Jyothy Sreedhar

വെറുതെ...

വെറുതെ, 
കൂടെയിരിക്കുമോ?
തളർന്ന എൻ്റെ ശിരസ്സിൽ
ഒരു ചുംബനം തൊട്ട്,
സാന്ത്വനം തൊട്ട്,
വെറുതെ...
ഞാൻ നുള്ളിപ്പെറുക്കുന്ന
കുഞ്ഞുനോവുകളെ
മിണ്ടാതെ കേട്ടങ്ങനെ,
വെറുതെ...
ഒരേ ദിക്കിൽ നോക്കി
അസ്തമനച്ചുവപ്പിൽ
ഹൃദയം ചാലിച്ച്,
വെറുതെ...
കൂടെയിരിക്കുമ്പോഴെപ്പോഴോ,
കൈവിരൽത്തുമ്പുകൾ ചേർത്ത്,
ഒരു കൂടാരം തീർത്ത്, വെറുതെ...
പ്രണയം, ഹൃദയമിടിപ്പുകൾ,
പിന്നെ ഒറ്റയായി മാറിയ
രണ്ടുകൾ കൂട്ടി, വെറുതെ...
മരപ്പൊത്തുകളിൽ 
കുഞ്ഞുനിധികൾ കുമിച്ചപോൽ
കൂടാരത്തിൽ സ്വപ്നങ്ങളെ നിറച്ച്,
വെറുതെ...
വെറുതെയങ്ങനെ
കൂടെയിരിക്കുമോ?
പിന്നെ നമ്മൾ പിരിഞ്ഞാലും
നമ്മുടെ കൈഭൂതങ്ങളെ വരച്ചതിൽ
വസിക്കാൻ, പെറ്റുപെരുകാൻ,
സ്വപ്നങ്ങളെ വിട്ടു, വെറുതെ...
ഒരു പ്രപഞ്ചമെന്ന് സ്വയം വിളിച്ച്
അഹങ്കരിച്ചുകൊള്ളാൻ
അവയ്ക്ക് സമ്മതമേകി പൊട്ടിച്ചിരിച്ച്,
വെറുതെ...
എണ്ണമറ്റ ലോകങ്ങളിൽ
ഒന്ന് മാത്രമാണ് അവരുടേതെന്ന്
അവരെയറിയിക്കാതെ,
വെറുതെ...
എങ്കിലും,
അതും ഈ ഭൂമിയിലെ
നമ്മുടെ പ്രപഞ്ചമാണെന്ന്
പിന്നെ ഓർത്തങ്ങനെ,
ഒരു നോക്കിലത് ചാലിച്ച്
പുഞ്ചിരിച്ചങ്ങനെ,
വെറുതെ...
വെറുതെയങ്ങനെ
കൂടെയിരിക്കുമോ?
കാരണങ്ങൾ വേണ്ടാതെ,
എന്നെയും നിന്നെയും വേണ്ടാതെ
നാമായങ്ങനെ...