'അരച്ചായ' അമ്മയുടെ കണ്ടുപിടിത്തമെന്ന് ഒരു നാളില്‍ ഞാന്‍ വിശ്വസിച്ചിരുന്നു. പ്രാതലിന്റെ ആലസ്യത്തില്‍ ഊര്‍ന്നുവരുന്ന പതിനൊന്നു മണിയുടെ അരകപ്പ് ചായയില്‍ കടുപ്പം കൂട്ടാന്‍ പാകത്തില്‍ ചായപ്പൊടിയും, നിറം കൂട്ടാന്‍ പാല്‍ കുറച്ചും. അമ്മയുടെ ഭാഷയില്‍- അത് ഒരൂര്‍ജ്ജം. ലോകത്തിലേറ്റവും രുചികരമായത് എനിക്ക്, ആ അരച്ചായ. മുന്നേരം നിറച്ചുണ്ടാലും, സദ്യയുടെ നിറഞ്ഞ സ്വാദുണ്ടതിന്. അവസാന തുള്ളി നാവിലേയ്ക്കിറങ്ങുമ്പോള്‍, ഒന്ന് കൂടി കിട്ടിയെങ്കിലെന്നാശിച്ച് അടുക്കള വിടുമ്പോള്‍, ഉള്ളില്‍ നിരാശ... ഒരു നോവ്... അമ്മയോടൊരു കുഞ്ഞുദേഷ്യത്തില്‍ അരച്ചായയോട് തീവ്രവിരഹം. നാളത്തെ പതിനൊന്നു മണിയ്ക്ക് ഇരുപത്തിനാലുമണിക്കൂര്‍ ബാക്കി. ഇന്ന്, ഒരടുക്കള മുഴുവന്‍ സ്വന്തമാണെനിക്ക്. പാല്‍ക്കവറുകള്‍ ബാക്കിയാകുമ്പോള്‍ പതിനൊന്നുമണിച്ചായയ്ക്കു സ്വാദില്ലാതെയാകുന്നു. പതിനൊന്നു മണി തന്നെ ക്ഷയിക്കുന്നു, അരക്കപ്പെന്ന സങ്കല്‍പ്പവും. സ്വാദ് ഓര്‍മ്മകള്‍ക്കാണ്... പതിനൊന്നു മണിയ്ക്ക് എന്റെ കൂര്‍ത്ത ചെവിയിലേക്കെത്തുന്ന അമ്മയുടെ നേര്‍ത്ത വിളിയില്‍, ഞാന്‍ കൊതിക്കുന്ന പഴയ അരച്ചായയുടെ ഇങ്ങെത്തിയ വാസനയില്‍...