ഒടുവില്‍ നീയെത്തുമ്പോള്‍ എന്നെ പുണരുക. ഞാന്‍ താണ്ടിയ ദശാബ്ദങ്ങളെ ചേര്‍ത്ത്, ഞാന്‍ മറന്ന കാലങ്ങളെ ചേര്‍ത്ത്, എന്നില്‍ നിന്നകന്ന എന്നെയും ചേര്‍ത്ത്, എന്റെ ഉടലിനെ ഒന്നാകെ നീ പുണരുക. എന്റെ ആത്മാവിനെ നീ വരിഞ്ഞുകെട്ടുക. എന്റെ കാത്തിരിപ്പുകള്‍ക്ക് മോക്ഷം കൊടുത്ത്, എന്നെ നിന്നോട് ചേര്‍ക്കുക. ഞാന്‍ അത്രനാള്‍ എകാകിയായ് കണ്ട നക്ഷത്രങ്ങളെയും മിന്നാമിനിങ്ങുകളെയും ഒന്നായ് ചേര്‍ത്ത് എന്നെ പുണരുക. എന്റെ, മഞ്ഞുപോലെ തണുത്ത കയ്യില്‍ നിന്റെ പ്രണയത്തിന്റെ ചൂടേകി എന്റെ കരം ഗ്രഹിക്കുക. വിരല്വിടവുകളിലൂടെ എന്റെ പ്രണയം ചോരാതെ കാത്ത് മരണം വരെയും നമ്മളൊന്നെന്ന് കൈത്തലം കൊണ്ട് നീ പറയുക. എന്നെ പുണരുക. എന്റെ ഉടലിന്റെ വടിവുകളില്‍ ആരും കാണാതെ കാത്ത, നിന്നില്‍ മാത്രം കണ്ണീരുതിര്‍ക്കുന്ന എന്റെ ദുഖങ്ങളുണ്ട്. ആശ്വസിപ്പിക്കേണ്ടതില്ല, കരയാന്‍ അനുവദിക്കുക. കരഞ്ഞു വീഴുവാന്‍ നിന്റെ മടിത്തട്ടുമേകുക. എന്നെ പുണരുക. ശേഷം, എന്റെ അധരങ്ങളിലെന്നോ തേഞ്ഞുമാഞ്ഞ എന്റെ ബാല്യ-കൌമാര പുഞ്ചിരികളെ ഒരു ചുംബനത്തിലൂടെ പുനര്‍ജ്ജനിപ്പിക്കുക. അവയ്ക്ക് മറുപുഞ്ചിരികളേകി, വിടരുവാന്‍ നനവേകി, വളരുവാന്‍ അവയോട് പറയുക. എന്റെ പുഞ്ചിരികള്‍ നിന്നെ അനുസരിക്കും. രക്തം കിനിയുന്ന ചിന്തകളില്‍ നിന്ന് എന്റെ ലജ്ജയെ നീ കണ്ടെടുക്കുക. തീക്ഷ്ണനോട്ടങ്ങള്ക്കിടയില് മറന്ന കടക്കണ്മുനകള്ക്ക് മൂര്ച്ചയേകുക. നിനക്കായ് നാണിക്കുവാന്‍ എന്നിലെ പെണ്ണ് കാത്തിരിക്കുന്നു. എന്നെ പുണരുക. നിന്റെയുള്ളിലെ അഗ്നിപര്‍വതത്തിന് എന്റെ മരവിപ്പാകണം കൂട്ട്. അവയെ ശമിപ്പിക്കുവാന്‍, വേനലിലെ മഴ പോലെ, മഴയിലെ ചെറുവെയില്‍ പോലെ, വെയിലിലെ ചെറുതണുപോലെ, മഞ്ഞിലെ ചെറുചൂടു പോലെ, എന്റെ പ്രണയമുണ്ട്- ക്ഷമ നശിക്കാതെ, വഴിക്കണ്ണുമായി നിന്നെ കാത്തിരുന്നത്. എന്നെ പുണരുക. എന്നെ പുണരുമ്പോള്‍, നമ്മുടെ ഓരോ അണുവിലും അദൃശ്യമായ കണ്ണികള്‍ നമ്മെ ബന്ധിപ്പിക്കുമെന്ന് ഞാന്‍ സ്വപ്നം കാണുന്നു. നിന്നെ ബന്ധനസ്ഥനാക്കുവാനല്ല, എനിക്ക് നിന്നോട് ബന്ധിക്കപ്പെടുവാന്‍. ദേഹത്തിന്റെ ആഴങ്ങളോളമിറങ്ങി നമ്മെ കൊളുത്തുന്ന കണ്ണികള്‍, നമ്മെ ആത്മാവോളം ബന്ധിപ്പിക്കുന്നത്. നിന്നില്‍ നിന്നുള്ള മോചനത്തെ അഗാധമായ് ഞാന്‍ ഭയപ്പെടുന്നു. ബന്ധിച്ച കണ്ണികള്ക്കിരുവശവും നമ്മുടെ ഹൃദയങ്ങള്‍ മിടിക്കും, നാഡികള്‍ പരസ്പരം ദൂതുകളെഴുതും, ചിന്തകള്‍ ഒരു പ്രാവിന്റെ ഇരുചിറകുകളായി അനന്തതയിലേക്ക് പാറിയകലും. നിന്റെ സ്പര്‍ശനം പോലും മാന്ത്രികമാണ്. ഈ ഭൂമിയെ എനിക്ക് സ്വന്തമാക്കുക. ഈ ലോകത്തെ എനിക്കന്യമാക്കുക; പകരം നീ എന്റെ ലോകമായിക്കൊള്ളുക. നിന്റെ കണ്ണിലെ ഉദയസൂര്യനും നിന്റെ ചുണ്ടിലെ നിലാവിനുമിടയില് എന്റെ ശ്വാസങ്ങള്‍ കുതറില്ല. എനിക്ക് ഞാനായ് ഇരിക്കുവാന് ഭയമാണ്. പകരം, നിന്നിലെ നാമായ് ഞാന്‍ ലയിച്ചുകൊള്ളാം. അതിനൊരു തുടക്കമേകി, ഒരു നിമി കാക്കാതെ, എന്നെ നീ പുണരുക!