Jyothy Sreedhar

ശേഷം

സമയം വിഭജിക്കപ്പെടുന്നു. ശേഷം, വിഭജിക്കപ്പെട്ട സമയം ഒത്തുചേരുന്നു. മനോഹരമായ ഒരു വീടാകുന്നു. ഓരോ ഇഷ്ടികയിലും ഓരോ മുഖം... ഓരോ ബന്ധം... ഒരിഷ്ടികയില്‍ മുല്ലാനിയാല്‍ മേസ്തിരി അലസമായ് വരച്ചു എന്ടെ മുഖവും. ഒരു വെറും കൌതുകം. ഭീമമായ വീട്ടില്‍ അത് തേടുക അസാധ്യം. എന്നും ഉള്ള നനവില്‍ മാഞ്ഞിരിക്കാം അത്- എന്ടെ കണ്ണുകള്‍ക്ക് ഒപ്പം. ദൂരെ ഒരു പൊട്ടു പോലെ ആ വീട്. ഇരുട്ട് ഏറിയിരിക്കുന്നു. വെളിച്ചം അണയുന്നു. വഴി നിഗൂഡം. മുള്‍പടര്പ്പില്‍ കാല്പതിക്കാന്‍ ഭയം. മുന്നിലേക്ക്‌ ചുവടുകള്‍ നിഷിദ്ധം. വീടിനെട്ടവും മുകളില്‍ ഒരു മെഴുകുതിരിവെട്ടം. അതില്‍ പ്രാണികള്‍ പിടഞ്ഞു മരിക്കുന്നത് വ്യക്തം. ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചത്തില്‍ എന്ടെ വഴി മടക്കം. തിരിഞ്ഞു നോക്കില്ല- യാഥാര്‍ത്യത്തെ ഞാന്‍ ഭയക്കുന്നിടത്തോളം. ഞാന്‍ അറിയുന്നു- ഉറക്കം ഉണര്‍ന്നാല്‍ അത് വെറും സ്വപ്നം എന്ന്. സ്വന്തം അല്ലാത്ത ഒരു വെറും മായക്കാഴ്ച. ഞാന്‍ അറിയുന്നു- എന്ടെ അപരിചിതത്വം. അപരിചിതമായ ഭയം. ഭയാനകമായ അവസ്ഥ. അവസ്ഥാന്തരങ്ങള്‍. ശേഷം.