Jyothy Sreedhar

തിരിച്ചറിവ്

ഹേ മനുഷ്യാ! തെല്ലൊന്ന് നില്‍ക്കുക! നീ പായുന്നത് എങ്ങോട്ടാണ്! വേറിട്ട പോക്കിള്‍ക്കൊടിയില്‍ നിന്ന് അടുത്ത കടിഞ്ഞൂല്‍ ബന്ധത്തിലേക്കുള്ള ദൂരം, ഓടിയാല്‍ വേഗത്തില്‍ തീരുന്നതല്ല എന്ന് നീയറിയുക! ആപ്തമായ സമയത്തിനായി ദൈവം നിനക്ക് പലതും സ്വരുക്കൂട്ടി വച്ചിരിക്കുന്നു. നീ മാത്രം ധൃതികൂട്ടുന്നു. തിരിച്ചറിയുക. ദിനം തോറും നീ ശപിക്കുന്ന ഈ ലോകത്തെ നീ കണ്ണ് തുറന്നു നോക്കുക. അവ നിനക്കായ്‌ മാത്രം സൃഷ്ടിക്കപ്പെട്ടതാണ്. നീയുറങ്ങുമ്പോള്‍, നിലാവിന്‍റെ പാലൊളിയില്‍ കണ്ണുതുറന്ന്‍, നിനക്കായ്‌ സുഗന്ധം കാക്കുന്ന കൊച്ചു മുല്ലപ്പൂമൊട്ടിനെ ശ്വസിച്ച് അറിയാന്‍ ശ്രമിക്കുക. പകരം, പകലന്തിയോളമുള്ള ഓട്ടങ്ങള്‍ക്കിടയില്‍, നീ വീണുപോകുന്ന ഓടയിലെ ദുര്‍ഗന്ധമാണോ നീ കൊണ്ട് നടക്കുന്നത്? ആകാശത്തിലേക്ക് പറന്നുയരുന്ന കൊച്ചു കിളികളെ കാണാതെ, പത്രം നിവര്‍ത്തി, ഭൂമിയിലേക്ക്‌ കൂപ്പുകുത്തി വീണുടയുന്ന വിമാനങ്ങളുടെ ചിതറിയ അവശിഷ്ടങ്ങളെ നീ ദൃഷ്ടിയില്‍ മുദ്ര കുത്തുന്നു. കടലിന്റെ അഗാധതയില്‍ നീലയിലെ സൗന്ദര്യമായ്‌ വാലടിച്ച്, വേഗം കൂട്ടിയും കുറച്ചും ആസ്വദിച്ച് തുഴയുന്ന സ്വര്‍ണ്ണമത്സ്യങ്ങള്‍ നിന്റെ ജീവിതത്തിന്‍റെ ഭാഗമാണ്. അവ സൌന്ദര്യത്തോടെ സൂക്ഷിക്കുന്ന പവിഴപ്പുറ്റുകളും... മുങ്ങിപോകുന്ന കപ്പലുകളും വിഴുങ്ങുന്ന ചുഴികളും മാത്രമല്ല നിന്റെ മുന്നിലെ ഈ കടല്‍. തിരിച്ചറിയുക. വീഥിയില്‍ നടക്കുമ്പോള്‍ അംബരചുംബികളെ നോക്കി നീ ദീര്‍ഘമായ്‌ നിശ്വസിക്കുന്നതെന്തിന്! വഴിയോരങ്ങളിലെ തട്ടിക്കൂട്ടിയ ഓല മേഞ്ഞ ഷെഡുകളെ നോക്കി നീ ഭാഗ്യവാനെന്നു കണ്ടു ദൈവത്തിനോട് നന്ദി പറയുക! മഴയുടെ ആദ്യ തുള്ളിയെ നീ ശപിക്കരുത്. അതിനൊപ്പം പുതുമണ്ണിന്റെ മണം നിനക്കായ്‌ വീശും. നിന്റെ ജന്മത്തിന് ഓരോ സമയവും പുതുമയേകാന്‍, നിന്നെ ഉണര്‍വ്വോടെ നിലനിര്‍ത്താനായി അതിന്റെ സൃഷ്ടി നിശ്ചിതമാണ്. കരയുന്ന കുഞ്ഞിന് കയ്യില്‍ കൊടുക്കുന്ന മിഠായിയുടെ വിലയുണ്ട് നിന്റെ ഓരോ നിമിഷങ്ങള്‍ക്കും. നീ തിരിച്ചറിയുന്നില്ല. കയ്യിലെ മിഠായി കാണാതെ കരയുന്ന വിഡ്ഢിയാണോ നീ! നിന്റെ അടുത്തുള്ളവന്‍റെ കണ്ണുനീരില്‍ നിന്റെ വാക്കുകള്‍ തുടങ്ങി അവന്റെ പുഞ്ചിരിയില്‍ അതവസാനിക്കട്ടെ. മനസ്സ് നിറഞ്ഞ് നിനക്ക് വീര്‍പ്പുമുട്ടാം. അത്ര എളുപ്പത്തില്‍ പ്രാപ്യമാണ് നിന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍! നിനക്ക് സ്വന്തമായുള്ളതിന്റെ ഒരു പട്ടിക നീയുണ്ടാക്കിയാല്‍, നിന്നെ വീഴ്ത്താതെ ചുറ്റി തിരിയുന്ന ഭൂമിയും, നിനക്ക് ചിന്തകള്‍ എഴുതാന്‍ വിരിഞ്ഞു നില്‍ക്കുന്ന ആകാശവും, നിനക്കെന്നപോലെ കരയുകയും ചിരിക്കുകയും ചെയ്യുന്ന മേഘങ്ങളും മുതല്‍, നീ ചവിട്ടി ഞെരിച്ചിട്ടും നിന്നെ പേറുന്ന ഓരോ മണല്തരിയും വരെ, ഒന്നൊന്നായി, നീ എടുത്ത ചെറിയ കടലാസു തുണ്ടില്‍ ഒതുങ്ങുമെന്ന് നീ വിചാരിക്കുന്നുവോ? മൂഢന്‍ ആണ് നീ മനുഷ്യാ! നാറാണത്ത് ഭ്രാന്തനെ ഭ്രാന്തന്‍ എന്ന് വിളിച്ച മൂഢന്‍! നിനക്കുള്ളത് നിന്നില്‍ നിക്ഷിപ്തമാണ്‌. ഒരു സ്വര്‍ണഘനിയില്‍ നിന്നെന്ന പോലെ നിനക്ക് വേണ്ടത് നീ എടുക്കുക. മിനുക്കുക. നിന്റെ സ്വത്താക്കുക...നിന്റെ ജീവസ്സ്... അതിലേറ്റവും അമൂല്യം നീ തന്നെ നിനക്കായി സമ്മാനിക്കുന്ന സന്തോഷമാകട്ടെ!