Jyothy Sreedhar

‘വെറും’ ഒരു സ്ത്രീ.

പൊട്ടിത്തകര്‍ന്ന മണല്‍ത്തരികളിലൂടെ ദേഹം മറന്ന ആത്മാവായി അവള്‍ നടന്നു.   വിണ്ടുകീറിയ പാടത്തിന്റെ കണ്ണാടിചിത്രം പലതായി മുറിഞ്ഞ ആകാശമായ് മുകളില്‍ സാക്ഷിയായി.   കാര്‍മേഘങ്ങള്‍ അന്ധകാരത്തിന്റെ ഭാരത്താല്‍ അവളിലേക്ക് ചാഞ്ഞുനില്ക്കുന്നു.   ആര്‍ത്തലയ്ക്കുന്ന സമുദ്രത്തിന്റെ ഘോരശബ്ദം അവള്‍ക്കു  ഭീതിയായില്ല.   ദൂരെ ഒരു മരം നെടുകെ രണ്ടായി പിളര്‍ന്ന് അവളെ കാത്തിരിക്കുന്നു.   അവളുടെ ചിതറിയ കഷ്ണങ്ങള്‍ അവള്‍ പെറുക്കിയെടുക്കാന്‍ മുതിര്‍ന്നു. പക്ഷെ എവിടെ നിന്ന്?   ദൂരെയുള്ള ഒരു പ്രണയത്തിന്റെ നിശ്വാസം ജീവിതത്തിലേക്കാഞ്ഞടിച്ച കൊടുങ്കാറ്റില്‍ ഇല്ലാതാവുന്നു.   അവളുടെ കാഴ്ചയെ രണ്ടായ് കീറി ദുര്‍ഗന്ധം മണക്കാന്‍ മാത്രം വിടര്‍ന്നു നീണ്ട മൂക്ക്.   സത്യത്തെ ഗ്രഹിക്കാനാവാതെ മ്ലാനമായ മുഖം അകറ്റിയ രണ്ടു ചെവികള്‍.   മുടി നീണ്ടവര്‍ ദുഖിതരെന്നറിഞ്ഞിട്ടും ഇടതൂര്‍ന്നു വളര്‍ന്ന അവളുടെ കേശ‘ഭാരം’.   ഒറ്റനോട്ടത്തില് അവള്‍ ‘സ്ത്രീ’. വിധിയുടെ ഇരയായ ‘വെറും’ ഒരു പെണ്ണ് .   അവള്‍ യാത്രയിലാണ്. അനാഥമായി... അലക്ഷ്യമായി...