Jyothy Sreedhar

ശ്ശ്!

ശ്ശ്!
കേൾക്കുന്നോ?
എന്റെ കവിതകൾ തമ്മിൽ,
ഒച്ചയില്ലാതൊരു കുശലം?
നിന്റെ പേര് മാത്രം,
എന്നെ നോക്കി കളിയാക്കിയും
ആവർത്തിക്കുന്നുണ്ടവർ!

തെല്ലും മിണ്ടാതെ,
എന്റെ കൈപിടിച്ച്,
നിന്റെ ഇടതുതോൾ
എന്റെ ശിരസ്സിനു നൽകി
നീ കൂടെയൊന്നിരിക്ക്
ഒരൽപനേരം‌.
കവിതകളെങ്കിലും,
അതിലെ കഥ
അവർ പറയുന്നത്
ഒന്നിച്ചിരുന്ന് കേൾക്കാൻ‌.

നമുക്കറിയാവുന്ന കഥയെന്ന്
നീ പുച്ഛിക്കരുത്!
ഞാൻ കാണാത്ത
നിന്റെ നെഞ്ചിടിപ്പും
നീ കാണാതെ പോയ
എന്റെയാർത്തനാദവും
അവരറിഞ്ഞിരുന്നു!

എന്റെ ഞെട്ടിയുണർച്ചകളും
നിന്റെ സാന്ദ്രമൗനവും,
എന്റെ ഓടിവരവുകളും
നിന്റെ പ്രതിരോധവും
അവർ കണ്ടിരുന്നു!

അതിനുമെത്രയോ പഴകിയ
നമ്മുടെ പ്രണയകുംബസാരവും,
നാമാസ്വദിച്ച മഴത്താളങ്ങളും,
നിനക്കു പിന്നിൽ മറഞ്ഞ്
നിനക്കു തേജസ്സേകിയ
നമ്മുടെ പ്രണയസൂര്യനും,
രാത്രിക്കവർച്ചയും,
നിലാകാഴ്ചയും
അവർ ഗ്രഹിച്ചിരുന്നു.

അവരാൽ എന്നും വിടർന്ന
നീലക്കുറിഞ്ഞികളുണ്ട്.
അവർ പൊത്തിയ എന്റെ കണ്ണുകൾ
നിറഞ്ഞൊഴുകി തേകിയിട്ടുണ്ട്.
കാലം തെറ്റിയ പൊരിവെയിലിൽ
തണലായി അവർ വിരിഞ്ഞിട്ടുണ്ട്.
കാലിടറി വീണു തളരുമ്പോൾ
ഊന്നുവടിയവരേകിയിട്ടുണ്ട്.
എന്റെ കരുത്തായി നിന്നിട്ടുണ്ട്.
എന്റെ ഹൃദയത്തെ മഥനം ചെയ്ത്
എനിയ്ക്ക് മുൻപേയോടി
എന്റെ പ്രണയം ഒരു ചുരുട്ടായി
നിന്റെ കൈവെള്ളയിൽ അമർത്തിവച്ച്
നിന്നെ അറിയിച്ചിട്ടുണ്ട്.

അവർക്കിടയിൽ പന്തയങ്ങളുണ്ട്,
കടുത്ത മൽസരങ്ങളുണ്ട്.
നമ്മുടെ പ്രണയമൂർച്ചയത്രയും
അവരിൽ തങ്ങുന്നുവെന്ന്
വരികളുദ്ധരിച്ചുകൊണ്ട്
അവർ പ്രഖ്യാപിക്കുന്നു!

തീ പാറുന്ന മൽസരമാണ്!
നമ്മുടെ ഉഗ്രപ്രണയത്തെ
വാക്കുകളാക്കി,
വേവിച്ചൊതുക്കി,
വിഴുങ്ങിയെന്ന് 
പൊട്ടിച്ചിരിക്കുന്നവരുടെ,
എന്റെ തൂലികയിൽ നിന്ന്
പിറന്നു വളർന്നവരുടെ,
ഒരേ കഥയിലെ കൂടപ്പിറപ്പുകളായി
തമ്മിൽ കൊരുത്തപ്പെട്ടവരുടെ
കേവലമൽസരം!

ആരറിയുന്നു!
നിന്നെ കാത്തിരുന്നു കഴച്ച
എന്റെ കണ്ണുകളാൽ
നിന്റെ കണ്ണിലേക്ക്
പ്രണയമൂറിത്തുള്ളുന്ന
ഒരു നോട്ടമെയ്‌ത്,
വായുവിലൂടെ തുഴഞ്ഞെത്തുന്ന
എന്റെ ചുണ്ടുകൾ
നിന്റെ ചുണ്ടുകളെ
മൃദുവായി തൊട്ട്,
വരൾച്ച പങ്കുവച്ചൊന്നൊട്ടി,
ഒരു വട്ടക്കവാടം തുറപ്പിച്ച്,
നിന്റെ ഉമിനീരിന്റെ ചൂടും നനവും,
നിന്റെ നാവിന്റെ ദാഹമൂർച്ചയും
പിടഞ്ഞു തേടുന്നയത്രയും
കൊടുംഭ്രാന്തുള്ള കവിത
ഞാൻ രചിച്ചിട്ടില്ലെന്ന്!

ശ്ശ്!
നമുക്കവരെ കേൾക്കാം.
ശേഷം,
നമ്മുടെ ഭ്രാന്തുകളുടെ
അത്യുച്ചങ്ങളെ മാത്രം
അവർക്ക് നൽകാതിരിക്കാം.
നമുക്കിടയിലെ കൺവഴിയിൽ
നമ്മുടെ ഉന്മാദങ്ങളെ വിത്തുകളാക്കി
ആരും കാണാതെ പാകിയൊളിപ്പിക്കാം.