Jyothy Sreedhar

സന്ധ്യാസമയത്തെ ഭ്രൂണഹത്യ

സന്ധ്യകള്‍ ദിവസത്തിലെ നിയന്ത്രണനേരങ്ങളാണ്. നരസിംഹാവതാരം കൊണ്ട് ഞാന്‍ ഭയക്കുന്നവ. കൊച്ചുപ്രായത്തിലെ മുത്തശ്ശിക്കഥകളില്‍ സന്ധ്യയുടെ ദുരൂഹ നിറങ്ങള്‍ ചൊല്ലികേട്ടിരുന്നു. കവിതകള്‍ നോക്കുന്ന പ്രായത്തില്‍ സന്ധ്യ അപൂര്‍ണ്ണമെന്ന് വായിച്ചു. ദുഃഖരചനകളില്‍ ഏറെയും സന്ധ്യയാണ് ആപ്തം, എന്റേതടക്കം. ചെറുനിമിഷത്തില്‍ തുടങ്ങിയൊടുങ്ങുന്ന സന്ധ്യ സൂര്യചന്ദ്രന്മാരുടെ മാന്ത്രികത്വം.   ഇന്ന് സന്ധ്യയില്‍, വെളുത്ത ചട്ടക്കൂട്ടിലെ നിയന്ത്രണങ്ങള്‍ തച്ചുടച്ച് ഗര്‍വ്വോടെ ഞാന്‍ ഓംലെറ്റ്‌ ഉണ്ടാക്കി. സന്ധ്യയിലെ ഭ്രൂണഹത്യ. എനിക്കിഷ്ടം മഞ്ഞക്കരുവും. ഭ്രൂണഹത്യ പാപമെന്നിരിക്കെ, ഈ കവിതയിലൂടെ എന്റെ കുമ്പസാരവും.   (ആ) പിതാവിന്റെയും (മാതാവിന്റെയും) പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമേന്‍ !