Jyothy Sreedhar

വിരഹവൃഷ്ടി

നീ പോയപ്പോൾ
ചാറ്റൽമഴയുണ്ടായിരുന്നു.
ഇനിയും വർദ്ധിച്ച്‌
കൊടുംതീവ്രമായേക്കാവുന്ന
ഒരു വിരഹവൃഷ്ടിയുടെ
ആദ്യ തുള്ളികളായി
നമുക്കിടയിൽ
അത്‌ പെയ്തുകൊണ്ടിരുന്നു.
നീ പോകും തോറും
വായുവിൽ കുത്തിവരച്ച
ജലരേഖകളുണ്ടായിരുന്നു-
ചിത്രങ്ങളായും, കാവ്യങ്ങളായും.
ഓരോന്നിനും മൂർച്ചയുള്ള
അരികുകളുണ്ടായിരുന്നു,
പൊട്ടിയ കണ്ണാടിയുടേതെന്ന പോലെ.
എന്റെ കണ്ണുകൾ
അവയെ വിഴുങ്ങാൻ ശ്രമിച്ചപ്പോൾ
അവയോരോന്നും
ഉൾക്കണ്ണിൽ മുറിവുകളുണ്ടാക്കുവാൻ
മത്സരിക്കുകയുണ്ടായി.
ആഴത്തിൽ എനിയ്ക്ക്‌ നൊന്തു.
കാതടപ്പിക്കുന്ന ശബ്ദമുണ്ട്‌
നീ രഹസ്യമായുരുവിട്ട
പ്രണയവചനങ്ങൾക്ക്‌.
അന്തമില്ലാത്ത ഒരു ഗുഹയ്ക്കുള്ളിൽ
നെടുകെയും കുറുകെയും ഓടുന്ന
പ്രതിധ്വനികൾ പോലെ തോന്നി
ചെവിക്കല്ലിലെ ശബ്ദപ്രഹരങ്ങൾ.
അവസാനം, നാം ഇറുകി,ലയിച്ച
ഗാഢമായ ആലിംഗനത്തിൽ
എല്ലുകൾ നുറുങ്ങിയതും
ഞെരമ്പുകൾ വലിഞ്ഞതും പോലെ
ഒരനുഭവമുണ്ടായിരുന്നു.
ഒടുവിൽ,
സന്ധ്യയുടെ നിറങ്ങളെ കീറിമുറിച്ച്,‌
യാത്രപറഞ്ഞ്,‌ നീയകന്നതുകൊണ്ടാണ്‌‌‌
ഇന്നലെ രാത്രിയായത് എന്ന് തോന്നി‌.

ഇനിയെന്ന്,
പിന്നെയെന്ന്,
അതുകഴിഞ്ഞെന്ന്?

ചാറ്റൽമഴ കനത്തില്ലെങ്കിലും
എനിയ്ക്ക്‌ ഭയമാണ്‌.
അത്‌ പെരുമഴയായി,
പിന്നെ പെയ്തുതോരുമ്പാഴാണ്‌
നീ വരികയെന്നറിയാവുന്നതിനാൽ.

വിരഹം വർദ്ധിച്ചുകൊള്ളട്ടെ.
മൂർച്ചിച്ച്‌, എന്നെ കുത്തിക്കീറിക്കൊള്ളട്ടെ.
ഞാൻ സഹിച്ചുകൊള്ളാം,
അതിന്റെ അറ്റത്ത്,‌
കൈകൾ വിടർത്തി
പടി കയറി വരുന്ന
നീയെന്ന ദൃശ്യം
ഉണ്ടെന്നറിഞ്ഞാൽ മതി.