Jyothy Sreedhar

നമുക്കുറങ്ങാതിരിക്കാം.

പാതിരാവായെന്നോ? നമുക്കുറങ്ങാതിരിക്കാം. എന്റെ നിദ്രകൾ നിന്നിൽ നിന്നും എന്നെ മോഷ്ടിച്ച്‌ അഹങ്കരിക്കാൻ നിൽക്കുന്നുണ്ട്‌ അബോധത്തിൽ. ഇറുകി കൊളുത്തിയ നമ്മുടെ വിരലുകളെ നോക്കി, എന്നിട്ടും നമ്മെ അകറ്റിയെന്ന കുശു‌മ്പുമായ്‌ കാക്കുന്നുണ്ട് നിദ്ര‌. നമുക്കുറങ്ങാതിരിക്കാം.

ഇരുട്ടിനെ തുളച്ചുകീറി എന്നെ നോക്കുന്ന നിന്റെ കണ്ണിലെ നക്ഷത്രത്തിളക്കം ഒരു വെളുത്ത മൂടുപടത്തിലെ, കറുത്ത പ്രപഞ്ചത്തിലെ പ്രകാശച്ചുഴിയെ പോലെ. ഞാൻ മാത്രം വസിയ്ക്കുന്ന, പ്രപഞ്ചത്തിന്റെ ഒരു ഭാഗമാണ്‌ എന്നെ നോക്കുന്ന നിന്റെ കണ്ണിലെ ആ നക്ഷത്രത്തിളക്കമെന്നു തോന്നും. അത്‌ കണ്ടുകൊണ്ട്‌, വെളുക്കുവോളം ഞാനിരിക്കാം. നമുക്കുറങ്ങാതിരിക്കാം.

ഉറങ്ങിയാൽ, സ്വപ്നങ്ങളിൽ നീയില്ലെങ്കിലോ? വേണ്ട. നിന്നോടൊപ്പമുള്ള നിമികൾ കൂട്ടിവയ്ക്കാൻ ഞാൻ കാത്തൊരു കുടുക്കയുണ്ട്‌. അതിൽ ഒരു സ്വപ്നനേരം കുറയരുത്‌. നിദ്രകൾ വീഴരുത്‌. നമുക്ക്‌ ഉറങ്ങാതിരിക്കാം.

രാത്രിയുടെ യാമങ്ങളിൽ വീശിയ ഒരു തണുത്തുറഞ്ഞ കാറ്റിനെ, ഞാൻ തലചായ്ച നിന്റെ നെഞ്ചിലെ എന്റെ പ്രിയമായ ഊഷ്മാവു കൊണ്ട്‌ ഞാൻ പൊരുതി തോൽപിക്കുമ്പോൾ ആ നെഞ്ചിനുള്ളിലെ പ്രണയാഗ്നിയിൽ ചൂടുകായാനെത്താറുണ്ട്‌, പിന്നെ, കേട്ടുമറന്ന പ്രണയകാവ്യങ്ങൾ. നമുക്കുറങ്ങാതിരിക്കാം.

നിദ്രയിൽ തനിച്ചാകുവാൻ എന്നെ വിട്ടുകൊടുക്കാതിരിക്കുക. എന്റെ നെറ്റിയിൽ ഒരു ചുംബനമേകി എന്നോട്‌ പറയുക- പാതിരാവായി... ഉറങ്ങാതിരിക്കുവാൻ, എന്റെ പ്രണയമേ, നീയെന്റെ നെഞ്ചോടു ചേരുക. എന്റെ മിടിപ്പുകൾക്ക്‌ നീ നിന്റെ അഗ്നിയേകുക. നമുക്കുറങ്ങാതിരിക്കാം.