Jyothy Sreedhar

വിദൂരതയിലേക്ക്...

കാച്ചിക്കുറുക്കിയ പാല്‍പോലെ ശുഭ്രമാവില്ല, സുന്ദരമാവില്ല, മൃദുലമാവില്ല എന്‍റെ കവിതകള്‍.

അവയ്ക്ക് ഞാന്‍ ഏകാറുള്ളത് മണ്ണിന്‍റെ, പെണ്ണിന്‍റെ ചാരം കലര്‍ന്ന തവിട്ടുനിറമാണ്.

എന്‍റെ സങ്കല്‍പങ്ങളുടെ മാര്‍ദ്ദവം, എന്‍റെ നെറ്റിയില്‍ വീഴുന്ന അശ്രദ്ധമായ മുടിച്ചുരുള്‍ പോലെ, അതില്‍ സ്വാഭാവികത.

കൊടുംതിരമാലകളാല്‍ ആകൃതിയാര്‍ജ്ജിക്കുന്ന പാറയെ പോല്‍ പരുഷം.

എന്‍റെ ഉടലിനെ അദൃശ്യമായ പിടിയിലൊതുക്കാന്‍ ഒരു കടക്കണ്‍നോക്കിനപ്പുറം സാക്ഷിയായി, നിന്നെയെന്നും കവിതകളില്‍ വരയ്ക്കുന്നത് ഞാന്‍ ഭ്രമിക്കുന്ന ഏകാന്തത നീയായതിനാലാണ്.

കവിതയ്ക്കുള്ളില്‍ നിന്ന് എന്‍റെ നാണത്തെ നിന്നോളം അടുത്തു കണ്ട മറ്റൊരാളില്ല.

എന്നിലെ മണ്‍ചെളി കുഴച്ച്, സംഗീതമാക്കി നിന്നോളം ഇമ്പമായ് ആരും പാടിയിട്ടില്ല.

നിനക്കായ് ഞാന്‍ വിരിയിച്ച തേന്‍നനവുള്ള പുഞ്ചിരികളില്‍ നിന്നോളം ആരുമൊഴുകിയിട്ടില്ല.

എന്നിലെ സ്ത്രീത്വം നിന്‍റെ ദാനമായിരുന്നു.

എന്നിലെ ശാന്തത നിന്‍റെ നെഞ്ചിലെ ഉപരിതലത്തില്‍ നിന്ന് എന്‍റെ കൈരേഖകള്‍ കവര്‍ന്നതായിരുന്നു.

ഇന്നെനിക്ക് ചുറ്റും ഒരു പ്രഭാവലയം പോലെ ഒന്നുണ്ട്. എന്നോടൊപ്പം ഉദിച്ചസ്തമിക്കുന്ന നീയെന്ന സൂര്യന്‍റെത്.

ഓരോ വട്ടം നീ പുണരുമ്പോഴും എന്നോടൊപ്പം വാക്കുകള്‍ വീര്‍പ്പുമുട്ടി എന്നോടൊപ്പം കവിതകള്‍ പൂത്തുലയാറുണ്ട്. നീയെന്ന സൂര്യനിലാണ് അവയുടെ വസന്തം.

അതിനാല്‍, ഭ്രഷ്ടുകളെ മറന്ന് വിദൂരതകളിലേക്ക് പ്രണയവുമായ്‌ നമുക്ക് സഞ്ചരിക്കാം.

ഒരു ചുടുചുംബനത്തിലലിയുമ്പോള്‍ അടയുന്ന കണ്ണുകളിലെ ഇരുട്ട്, അതില്‍ തെളിയുന്ന നിലാവ് നീയെനിക്ക് തരുക.

ശേഷം, ഞാന്‍ നിന്‍റെ വിദൂരതയാകാം.

പകരം, മണ്ണിന്‍റെ, പെണ്ണിന്‍റെ നിറമുള്ള എന്‍റെ പരുഷമായ കവിതകള്‍ക്ക്‌ നിന്നെത്തന്നെ നീ നല്‍കുക.