Jyothy Sreedhar

കൽത്തുറുങ്ക്

നിന്റെ നെഞ്ചിനുള്ളിലെ
കരിങ്കൽത്തുറുങ്കിനെ
ഞാൻ സ്വപ്നം കാണുന്നു.
അതോളം ഇറങ്ങുവാൻ
എന്റെ ശിരസ്സ്
നിന്റെ നെഞ്ചിലേക്ക് ആഴുന്നു,
പിന്നെയും ആഴുന്നു, പിന്നെയും.
എന്റെ വേരുകൾ പോലും
അവിടെയാകട്ടെ എന്ന് നിനയ്ക്കുന്നു.
നിന്റെ നെഞ്ചിൻതുറുങ്കിലെ
തടവുകാരി ആകുവാൻ
അത്രമേൽ ഞാൻ കൊതിക്കുന്നു-
ഒറ്റ തടവിലെ ഒറ്റ ഒരുവൾ.

അവിടെ,
വെളിച്ചം പോലും നിഷേധിച്ച്
എനിക്ക് വസിക്കണം;
ഒരു നാളെങ്കിൽ അങ്ങനെ.

ആശ്രിതരും ഭാരങ്ങളും നീറിപ്പുകച്ച്
ഒരു ചുവന്ന ഭൂമിയായി ഞാൻ.
നാളത്തെ എന്റെ കനലിനെ,
എരിഞ്ഞമർന്ന എന്റെ ചാരത്തെ
തെല്ലും ഭയക്കാതെ
ഞാൻ ഭ്രമണം ചെയ്തിരുന്നു.

എന്നിലെ സ്ത്രീയിലേയ്ക്ക്‌‌
ഒരുവൻ പാഞ്ഞടുത്തപ്പോൾ
എന്നിലെ മുള്ളുകളെ നിവർത്തി
കവചം തീർത്തതാണ് ഞാൻ.
നിന്റെ ധാർഷ്ട്യത്തോട്‌ 
താക്കീതുകൾ കുറിച്ചതാണ്.
എന്നിട്ടും മുൾവേലികളെ വെട്ടിയൊതുക്കി
നീ നടന്നടുത്തത് ഞാനോർക്കുന്നു.

നീയും പ്രണയവും സ്വപ്നങ്ങളും
പിന്നെ ഞാനും
ഒന്നായ് തീർന്ന‌ നിമിഷം
നീ ചൂണ്ടിയ എന്നിലേയ്ക്ക്
ഒരു നോട്ടം പാഞ്ഞപ്പോൾ
എന്നിലെ ഞാനില്ലായ്മയെ തിരിച്ചറിഞ്ഞ്
ഞാൻ പകച്ചിരുന്നുപോയി.
സൗകര്യപൂർവ്വം,
ആരും എത്തിനോക്കാത്ത ഇടങ്ങളിൽ
എന്റെ ചിതറിയ മുഖം പതിഞ്ഞ
പൊട്ടിയ കണ്ണാടിച്ചില്ലുകൾ
നീറുന്ന വേദനയോടെ
നീ പെറുക്കിയെടുത്തപ്പോൾ
അതിന്റെ അരികുകൾ കൊണ്ട്
നിന്റെ കൈവെളളകീറി
രക്തം കിനിഞ്ഞിരുന്നു.
ഞാൻ പിടഞ്ഞു.
ആ രക്തക്കറ എന്നിൽ പതിച്ചാണ്
നീ എന്‍റെതെന്ന വാക്ക് നീ പറഞ്ഞത്.

എന്റെ, ഞാൻ ശ്രദ്ധ ചെലുത്താത്ത
പെണ്ണുടലഴകിന്റെ മാറ്റിനെ നീ വർണ്ണിക്കുമ്പോൾ
അതിന്റെ സ്തിത്വത്തെ ആദ്യമായറിഞ്ഞ്
ഞാൻ അമ്പരന്നു.

നിനക്കായ്‌ ഒരുങ്ങുവാൻ
കൊതിയോടെ നീ പറഞ്ഞപ്പോൾ
അലസമായ എന്റെ മുടിയിഴകളെ,
മിനുസപ്പെടുത്താത്ത എന്റെ മുഖത്തെ,
വാരിച്ചുറ്റിയ ഏതോ ആവരണങ്ങളെ,
അഴകു കൊതിച്ച പാദങ്ങളെ,
പൊന്നിനായി കാത്ത വിരലുകളെ,
ഒരു തരി തിളക്കത്തിനായാശിച്ച നാസികയെ,
വെറും കഴുത്തിനെ ഒക്കെയും
സ്ത്രീയുടെതായി മെരുക്കുവാൻ അറിയാതെ
ഞാൻ പിടഞ്ഞു.

എന്നെ നീ കണ്ടെടുക്കാൻ തുടങ്ങുമ്പോൾ
വന്യമായ എന്റെ ഹൃദയം പോലും
നീയെന്ന ഗൃഹത്തിലെയ്ക്ക്‌ ചുരുണ്ട്
അതിനുള്ളിൽ ആകുവാൻ
മോഹിച്ചുപോകുന്നു.

എന്റെയുള്ളിൽ വസിച്ച,
എന്റെ ശ്വാസങ്ങൾ ഊറ്റിയ
ജീവാണുക്കളെ കുടഞ്ഞെറിഞ്ഞ്
വെറും ഭൂമിയാകണം എനിക്ക്.
നിന്റെ, ഞാനാകണം എനിക്ക്.

എന്നെ തുറുങ്കിലാക്കൂ!
ആരാരും വരാത്ത ഇടത്തിൽ
സ്വസ്ഥമായി ഞാനൊന്നുറങ്ങട്ടെ.
നീയെന്ന ഓർമ്മ മാത്രം തങ്ങുന്ന
മനസ്സുമായി ഞാൻ സ്വയം നിറയട്ടെ.
നിന്റെ നെഞ്ചകത്തെ ചൂടല്ലാതെ
മറ്റെന്തു വേണം എനിക്ക്!
നീയെന്ന ഒരുത്തന്റെ ധാർഷ്ട്യം
എന്റെ സംരക്ഷണം തീർക്കട്ടെ.
അവിടെ നമ്മുടേതായ പ്രപഞ്ചം,
നാം പറയുമ്പോൾ ഉദിക്കുന്ന സൂര്യൻ,
നമുക്കായ് തൂളുന്ന നിലാവ്,
നമ്മുടെ പ്രണയത്തിനൊത്ത്
നദികൾ, കടലുകൾ, മഴ.

നിന്റെ നെഞ്ചിന്റെ കൽത്തുറുങ്കിൽ 
ഞാൻ ഭൂമിയാകട്ടെ!
നീ എന്നെ ഉൾക്കൊള്ളുന്ന പ്രപഞ്ചവും.