ദൈവമെന്തെന്നറിയാത്ത- യെന്റെ നിഷ്കളങ്കബാല്യത്തില്‍, കൃഷ്ണനെ സൗഹൃദമാക്കി, എന്റെ കുഞ്ഞുചങ്ങാതിയാക്കി ഞാന്‍ സ്വന്തമാക്കിയിരുന്നു. ഒരു പുഞ്ചിരികൊണ്ടൊരായിരമുത്തരങ്ങള് എന്നിലെയ്ക്കൊഴുക്കിയ 'ദൈവം'. ഏകാകിയായ നിമിഷങ്ങളില്‍ വേണുവൂതിയ വികൃതി. മനസ്സില്‍ നൃത്തങ്ങളൊരുക്കി സ്വപ്നങ്ങളെ സ്വപ്നതുല്യമാക്കിയ എന്റെ കുഞ്ഞുദിവ്യന്. കൊഞ്ചിപ്പറയുന്ന കഥകളും, കൊച്ചു പരിഭവങ്ങളും കേട്ട് കുണുങ്ങിച്ചിരിയ്ക്കുന്ന എന്റെ സമപ്രായക്കാരന്‍. കൃഷ്ണനായിരുന്നെന്റെ ചോദ്യങ്ങളു- ടെയാദ്യ പകര്‍പ്പ്. അതിനുള്ളയുത്തരങ്ങളുടെ രേഖ. എന്റെ ഭൂമിക. വിദ്യകള്‍ സ്വായത്തമാക്കുന്ന യുവത്വത്തില്‍ വിഗ്രഹങ്ങള്‍ തച്ചുടഞ്ഞ്, അവിടെ ശക്തമാ- യെന്റെ മനസ്സിനെയാരോ പ്രതിഷ്ഠിച്ചു. ദൈവം പരിശുദ്ധമായ മനസ്സി- ലെന്നയാള് എന്നില്‍ മന്ത്രിച്ചു. ക്ഷേത്രത്തെക്കാള്‍ പരിശുദ്ധമായെന്റെ ഹൃദയത്തില്‍ കൃഷ്ണന് കുടിയിരുന്നു. പ്രണയത്തെയാവാഹിച്ചു. എന്നും മിനുക്കിയ കൃഷ്ണമുഖത്താണ് നീയതിന് ജീവസ്സായ്, ആദ്യമായ് തെളിഞ്ഞത്. ഒരു പ്രഭയേകി, തേജ്ജസ്വിതനായ് നീ മുഖം തന്നപ്പോള്‍ കൃഷ്ണന് പ്രണയഭാവമായിരുന്നുവെന്ന് ഞാനോര്‍ക്കുന്നു. എന്റെ പ്രകടമാവാത്ത ചോദ്യങ്ങള്ക്കെല്ലാ- മൊറ്റയുത്തരമായ് നീ തെളിഞ്ഞു. എന്റെ കൊഞ്ചലുകളും പരിഭവങ്ങളും പിന്നെ പക്വഭാവങ്ങളും വാരിയെടുത്ത് നീ എന്റെ ദിനങ്ങളില്‍ വിതറിയിട്ടു. ബാല്യം മുതലിന്നു വരെയൊന്നാക്കി എന്നെ ഖണ്ഡങ്ങളാക്കാതെ നീ സൂക്ഷിച്ചു. എന്നെ എന്റെ ചരിത്രമാക്കി നിലനിര്‍ത്തി. നിന്നില്‍ ഞാനെന്റെ ബാല്യവും, തീക്ഷ്ണയൌവ്വനവും, എന്റെ സ്ത്രീത്വവും അര്‍പ്പിച്ചു. ഇനി വരാനുള്ള വാര്‍ധക്യവും നീ വരച്ചുചേര്‍ത്തു. മരണത്തെ നിന്നിലലിയുന്ന നിമിയായി നീ എഴുതിവച്ചു. എനിക്കു നിന്നില്‍ നടക്കുവാന്‍ നെടുകെയും കുറുകെയും നീ പാതയൊരുക്കി- ഭൂതഭാവികളതില് നിറഞ്ഞു. നിന്നില്‍ ഞാന്‍ പ്രണയിച്ചത് കാലം കവച്ചെന്നെ പൂര്‍ണ്ണയാക്കിയ നിന്റെയീ മാന്ത്രികത്വത്തെയായിരുന്നു. പിന്നെ, എന്നില്‍ നിന്നൊന്നും ചോരാതെ എന്നെയൊന്നായി ചേര്‍ത്ത നിന്റെ കരങ്ങളെ. എന്റെ 'ദൈവ'ത്തിനു മോക്ഷം നിന്നിലെന്ന് എന്നെ തോന്നിപ്പിച്ച നിന്റെ ദിവ്യത്വത്തെ. ദൈവമാദ്യം കൃഷ്ണനായി. പിന്നെ, അതുള്ളില്‍ തുടിയ്ക്കുന്ന ഞാനായി. ശേഷം, ഞാനലിഞ്ഞ നീയായി. അഹം ബ്രഹ്മാസ്മി.