Jyothy Sreedhar

വിരഹത്തില്‍ നിന്ന്...

നീയറിയുന്നില്ല, നിന്നെ കാണാതെയിരുന്ന്, നിന്നോടു പറയാതിരുന്ന്, ചിതൽപുറ്റു മൂടുന്നയെന്റെ പ്രണയത്തിന്‌ അഗ്നിയാളുന്ന തീവ്രതയുണ്ടെന്ന്.

നീയറിയുന്നില്ല, വിരഹത്തിനു വിശപ്പു വർദ്ധിച്ച്‌, എന്നെയത്‌ കാർന്നു തിന്നൊടുക്കുന്നുവെന്ന്. ഓരോ മഴയിലും, ഇന്നത്തേതിലടക്കം, നിന്നോട്‌ പറയാതെ വച്ച പ്രണയവചനങ്ങളൊക്കെയും എന്റെ കണ്ണീരായൊഴുകുന്നത്‌, ഒടുക്കം ആ മഴയെ തീർത്ഥമാക്കി എന്റെ കണ്ണുകൾ ഞാൻ തുടയ്ക്കുന്നത്‌. നീയറിഞ്ഞിരിക്കില്ല, നിന്നെക്കാണുവാൻ, ദൂരങ്ങൾ താണ്ടുവാൻ, അന്നു ഞാനൊരുങ്ങിയത്‌, കിതച്ചോടിയൊരു നേരം നിനക്കു ഞാൻ വേണ്ടെന്നറിഞ്ഞപ്പോൾ തളർന്നിരുന്നത്‌, കരഞ്ഞുറങ്ങിയത്‌, ഒരു വേള പിന്നെയുണർന്നപ്പോൾ, നിന്നെയൊഴിപ്പിച്ചെന്നു വൃഥാ വരുത്തി‌യ തലയിണയെ മുറുകെ പുണർന്നത്‌, ഭ്രാന്തമായ്‌, അപരിചിതമായൊരു നാമമതിനെ വിളിച്ചത്‌. ഇന്നും, പൊട്ടിച്ചിരിച്ച്‌ നിന്നോടു മിണ്ടിക്കഴിഞ്ഞ്‌, പ്രണയമത്രയും നെഞ്ചിലിടിച്ചമർത്തി ഹൃദയം നുറുങ്ങിയപ്പോൾ, ശൂന്യതയിലേയ്ക്ക്‌ നോക്കിയലറിയത്‌. നീയറിയുന്നില്ല. ഇന്ന്, ഒരു മേഘത്തെ കണ്ട്‌ ഞാൻ അതായെങ്കിലെന്നോർത്തു. നിന്റെ തലയ്ക്ക്‌ മുകളിൽ, കൊതി തീരെ നിന്നെക്കാണുന്ന മേഘം... പൊട്ടിച്ചിരിച്ചു നീ മുഖമുയർത്തുംബോൾ നിന്നോടൊപ്പം തെളിഞ്ഞ്‌, നിന്റെ ദുഖങ്ങൾക്കൊപ്പം സ്വയമിരുണ്ട്‌, പിന്നെ നിന്നിലേയ്ക്കെത്തുന്നൊരു മഴവില്ലയച്ച്‌, ഒരു മഴയ്ക്കായ്‌ നീ ദാഹിച്ചു നോക്കിയാൽ നിനക്കായ്‌ പെയ്യാൻ കഴിയുന്ന മേഘം... നീ കുട പിടിക്കുംബോൾ, നിന്റെ പാദത്തെ തഴുകുന്ന മണ്ണിന്റെ തണുവിൽ അവസാനശ്വാസമെടുക്കുന്ന മേഘം... അങ്ങനെയാകുമെങ്കിൽ, നിനക്ക്‌, നീ മാനത്ത്‌ കണ്ട മേഘങ്ങളിലൊന്ന് മഴയായുതിർന്നു. അത്ര മാത്രം. നീയറിയുന്നില്ല, ഈ വിരഹം ഇങ്ങനെ രചിക്കപ്പെടുന്നതും.