Jyothy Sreedhar

ഡൌണ്‍ ടൌണ്‍ മുതല്‍ 'കിസ് ഓഫ് ലൗവ്‌' വരെ

ഡൌണ്‍ ടൌണ്‍ മുതല്‍ 'കിസ് ഓഫ് ലൗവ്‌' വരെയുള്ള സംഭവവികാസങ്ങളെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തണം എന്ന ആവശ്യവുമായി വരുന്ന സന്ദേശങ്ങള്‍ കൂടുന്നു. ചൂടാറും മുന്‍പ്‌  പ്രതികരിക്കാതിരുന്നത് പല കാര്യങ്ങള്‍ കൊണ്ട് തിരക്കില്‍ ആയതിനാല്‍ ആ വാര്‍ത്ത കൃത്യമായി എനിക്ക് നിരീക്ഷിക്കാന്‍ കഴിഞ്ഞില്ല എന്നതുകൊണ്ടാണ്. ഇപ്പോള്‍, ആദ്യം മുതല്‍ അവസാനം വരെ സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച് നോക്കിയതിനു ശേഷവും പ്രതികരിക്കാതിരുന്നത് അതില്‍ നടന്ന ഒരു കാര്യത്തോടും ഞാന്‍ യോജിക്കുന്നില്ല എന്നതുകൊണ്ടാണ്. പക്ഷെ ധാരാളം സന്ദേശങ്ങള്‍ വന്നതുകൊണ്ട് എന്‍റെ അഭിപ്രായം (മാത്രം) എഴുതുന്നു.

ജയ്‌ഹിന്ദ്‌ ചാനലിലെ വാര്‍ത്തകളെ എനിക്ക് തീരെ വിശ്വാസമില്ല എന്ന് പറഞ്ഞുകൊണ്ട് തന്നെ തുടങ്ങട്ടെ. അവരുടെ വാര്‍ത്തകളെക്കാള്‍, വാര്‍ത്തകള്‍ അവര്‍ വളച്ചൊടിക്കുന്ന രീതി കണ്ടു ഞാന്‍ മുന്‍പ് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. അവരുടെ വാര്‍ത്തകളിലെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മിക്കവാറും ഊഹാപോഹങ്ങള്‍ക്ക് അപ്പുറത്തായിരിക്കും. അത് തത്കാലം അവിടെ നില്‍ക്കട്ടെ.

വാര്‍ത്തയിലേക്ക് വന്നാല്‍, അവിടെ നടക്കുന്നു എന്ന് കാണിച്ച കാര്യങ്ങള്‍ "അവിടെ മാത്രമേ നടക്കുന്നുള്ളൂ?" എന്ന് ചോദിക്കാനാണ് ആദ്യം തോന്നിയത്. കാരണം പല കഫേകളിലും, തിയേറ്ററുകളിലെ ആള്‍ത്തിരക്ക്‌ ഇല്ലാത്ത മോണിംഗ് ഷോകളിലും, പാര്‍ക്കുകളിലും ഒക്കെ ധാരാളം ഞാന്‍ നേരില്‍ കണ്ടിട്ടുള്ളതാണ് ഇപ്പറഞ്ഞ കാമുകീകാമുക ആലിംഗനവും ചുംബനവും ഒക്കെ. കാറുകളിലും കമ്പ്യൂട്ടര്‍ കഫേകളിലും ബീച്ചിലെ ഏതെങ്കിലും ഒരു മൂലയിലും അങ്ങനെ ഒരു ചാന്‍സ്‌ കിട്ടുന്ന എവിടെയും ഇത്തരം ദൃശ്യങ്ങള്‍ കാണാം. മുന്തിയ ഹോട്ടല്‍ റൂമുകളില്‍, ഫ്ലാറ്റുകളില്‍, ഇത്തരം ഒന്നും നടക്കുന്നില്ല എന്ന ഒരു വിചാരം ആളുകള്‍ വച്ചു പുലര്‍ത്തുന്നുണ്ടോ എന്ന സംശയവും ഈ വാര്‍ത്തയുടെ ഹൈപ്പ് കാണുമ്പോള്‍ എനിക്ക് തോന്നാതിരിക്കുന്നില്ല. അതുകൊണ്ട് തന്നെ വലിയ ഒരു അസാധാരണത്വം പ്രകടമാക്കി ആദ്യമായി കാണുന്നതുപോലെ ചാനല്‍ വാര്‍ത്ത കൊടുത്തതിനു പുറകിലെ കാരണം വെറും സദാചാരം ആകാന്‍ ഇടയില്ല എന്ന് എനിക്ക് തോന്നുന്നു.

ഇനി അടുത്ത ഘടകത്തിലേക്ക് വന്നാല്‍, ഒരു ചാന്‍സ്‌ കിട്ടിയാല്‍ അടിക്കാനും ഇടിക്കാനും തല്ലാനും തകര്‍ക്കാനും, വേണേല്‍ ഒരു ബോംബ്‌ ഇടാനും വരെ ഇറങ്ങി തിരിക്കുന്ന മലയാളികള്‍ ആ റെസ്റ്റോറന്റ് തല്ലിത്തകര്‍ത്തു എന്ന് പറഞ്ഞാല്‍ ഞാന്‍ അത്ഭുതപ്പെടില്ല. കാരണം, ഞാന്‍ കേരളത്തില്‍ ആദ്യമായിട്ടല്ല. അതൊക്കെ അക്രമമാണ് മോശമാണ് എന്നൊക്കെ പണ്ട് പറയുമായിരുന്നു. ഇപ്പൊ പറഞ്ഞു സമയം കളയാറില്ല. പല തവണയായി, തോന്നുന്നത് ആരോപിച്ച് പലരെയും മര്‍ദ്ദിച്ച് അവശരാക്കാനും ഗ്രൂപ്പ് തല്ലു നടത്താനും നമ്മുടെ നാട്ടുകാര്‍ കഴിഞ്ഞേ ഉള്ളൂ ആരും. ഓണത്തല്ല് നമ്മുടെ മാത്രം അവകാശവും ആഘോഷവുമാണ് താനും. ഒരു വശത്ത് തല്ലുമ്പോള്‍ ഇവര്‍ തന്നെ സരിതയുടെ വീഡിയോകള്‍ കണ്ടു സന്തോഷപുളകിതരാവുകയും, താന്‍ കൂടെ കിടന്നിട്ടുള്ളവരുടെ പേരുകള്‍ സരിത തന്നെ വെളിപ്പെടുത്തുമ്പോള്‍ ഹര്‍ഷാരവത്തോടെ വരവേല്‍ക്കുകയും, സരിതയെ നേരില്‍ കാണുമ്പോള്‍ ഓട്ടോഗ്രാഫും ഫോട്ടോഗ്രാഫും മേടിക്കുകയും ചെയ്യും. ചേര്‍ത്തു വായിക്കുമ്പോള്‍ പരസ്പരബന്ധങ്ങള്‍ കാണാതെ ഞെട്ടിത്തരിച്ച് ഇരിക്കാന്‍ നമ്മളും.

ഇതെല്ലാം കഴിഞ്ഞാണ് 'കിസ് ഓഫ് ലൌ'വിന്‍റെ വരവ്. അതിനോട് ഞാന്‍ യോജിക്കുന്നു എന്നോ അതിനെ ഞാന്‍ പിന്താങ്ങുമെന്നോ ചിലരെങ്കിലും വിചാരിക്കുന്നതായി സന്ദേശങ്ങളില്‍ വ്യക്തമാണ്. ക്ഷമിക്കുക, ഞാന്‍ ആ കൂട്ടത്തില്‍ ഒരു സപ്പോര്‍ട്ട് ചെയ്തു പോലും ഉണ്ടാവില്ല എന്ന് വ്യക്തമാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഈ കിസ് ഓഫ് ലൗവ്‌ എന്നത് കൊണ്ട് എന്താണ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് എന്ന് എനിക്കിനിയും മനസ്സിലായിട്ടില്ല. അതിനു പോകണം എന്ന് രോമാഞ്ചം കൊണ്ട് പറഞ്ഞ ഒരു സുഹൃത്തിനോട് അതിന്‍റെ ഉദ്ദേശ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ "എല്ലാരും പോകുന്നു, അതുകൊണ്ട് ഞാനും അവരുടെ കൂടെയാണ്" എന്ന തനി ക്ലീഷേ മലയാളി ഡയലോഗ് ആണ് ഉത്തരമായി കിട്ടിയത്. അല്ലെങ്കിലും എല്ലാരും ചെയ്യുന്നത് കൂടെ നിന്ന് ചെയ്യുക എന്നത് മലയാളികളുടെ ഒരു പ്രത്യേക കലയാണ്‌. കുറെ പേര്‍ ഒരാളെ തല്ലുന്നു എങ്കില്‍ കാരണം ചോദിക്കാതെ കൂടെ നിന്ന് തല്ലുക, ഒരു വഴക്ക് കാണുന്നു എങ്കില്‍ ആളും തരവും മാത്രം നോക്കി കാര്യമോ വാസ്തവമോ അറിയാതെ ചേരി തിരിയുക, ഒരു സിനിമ കണ്ടിട്ട് കൂടുതല്‍ ആളുകള്‍ക്ക് ഇഷ്ടമായിട്ടുണ്ടെങ്കില്‍ മാത്രം ഇഷ്ടമായി എന്ന് പറയുക....അങ്ങനെ കലാപരമായി മലയാളികള്‍ വളരെ റിച്ച് ആണ്.

പക്ഷെ, അങ്ങനെ ഒരു കൂട്ടം ആളുകള്‍ നിന്ന് എന്‍റെ കണ്മുന്നില്‍ ചുംബിച്ചാലും എനിക്ക് പ്രത്യേകിച്ച് എന്തെങ്കിലും വെളിപാട്‌ ഉണ്ടാവുകയോ അതില്‍ എന്തെങ്കിലും പ്രത്യേകത ഉള്ളതായി തോന്നുകയോ ഇല്ല. ഒരു കൂട്ടം ആളുകള്‍ കേട്ട പാതി കേള്‍ക്കാത്ത പാതി ഉമ്മ വയ്ക്കാന്‍ ഇറങ്ങി ഓടുന്നത് കാണുമ്പോള്‍ സത്യത്തില്‍ ചിരി മാത്രമേ എനിക്ക് വരുന്നുള്ളൂ. യുവ സമൂഹത്തിലെ തിളയ്ക്കുന്ന ചില പ്രശസ്ത വ്യക്തിത്വങ്ങള്‍ക്ക് അര്‍ജന്‍റ് ആയി കുറച്ച് ജനപ്രീതിയുടെ ആവശ്യമുണ്ട് എന്നുള്ളതുകൊണ്ട് മനസ്സില്‍ കൃത്യമായ കണക്കുകൂട്ടലോടെ അവര്‍ സൊ കോള്‍ഡ്‌ ആദര്‍ശ യുവാക്കളായി എടുത്തുചാടുന്നു. അവര്‍ ചാടുന്നത് കണ്ടു പുറകെ കുറെ പേരും ചാടുന്നു എന്നല്ലാതെ ആത്മാര്‍ഥമായ, സത്യസന്ധമായ ഒരു സന്ദേശം ഇക്കൂട്ടര്‍ ഇക്കാര്യത്തിലൂടെ സമൂഹത്തിനു കൊടുക്കുന്നുണ്ടോ എന്നത് സംശയകരമാണ്. അവിടെ കൂട്ടമായ്‌ ചുംബിച്ചത്കൊണ്ട് അവര്‍ എന്താണ് തെളിയിക്കാന്‍ ഉദ്ദേശിക്കുന്നത്! എല്ലാ റെസ്റ്റോറന്‍റിലും ഇതിനുള്ള സൗകര്യം ചെയ്തുകൊടുക്കണം എന്നോ?

കുറച്ച് നാള്‍ മുന്‍പ്‌ എറണാകുളത്ത് നിന്ന്‍ കോഴിക്കോട്ടേക്കുള്ള ട്രെയിനില്‍ ഉണ്ടായിരുന്ന, ഫ്രാന്‍സില്‍ നിന്നുള്ള ഒരു ടൂറിസ്റ്റ് ഗ്രൂപ്പിലെ അല്പം പ്രായമായ ഒരു കപ്പിള്‍ ട്രെയിനിലെ സീറ്റില്‍ ഇരുന്നു ദീര്‍ഘനേരം പരസ്പരം ചുംബിക്കുന്നത് കണ്ടു. അതിനു ശേഷം അവര്‍ പുസ്തകം വായിച്ചുകൊണ്ടിരുന്നു. ദൂരെ നീട്ടി നോക്കിയാല്‍ "അളിയാാാാ......" എന്ന ഒരു എക്സ്പ്രഷന്‍ കൊടുത്ത് പല മലയാളികളും ഒളിഞ്ഞുനോക്കുന്നത് കാണാമായിരുന്നു. ചുംബിച്ചവര്‍ ഒന്നും തെളിയിക്കാന്‍ ഇല്ലാതെ പരസ്പരം സ്നേഹം പ്രകടിപ്പിച്ച് അനാവശ്യമായ ജാള്യതയൊന്നും ഇല്ലാതെ ഇരുന്നു. അതാണ്‌ സത്യത്തില്‍ എനിക്ക് 'കിസ് ഓഫ് ലൗവ്‌' ആയി തോന്നുന്നത്. അര്‍ഥം വച്ചു നോക്കിയാല്‍ 'കിസ് ഓഫ് ലൗവ്‌' എന്നത് സമൂഹമദ്ധ്യത്തില്‍ പങ്കാളിയെ നിര്‍ത്തി മറ്റാര്‍ക്കോ, മറ്റെന്തിനോ വേണ്ടി ചുംബിക്കുന്നതാണെന്നു ഞാന്‍ വിചാരിക്കുന്നില്ല.

ചുരുക്കിപ്പറഞ്ഞാല്‍, ഡൌണ്‍ടൌണില്‍ നടന്നത് ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്നും, അത് റിപ്പോര്‍ട്ട് ചെയ്ത ജയ്‌ഹിന്ദ്‌ ന്യൂസിന്‍റെ ഉദ്ദേശ്യം സംശയാസ്പദമാണെന്നും, ഡൌണ്‍ടൌണ്‍ തല്ലിതകര്‍ത്ത നടപടി സംസ്കാരശൂന്യമായ അക്രമമാണെന്നും പക്ഷെ അതിനോട് പ്രതിഷേധിക്കാന്‍ നടത്തുന്നു എന്ന് പറയപ്പെടുന്ന 'കിസ്സ്‌ ഓഫ് ലൗ' അനാവശ്യമായ ഒരു ഓവര്‍ റിയാക്ഷന്‍ മാത്രമാണെന്നും ഉള്ള എന്‍റെ (മാത്രം) അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് ഞാന്‍ നിര്‍ത്തുന്നു.

എല്ലാവര്‍ക്കും എന്‍റെ ജാള്യതയില്ലാത്ത ഉമ്മ, നമസ്കാരം. :)