Jyothy Sreedhar

കഴിയുമ്പോൾ

കഴിയുമ്പോൾ
കവിതയെഴുതണം.
പ്രണയക്കടലിൽ നിന്ന്
ഒരു ഓട്ടച്ചിരട്ടയിൽ
ഒരു വട്ടം വെള്ളം കോരിയാൽ
ഒരു കവിത കിട്ടും.
രുചിക്കുമ്പോൾ ഉപ്പറിയാം.
ആഴം, പരപ്പ്, അജ്ഞാതം.
അതിനുള്ളിൽ തിരകൾ
കാണാൻ കഴിയില്ല,
നുരയും പതയും നിറയില്ല.
ഉറപ്പ്.
എങ്കിലും,
ആ കടലിൽ നിന്ന്
വെള്ളം കോരിയെന്നും
അത് രുചിച്ചെന്നും
ആശ്വസിക്കാം.
എത്ര വട്ടം,
വേഗത്തിൽ,
വെള്ളം കോരിയാലും,
കടലങ്ങനെ കിടക്കും.
ചിരിക്കും.
അത്ര തന്നെ.
പിന്നെ,
ഒരു ഉൾവലിയലുണ്ട്.
ഭയക്കേണ്ടയൊന്ന്.
കടൽ പിന്നോട്ടു പോകുമ്പോൾ
കടലായിരുന്നതിൽ നടക്കാൻ
കൗതുകം ജനിക്കും.
ചിലർ നടക്കും.
കടലാഴങ്ങളുടെ മണൽ
കാലിൽ പൊതിഞ്ഞങ്ങനെ.
അവർക്ക് തിരിച്ചുവരവുണ്ടാകില്ല.
ഉൾവലിഞ്ഞ കടലിൻ്റെ
ഒറ്റ കുതിപ്പിൽ
അതിൻ്റെ ആഴങ്ങളുടെ മണലിൽ
അവരും പതിക്കും.
രക്ഷയില്ലാതെ.
അതിനാൽ,
കഴിയുമ്പോൾ
കവിതയെഴുതണം.
ഓട്ടച്ചിരട്ടയുടെ തുളയിൽ
കൈത്തലം ചേർത്തു വയ്ക്കണം.
ചോരുന്ന തുള്ളികൾ
കൈക്കുമ്പിളിൽ നിറയണം.
അതിൻ്റെ ഉപ്പും നനവും
കൈയ്യിൽ തൊട്ട് ഇരിക്കണം.
എപ്പോഴെങ്കിലും,
ഒരു തിരയതിൽ ജനിക്കും.
പിന്നെ ആ കടലും.
ഒരു
കൈക്കുമ്പിളിൽ
ഒരു കടലിനെ,
അതിൻ്റെ തിരയടക്കം
കോരിയെടുത്തുവെങ്കിൽ
കടൽ ചെറുതെന്നല്ല;
കൈരേഖകൾക്കിടയിൽ
പിടയ്ക്കുന്ന പ്രണയം
കടലായുണ്ട് എന്നാണ്.
നീ ഓർക്കുന്നോ,
എൻ്റെ കൈക്കുമ്പിളിൽ
നീ പതിച്ച ഒരൊറ്റ ഉമ്മയെ
ഞാൻ ഉൾക്കൊണ്ടത്?
മറ്റെന്തു പറയാൻ!