കയ്യെത്തും ദൂരെ ആണ് എന്റെ കുട്ടിക്കാലം... അല്ലെങ്കില്‍, അത്ര അരികെ... അങ്ങനെ തോന്നിപ്പിക്കുന്ന എന്തെങ്കിലും ഒന്ന് ഓരോ വ്യക്തിയ്ക്കും ഉണ്ടാവും. എനിക്ക് അത് എന്റെ ഭൂതകാലം തന്നെ ഉള്‍ക്കൊള്ളുന്ന എന്റെ മുറിയിലെ ഷെല്‍ഫ് ആണ്. [caption id="attachment_712" align="alignright" width="221"] The most lively part in my room- the book shelf and the memories related :)[/caption] ഈ മുറിയോടും ഇതിനുള്ളിലുള്ള ഓരോ വസ്തുവിനോടും എനിക്ക് അതിതീവ്രപ്രണയമാണ് എന്നാവര്‍ത്തിച്ച് എഴുതിയിട്ടുണ്ട് ഞാന്‍ . എന്റെ ഡയറിത്താളുകളില്‍. ഇന്ന് പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെയാണ് ഞാന്‍ എന്റെ കുട്ടിക്കാലത്തെ കുറച്ചു നേരത്തേക്കെങ്കിലും സ്വന്തമാക്കാന്‍ തീരുമാനിച്ചത്. കാലം സാങ്കല്പ്പികം മാത്രമായി തീരുമ്പോള്‍ പ്രായം മനസ്സില്‍ നാം തീരുമാനിക്കുന്നതാവും. ഞാന്‍ ജനിച്ചത് മുതല്‍ക്കെ കാണുന്ന ആ വെളുത്ത ഷെല്‍ഫ് എന്റെ മുറിയില്‍ ഒരു സ്മാരകമായി ഇരിക്കുന്നു. തേഞ്ഞു മാഞ്ഞ കയ്യൊപ്പുകള്‍ മാത്രമല്ല, വീണ്ടും വീണ്ടും മനസ്സ് കൊണ്ട് പതിയുന്ന കയ്യിന്റെ അലസമായ ഭൂപടങ്ങള്‍ അതിന്റെ ചില്ലില്‍, പിടിയില്‍, അതിനുള്ളിലെ വസ്തുക്കളില്‍ ജീവന് നിറയ്ക്കുന്നു. ഇവിടെ ജീവന് എന്നാല്‍ ജീവിതത്തിന്റെ സ്വം എന്ന് ഞാന്‍ അര്‍ഥം നല്കുന്നു. എന്റെ ജീവിതം തുടങ്ങിയതും ഒരുങ്ങിയതും, വിരിയുന്നതും കൊഴിയുന്നതും എല്ലാം അതില്‍ തന്നെ. [caption id="attachment_715" align="alignleft" width="300"] The books in my life...[/caption] എന്റെ ആദ്യ പാഠപുസ്തകങ്ങള്‍, ഞാന്‍ ആദ്യം വായിച്ച കുറിപ്പുകള്‍, പിന്നെ ഒരു ഭ്രാന്തിയെപ്പോലെ വാങ്ങിച്ചു കൂട്ടിയ അനേകം ചിന്തകള്‍, എന്റെ ആദ്യ ക്യാമറ പ്രതി മുതല്‍ ഇങ്ങോട്ടുള്ളത്, ഏതോ വര്‍ഷം മുതല്‍ രാത്രികളില്‍ കുത്തിവരച്ച മനസ്സിന്റെ [caption id="attachment_716" align="alignleft" width="300"] The 'dainam dina thonnyaasangal'- my diaries till date.[/caption] ദൈനംദിനതോന്ന്യാസങ്ങള് -ഡയറി എന്ന് പൊതുനാമം ഉള്ളത്, കടലിന്റെ ആഴത്തെ പ്രണയിക്കുന്ന ഞാന്‍ പെറുക്കിയെടുത്ത ആഴങ്ങളിലെ ചെറുകക്കകള്‍ മുതല്‍ കടല്നാക്കുകളും പേരറിയാ സ്വത്തുക്കളും, പിന്നെ, നാളിന്നു വരെ എനിക്ക് കിട്ടിയിട്ടുള്ള കീറിയ കടലാസുതുണ്ടെഴുത്തുകള് മുതല്‍ വളരെ വലിയ ഗ്രീടിംഗ് കാര്‍ഡുകള്‍ വരെ... എല്ലാം എനിക്കെങ്ങനെ കിട്ടിയോ, അത്രയും ഭംഗിയോടെ, പവിത്രതയോടെ, സ്നേഹം തുളുമ്പുന്ന ഓര്‍മയോടെ ഞാന്‍ സൂക്ഷിച്ചിരിക്കുന്നു. [caption id="attachment_713" align="alignleft" width="300"] All safe, secure and cherished :)[/caption] പണ്ട്, സ്കൂള്‍കാലഘട്ടത്തില്‍ എന്റെ സുഹൃത്തുക്കള്‍ക്ക് നന്നായി അറിയാമായിരുന്നു ഞാന്‍ ഇതൊക്കെ വൃത്തിയായി സൂക്ഷിക്കുമെന്ന്. അതുകൊണ്ട് തന്നെ, അന്ന് മുതല്‍ക്കെ എനിക്ക് ഏറ്റവും നല്ല സമ്മാനങ്ങള്‍ ആണ് കിട്ടിയിരുന്നത്. പലരും കുത്തിയിരുന്ന് വരച്ചുണ്ടാക്കിയ എത്രയോ ചിത്രങ്ങളും പ്രത്യേക രീതിയില്‍ ചിത്രങ്ങള്‍ പോലെ എഴുതിയ അക്ഷരങ്ങളും ഒക്കെ കൊണ്ട് സൌന്ദര്യം വഴിഞ്ഞൊഴുകുന്ന ഒരു കുഞ്ഞുസ്വര്ഗ്ഗം ആണത്. ആരും പറഞ്ഞിട്ടല്ല ഇതൊക്കെ എടുത്തു വച്ച് തുടങ്ങിയത്. കാര്‍ഡുകള്‍ കളയാനുള്ള മടിയായിരുന്നു ഈ ശേഖരത്തിന്റെ ആദ്യ കാരണം. എത്രയോ സ്നേഹവും സമയവും ചിലവാക്കിയാണ് ഒരാള്‍ എനിക്കത് നല്‍കുക എന്നോര്‍ക്കുമ്പോള്‍ പോന്നു പോലെ സൂക്ഷിക്കാന്‍ അല്ലാതെ അത് കളയാന്‍ എന്റെ കൈപൊങ്ങില്ല. ഞാന്‍ അങ്ങോട്ടും അത്രയും ശ്രദ്ധ കൊടുത്താണ് ഓരോ സമ്മാനങ്ങള്‍ എല്ലാവര്ക്കും കൊടുക്കാറ്. അതെവിടെയെങ്കിലും ഒക്കെയായി ശേഖരിക്കപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കാന്‍ ആണെനിക്കിഷ്ടം. മനസ്സ് കൊണ്ട് ഒരാളെ സ്നേഹിച്ച്, അയാള്‍ക്ക് ഒരു പുഞ്ചിരി കിട്ടുവാനാണ് ഇത്തരം സമ്മാനങ്ങളൊക്കെ നാം കൊടുക്കാറ്. അതില്‍ ഭംഗിയും, സത്യവും സ്നേഹവും ഒക്കെ തിങ്ങി നിറഞ്ഞിരിക്കും. പഴയ സുഹൃത്തുക്കള്‍ എന്റെയടുത്ത് വരുമ്പോള്‍ അവരുടെ പഴയ സമ്മാനങ്ങള്‍ നിരത്തിവച്ച് കാണിക്കണം എന്ന് ഞാന്‍ ഓര്‍ക്കും. എന്റെ ശേഖരത്തില്‍ ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ എന്റെ കസിനും നല്ല സുഹൃത്തുമായ കണ്ണന്റെയാണ്. പിന്നെ ജോസിന് . എനിക്കിപ്പോഴും കാര്‍ഡുകളോട് വലിയ ഇഷ്ടമാണ്. എന്റെ ജന്മദിനത്തിന് പഴയ പോലെ ഇത്തരം ഭംഗിയുള്ള, കയ്യൊപ്പുള്ള കാര്‍ഡുകള്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. പഴമയുടെ നീല ഇന്ലണ്ടും, പോസ്റ്റ് കാര്‍ഡും ഒക്കെ വേണ്ടുവോളം ഈ ഷെല്‍ഫില്‍ ഉണ്ട്, പഴയ സ്ടാമ്പുകള്‍ അടക്കം. ഇത് പുതിയ തലമുറയില്‍ ഉള്ളവര്‍ക്ക് ഒരു മ്യൂസിയം പോലെ തോന്നും, എനിക്ക് ഞാന്‍ പണിതെടുത്ത എന്റെ തന്നെ ഹൃദയത്തിന്റെ ആകൃതി, ജീവന് ! [caption id="attachment_714" align="alignright" width="300"] The first doll in my life in the brown dress, the last doll till date is the barbie gifted by Josin, and other gifts in between...[/caption] ഒരു ഞൊടിയില്‍ എന്നെ കുട്ടിക്കാലത്തിലേക്ക് തിരിച്ചു കൊണ്ട് പോകും ഇവയൊക്കെ. ആ സമ്മാനങ്ങളും എഴുത്തുകളും ഒക്കെ ഒന്നൊന്നായി നോക്കുമ്പോള്‍, അന്ന് നടന്ന സംഭവങ്ങള്‍ ഒക്കെ കണ്ണില്‍ തെളിയും, ഇന്നിനെ പോലെ. ഇന്ന് പഴയ ഡയറി വായിക്കുമ്പോള്‍ ഞാന്‍ കണ്ടു ഒരു വരി. അത് എനിക്ക് കാല് ഓപറേഷന് കഴിഞ്ഞു മൂന്നു മാസത്തോളം കാല് അനക്കാന്‍ നിര്‍വാഹമില്ലാതെ കിടന്ന ഏതോ ദിവസം എഴുതിയതാണ്- ‘എത്ര തന്നെ അനങ്ങാതെ എത്ര കാലം ഈ മുറിയില്‍ കിടന്നാലും എന്നെ ഒരിക്കലും ബോര് അടിപ്പിക്കാത്ത എന്തോ ഒന്ന് ഈ മുറിയില്‍ ഉണ്ടെ’ന്ന്. സത്യമാണത്. അതിനു പ്രധാന കാരണം ആ ഷെല്‍ഫ് തന്നെ. എന്നോളം പഴക്കമുള്ള ഷെല്‍ഫ് ആണ് എന്നോളം പഴക്കമുള്ള എന്റെ ഓര്‍മ്മകളെ പൊടി തട്ടാതെ തന്റെ ഗര്‍ഭത്തില്‍ സൂക്ഷിക്കുന്നത്. ജീവിതം ഒട്ടും തന്നെ മുന്നോട്ട് ജീവിച്ചിട്ടില്ലെന്നു തോന്നിപ്പോകും. കാലചക്രം നിശ്ചലമാണ് ആ ഷെല്‍ഫിനുള്ളില്‍. ഋതുക്കള്‍ എന്റെയും പിന്നെ പല എഴുത്തുകാരുടെയും വാക്കുകളിലൂടെ മാത്രം പരിണമിക്കുന്നു. അതിനുള്ളില്‍ ഞാന്‍ കേടാവാതെ സൂക്ഷിച്ചിട്ടുള്ള എന്റെ നാലാം ക്ലാസ്സിലെ കീബോര്‍ഡ് എന്റെ പഴയ വിരലനക്കത്തിലൂടെ ഇന്നും പഴയ സംഗീതം ഉതിര്‍ക്കുന്നതായി എനിക്ക് തോന്നാറുണ്ട്. ആ സംഗീതത്തില്‍ ലയിച്ച് എന്റെ കഴിഞ്ഞ ജന്മദിനങ്ങളും പുതുവര്ഷദിനങ്ങളുമൊക്കെ തങ്ങള്‍ക്കു കിട്ടിയ വിരലടയാളങ്ങളെ ആവര്‍ത്തിച്ചു സ്വപ്നം കണ്ട് സന്തോഷമായി ഉറങ്ങുന്നു... കാലം ഉണരുന്നില്ല. [caption id="attachment_717" align="alignright" width="300"] The shells from Kanyakumari that I collected in my eighth standard mixed with that I collected very recently from Pondicherry[/caption] ഋതുവേ, നീ ഉണരാതിരിക്കുക. എന്റെ അക്ഷരങ്ങള്‍ നിനക്കായി വര്‍ഷം സൃഷ്ടിക്കും, മഞ്ഞുകാലങ്ങള്‍ തീര്‍ക്കും, വേനലുകളായി എരിയും, വസന്തം തന്നെ ഉള്‍ക്കൊണ്ട പോലെ പൂക്കളായ് വിടരും. പിന്നെ നീ ഉണരുന്നതെന്തിന്! ഋതുവേ നീ ഉറങ്ങുക...