Jyothy Sreedhar

ദേഹം

ഒരു വീട് വാടകയ്ക്ക് കിട്ടിയാൽ പലരും പല രീതിയിലാവും അതുപയോഗിക്കുക. ചിലർ അത് തൂത്തും തുടച്ചും അലങ്കരിച്ചും അകത്തും പുറത്തും ഭംഗിയാക്കിയും സൂക്ഷിക്കും. ചിലർ മടിപിടിച്ചു ദേഹമനക്കാതെ അതിനുള്ളിൽ എന്നും കുമിഞ്ഞു കൂടുന്ന പൊടിയിലും മാറാലയിലുമായി ജീവിക്കും. മറ്റു ചിലർ കള്ളും കഞ്ചാവും പുകയുമായി അവിടെ നാറ്റിച്ചു സുഖിക്കും. ചിലർ വായിനു മാത്രം (വയറിനല്ല) പിടിക്കുന്ന ഭക്ഷണവുമായി സുഭിക്ഷമായും താമസിക്കും. ഇങ്ങനെയാണ്  നമ്മളാകുന്ന നമ്മുടെ ആത്മാക്കൾ ഒരു മനുഷ്യജന്മത്തിനു വേണ്ടി വാടകയ്ക്കെടുക്കുന്ന നമ്മുടെ ശരീരത്തെ നോക്കുന്നത്.  ഒരു ദിവസം എന്തായാലും മരിക്കുമെന്ന് മനസ്സില്‍ ഉറപ്പിച്ച് എന്ത് വിഷമാണെങ്കിലും വേണ്ടില്ല, രുചികരമാണെങ്കില്‍, മത്തു പിടിക്കുന്നതാണെങ്കില്‍ അത് കഴിക്കുന്നവരാണ് ഇന്നത്തെ മനുഷ്യര്‍ . ആ ആര്‍ത്തിയെ വാണിജ്യവല്‍ക്കരിച്ച് കുറെയേറെ വിഷദാതാക്കള്‍ . ഹൃദയം അണയ്ക്കുന്നതും, ബുദ്ധി മരവിക്കുന്നതും അവയവങ്ങളില്‍ ഓട്ടകള്‍ വീഴുന്നതും ഒന്നും ആരും അറിയില്ല. അത്രയ്ക്കുണ്ട് രുചിയോടുള്ള നമ്മുടെ ഭ്രമം.

ഒരു പക്ഷെ അതിനെ ഒന്ന് മയപ്പെടുത്താനാവണം റംസാനും കര്‍ക്കിടകവും ഒക്കെ കലണ്ടറിലേക്കും ജീവിതചര്യയിലേയ്ക്കും പണ്ടേ നുഴഞ്ഞു കയറിയത്. ശരീരത്തെ വര്‍ഷത്തിലൊരിക്കല്‍ ശുദ്ധീകരിക്കുന്ന പരമ്പരാഗതരീതികളാണ് അവ. അല്‍പ്പം ആത്മീയതലത്തിലെക്ക് ചിന്ത പോവുകയാണെങ്കില്‍ പല അര്‍ത്ഥങ്ങളും നമുക്കതില്‍ കാണാന്‍ സാധിക്കും. എന്തൊക്കെയാണെങ്കിലും എന്റെ അഭിപ്രായം, ഒരു വര്ഷം മുഴുവനും നമ്മുടെ കൊതിയ്ക്ക് സ്വയം മലിനപ്പെട്ടും നിസ്വാര്‍ഥമായി കൂട്ട് നില്‍ക്കുന്ന നമ്മുടെ ശരീരത്തെ ഒരിക്കലെങ്കിലും ശരീരം എന്ന ഒന്നുണ്ട് എന്ന ചിന്തയില്‍ മനപ്പൂര്‍വ്വം ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണെന്നാണ്.
റൂമിയുടെ പ്രശസ്തമായ വാക്കുകള്‍ :
“There is an unseen sweetness in the stomach’s emptiness. We are lutes. When the sound box is filled, no music can come forth. When the brain and the belly burn from fasting, every moment a new song rises out of fire. The mist clears, and a new vitality makes you spring up the steps before you.”
മരിച്ചതിനു ശേഷം ഒരൊന്നൊന്നര കുളിയൊക്കെ കഴിഞ്ഞ് ചന്ദനമുട്ടിയും സുഗന്ധലേപനങ്ങളും ഒക്കെ കൊണ്ട് ‘വൃത്തിയോടെ’ ദഹിപ്പിക്കുന്നതിനേക്കാള്‍ എത്രയോ അര്‍ത്ഥവും വ്യാപ്തിയുമുണ്ട് ജീവിച്ചിരിക്കെ ആ ശരീരത്തെ പോന്നു പോലെ നോക്കുന്നതില്‍ എന്ന് ശവസംസ്കാര ചടങ്ങുകളില്‍ (പ്രത്യേകിച്ച് കുടിച്ചു കുടിച്ചു മരിച്ചവരുടെ) പങ്കെടുക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്. എത്രയോ നിരര്‍ഥകമാണ് നമ്മുടെ പല ആചാരങ്ങളും… ആത്മാവ് ഉപേക്ഷിച്ച ശരീരത്തെയാണ് ഇത്ര കാര്യമായി ബഹുമാനിക്കുന്നത്, അതും കത്തിതീരാന്‍ അല്‍പസമയം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ . ആ ശരീരം അന്ന് വരെ കുളിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും നീളമുള്ള, വൃത്തിയുള്ള കുളി. ആ ശരീരത്തില്‍ ഉള്ള മാലിന്യം ഓര്‍ത്താല്‍ ആ അവസാന വൃത്തിയാക്കലിനോട് പുച്ഛം തോന്നാറുണ്ട് എനിക്ക്. മതാചാര്യന്മാര്‍ ദയവായി ക്ഷമിക്കുക. ഞാന്‍ മനുഷ്യന്‍ എന്നൊരൊറ്റ തലത്തില്‍ നിന്ന് മാത്രമാണ് സംസാരിക്കുന്നത്. “നീ ആത്മാവുള്ള ശരീരമല്ല, മറിച്ച് ഈ ശരീരത്തിലുള്ള ആത്മാവാണ്” എന്ന കൃഷ്ണവചനം ഇവിടെ ഞാന്‍ ഓര്‍ക്കുന്നു. ഒരു ശരീരം എല്ലാ മോടിയോടും കൂടി ദഹിക്കുമ്പോള്‍ ചിലപ്പോള്‍ മറ്റു പല ശരീരങ്ങള്‍ക്ക് പുതുജീവന്‍ കിട്ടാവുന്ന സാധ്യതയാണ് കെട്ടടങ്ങുന്നത്. മസ്തിഷ്കമരണം സംഭവിച്ചാല്‍ പിന്നെ ആ ശരീരത്തില്‍ ഒരുപാട് പേരുടെ ജീവനുകള്‍ തുടിക്കുന്നുണ്ട്. ഓരോ ഭാഗവും ദാനം ചെയ്ത് മറ്റാളുകളെ ജീവിപ്പിക്കാം. അവയവ ദാനം എന്നത് മഹത്താകുന്നത് അത് മറ്റുള്ളവര്‍ക്ക് ജീവന്‍ കൊടുക്കുന്നു എന്നത് കൊണ്ട് മാത്രമല്ല, കൂടെ, നമ്മുടെ ശരീരം എന്നത് എത്രത്തോളം നമ്മുടെയല്ല എന്ന തിരിച്ചറിവ് കിട്ടുന്നതുകൊണ്ട് കൂടിയാണ്. മുന്‍പ് ഞാന്‍ ഒരു ലേഖനത്തില്‍ എഴുതിയിട്ടുണ്ട്. എന്റെ അവയവങ്ങള്‍ എത്ര വേണമെങ്കിലും എടുത്തോളു, പക്ഷെ നാളെ അത് “ജ്യോതിയുടെ കണ്ണ്”, “ജ്യോതിയുടെ ഹൃദയം” എന്നൊക്കെയുള്ള പൊള്ളയായ അവകാശവാദങ്ങളുമായി ആരും ചെല്ലുകയോ ഓര്‍ക്കുകയോ ചെയ്യരുതെന്ന്. കാരണം ജീവിച്ചിരിക്കുമ്പോഴേ അത് എന്റെതല്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷെ നാളെ പലതായി ആര്‍ക്കെങ്കിലും താമസിക്കുവാന്‍ കൂടി, മുന്‍പ് പറഞ്ഞത് പോലെ, ഞാന്‍ ആകുന്ന ആത്മാവ് ഈ കാണുന്ന ശരീരം എന്ന വാടകവീടിനെ സൂക്ഷിക്കുന്നുണ്ട്. അവിടെ താമസിക്കുന്ന അത്രയും കാലം അവിടം സ്വര്‍ഗ്ഗമെന്ന്‍ മറ്റുള്ളവരെ തോന്നിപ്പിക്കുകയും സ്വയം തോന്നുകയും ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. അഗ്നിയ്ക്ക് ചൂടുള്ളത് പോലെ, ആത്മാവിന് അനശ്വരമായ ഒരു ജീവനുണ്ട് എന്ന സോക്രടീസ്‌ വചനത്തില്‍ ഈ ലേഖനം നിര്‍ത്തുന്നു. *ഈ ലേഖനം തരംഗിണി ഓണ്‍ലൈന്‍ മാഗസിന്‍റെ ഓഗസ്റ്റ്‌ എഡിഷനില്‍ പ്രസിദ്ധീകരിച്ചു: http://www.tharamginionline.com/articles/viewarticle/336.html