Jyothy Sreedhar

നാം പ്രതീക്ഷിച്ചത്.

ആത്മാവോളം നനയുന്നുണ്ട്‌ ഞാൻ,
പ്രിയ കൂട്ടുകാരാ,
നീ കൂടെയില്ലാത്ത
ഈ വർഷകാലത്തെ,
ഓരോ മഴയും‌.

കുട ചൂടി നടക്കുമ്പോൾ
ഓടിവന്ന്, എന്നോടൊട്ടിച്ചേർന്ന്,
നനയാതിരിക്കാൻ ശ്രമിയ്ക്കുന്നുണ്ട്,‌
അനാഥമായ,
നിന്നോടുള്ള എന്റെ പ്രണയത്തിന്റെ
പഴകിയ ചില കാഴ്ചകൾ, കേൾവികൾ.

ഞാൻ ഒറ്റയ്ക്കാകുന്ന ഈ മഴയിൽ
നനഞ്ഞു കുതിർന്ന്
കുത്തിയൊലിയ്ക്കുന്നുണ്ട്‌
നമ്മളൊരുമിച്ചിരുന്ന വേനലുകൾ.
മഴ നനഞ്ഞ്‌,
തണുത്ത്‌ വിറങ്ങലി‌ച്ചു നിൽക്കുന്നുണ്ട്‌
എനിയ്ക്കായ്‌ അന്നു നീ കണ്ടെടുത്ത
ഓരോ തണൽമരവും.

പുറത്തെ മഴയോരോന്നും
ഒഴുകിച്ചേരുന്നതത്രയും
ഉള്ളിലെ കണ്ണീർച്ചാലുകളോടാണ്‌
എന്ന് നീ അറിയണം.
വരണ്ടുണങ്ങിയ ആ പാടത്ത്‌
പുതുമഴ പതിഞ്ഞപ്പോൾ
പുക ചുരുണ്ടുയർന്നത്‌
ഞാനോർക്കുന്നു.

ഓരോ മഴയിലും
നിന്നെ കൂടുതൽ നഷ്ടമാകുന്നു.
ഓരോ മഴയിലും
പ്രണയം തീവ്രമാകുന്നു.
ഓരോ മഴയുടെയും നനവിനാൽ
വിരഹം ഉണങ്ങാതെ,
ആഴത്തിൽ പഴുക്കുന്നു-
നമ്മളൊരുമിച്ച്‌
മഴകൾ നനയുമായിരുന്നതിനാലല്ല.
ഇനിയൊരിക്കലും
ഒരു മഴയുണ്ടാവില്ലെന്ന്
നമുക്ക്‌ തോന്നുമായിരുന്ന
ഒരു കൊടുംവേനലിൽ
എന്നോട്‌ ചേർന്നിരുന്ന്
നീ പ്രതീക്ഷിച്ചിരുന്ന
ഒരു മഴക്കാലമാണിതെന്ന്
ഞാൻ ഓർക്കുന്നത്‌ കൊണ്ട്‌‌.