മുജ്ജന്മങ്ങളില്‍
ഞാന്‍ നിന്‍റെതായിരുന്നെ-
ന്നറിയണമെന്നില്ല.
വരും ജന്മങ്ങളുണ്ടെന്നോ
അതില്‍ നാമൊന്നെന്നോ
കേള്‍ക്കണമെന്നില്ല.
ഈ ജന്മമുടനീളം പോലും
വേണമെന്നില്ല.
ഈ നിമിഷമാണ്
എന്‍റെ പ്രിയ യാഥാര്‍ത്ഥ്യം.
അതില്‍,
എന്‍റെ കൈകളില്‍
നിന്‍റെ കൈകള്‍ ചേരുമ്പോള്‍
വിദ്യുത്ശക്തിയാലെന്ന പോലെ,
എന്‍റെ നാഡികളോട്
നിന്‍റെ നാഡികള്‍ സംവദിക്കുന്നത്
ഞാനറിയുന്നു.
അവയുടെ ഉയര്‍ന്ന മിടിപ്പുകളുടെ
വേഗം, താളം, താപം
ഞാനറിയുന്നു.
അതിലുണ്ട്
നിന്‍റെ നിശബ്ദതയുടെ സ്പന്ദനവും
നിന്‍റെയൊരു നോട്ടത്തിന്‍റെ
അര്‍ത്ഥതലങ്ങളും.
അതിലുണ്ട്,
എനിക്കായ് തുറന്ന
നിന്‍റെ ഹൃദയത്തിന്‍റെ അറകള്‍;
അതിന്‍റെ ജീവസ്സ്;
എന്‍റെ ഹൃദയത്തിന്‍റെ
കടലാഴങ്ങളിലേക്കെത്തുന്ന
അതിന്‍റെ കൈവഴികള്‍.
അതിലുണ്ട്,
പ്രപഞ്ചം മുഴുവനും പ്രണയിക്കുന്നു
വെന്നു കണ്ട്, അതിന്‍റെ സാക്ഷികളായി,
ഒരു മഞ്ഞുകാലവും മഴക്കാലവും
ചേര്‍ന്നെഴുതിയ ഡയറിക്കുറിപ്പുകള്‍.
അതിലുണ്ട്,
ആയിരമാണ്ടുകള്‍ പറഞ്ഞാലും,
അത് തുടരെ കേട്ടാലും മടുക്കാത്ത
ഒരു പ്രണയലേഖനം,
നിന്‍റെ ചുംബനത്തിന്‍റെ
മുദ്ര പതിഞ്ഞത്.
നീയെന്നെ തീവ്രമായ് പ്രണയിക്കുന്നുവെന്ന്
സ്വയം ഇല്ലാതെയാകാന്‍ കൊതിച്ച
നമുക്കിടയിലെ ദൂരം പറയുന്നു.
ഈ നിമിഷമാണ്
എന്‍റെ പ്രിയയാഥാര്‍ത്ഥ്യം.