മാത്രമുള്ള അവസ്ഥയിലേയ്ക്ക്
ഒരു മടങ്ങിപ്പോക്ക് എനിയ്ക്ക് സാദ്ധ്യമല്ല.
അല്ലെങ്കിലും, നീ പിരിഞ്ഞാൽ പിന്നെ
ജീവിക്കുന്നതെന്തിന്!
നീ എന്നത്
ഞാനും എന്റെ ജീവച്ഛവവും തമ്മിലുള്ള ഏക വ്യത്യാസമാണ്.
എന്തിനിതൊക്കെയെന്ന്
നീ ചോദിച്ചേക്കും.
വെറുതെ...
അതോർത്തോർത്ത്, ഒടുക്കം,
ഒരു ദുഃസ്വപ്നത്തിൽ നിന്നെന്ന പോൽ
ഞാൻ ഉണർന്നു വരുമ്പോൾ
നീ കൂടെയുണ്ടെന്ന തിരിച്ചറിവ്
എനിയ്ക്ക് പുനർജന്മമാണ്.
ഒന്ന് മുറുകെപ്പുണർന്ന്, പിന്നെ
നിന്നിലേയ്ക്ക് ചുരുണ്ടൊതുങ്ങാൻ
ഒരു സുഖമാണ്.
നിന്റെ നെഞ്ചിൽ നിന്ന്
എന്റെ നാഡികളെ
നിന്റെ ഹൃദയമിടിപ്പുകൾ
മുട്ടിയുണർത്തുന്നത് അറിഞ്ഞുറങ്ങുക
എന്റെ സ്വർഗ്ഗവും.
നീയുണ്ടെന്ന ആ തിരിച്ചറിവിൽ
ഞാനെടുത്ത പുനർജ്ജന്മങ്ങൾ
എത്രയുണ്ടെന്നറിയില്ല.
നിന്നിലേയ്ക്കങ്ങനെ ചുരുണ്ടൊതുങ്ങിയ
രാവുകളെത്രയെന്നറിയില്ല.
നിന്റെ ഹൃദയമിടിപ്പുകൾ എണ്ണിയെണ്ണി
ഞാൻ വഴുതിവീണ
നിദ്രകളെത്രയെന്നറിയില്ല.
നീയെന്ന എന്റെ പ്രണയത്തിൽ
ഈ തുലാമഴയിലെന്നപോലെ
ഞാൻ നനഞ്ഞുകുതിർന്നലിയുമ്പോൾ
ഞാൻ നമ്മുടെ പ്രണയതീവ്രതയോർത്ത്
അഹങ്കരിയ്ക്കുന്നു.
എന്റെ അഹങ്കാരം
എന്റെ അഹത്തിന്റെ
നീകാരമാകുന്നു.