Jyothy Sreedhar

നിന്‍റെയുള്ളില്‍...നീയായ്‌!

ഒരു കുയിലായ്‌ പാടിപ്പറന്നു നിന്‍റെ അരികിലെത്തുവാന്‍ കഴിഞ്ഞെങ്കില്‍ എന്നോര്‍ക്കും. എന്‍റെ ശബ്ദം കേട്ടു നീയുറങ്ങുന്നതും നിനക്കായി ഞാന്‍ പാടുന്ന പാട്ടുകളിലേക്ക് നീയുണരുന്നതും എനിക്ക് സ്വപ്നതുല്യമാണ്. ഇടയ്ക്ക് തോന്നും, മേഘമാകാം. സ്വന്തം ശരീരത്തില്‍, നിനക്കായി മാഞ്ഞു പുനര്‍ജ്ജനിക്കുന്ന പ്രണയസന്ദേശങ്ങള്‍ നിറയ്ക്കാം. അതില്‍ ഹൃദയത്തെ കുടിയിരുത്താം. നിന്‍റെ കാഴ്ചയുടെ അതിരില്‍ നിറഞ്ഞു പറക്കാം. കൊടുംസൂര്യനെ മറച്ചു നിനക്ക് നിഴലേകാം. പിന്നെ, നിന്നെ നനയ്ക്കുന്ന മഴയ്ക്കായി എന്‍റെ ഒരു ഭാഗം തീറെഴുതാം. നല്ലത്. പക്ഷെ അതിന്, നിന്നെ പിരിഞ്ഞു മറ്റൊന്നാകണം. അതാകുക വയ്യ. നീ ശ്വസിക്കുന്ന വായുവാകാം. നിന്‍റെ അണുക്കളില്‍ ആഴ്ന്നിറങ്ങി നിന്‍റെ ജീവസ്സു സംരക്ഷിക്കാം. നിന്‍റെ തുടിപ്പാകാം. പിന്നെ നിന്നില്‍ തന്നെ അലിഞ്ഞുചേര്‍ന്നു സ്വയം ഇല്ലാതെയാകാം. നിന്നോട് ഏറ്റവും ചേര്‍ന്നയൊന്നായി എനിക്കു പരിണാമം അനുവദിക്കുക. നിന്നിലൂടെ സഞ്ചരിച്ച്, നിന്‍റെ ഹൃദയതാളങ്ങളാല്‍ ജീവിച്ച് നിന്‍റെ അണുവായ് അലിഞ്ഞുചേര്‍ന്ന്‍ ശേഷം നിന്‍റെ ജീവനായി മാറുന്ന ഒന്ന്. നിന്‍റെ ഹൃദയമിടിപ്പിനെ പിരിയുവാന്‍ എന്നോട് പറയരുത്.