Jyothy Sreedhar

വാര്ധക്യം

ഓരോ പിറന്നാളില് ഓരോ നരയായ് വാര്ധക്യം പടികയറുന്നതായ് ഞാന് അറിയുന്നു. പണ്ട് ഞാന് ഉറ്റതോഴി ആക്കിയ എന്റെ പ്രിയദര്പ്പണം ഇന്ന് അനാഥമാണ്. ജീവിതം പരുഷം ആക്കിയ എന്റെ ഹസ്തങ്ങളില് ഒരായിരം വീഥികള്. ഈ കൈകള് കൊണ്ടാ കണ്ണാടിയില് ഏറെ നാളുകള് മറന്ന ഒരു തലോടല്. പൊടി മാറിയോരാ വൃത്തത്തില് പഴകിമുഷിഞ്ഞ കണ്ണുകള് ഞാന് പതിച്ചു. ഭൂതകാലത്തിന്റെ മനസ്സുമായി വര്ഷങ്ങള് മറിയുന്നതായി കണ്ടു ഞാന് ഇരുന്നു... ഏറെനേരം… പുതുതല്ലാത്തോരീ പുതുവര്ഷം തോറ്റമായി പാടുന്നത് വര്ഷാന്ത്യത്തിന്റെ വിഷാദഗീതം ഒരു കണ്ണീര്ത്തുള്ളിയില് തുടങ്ങി ദുഖത്തിന്റെ തീമഴയാല് വരണ്ട ഒരു ഹൃദയത്തിന്റെ കഥ. ബന്ധങ്ങളുടെ കോലാഹലങ്ങളില് നിന്ന് ഏകാന്തതയുടെ മൌനത്തിലെക്കെത്തിയ നഷ്ടങ്ങളുടെ മാത്രം താളുകള്. വ്യര്ഥമായ ജീവിതത്തെ നിരര്ത്ഥതയാല് മറച്ച ഒരു കൂട്ടം മനുഷ്യര്. കാലടികളിലെ മണലെല്ലാം ഒഴുക്കികൊണ്ട്പോകുന്ന ഒരു കടല് പോലെ വിധി. തീവണ്ടിയുടെ ചൂളംവിളിക്കൊപ്പം പാളംതെറ്റിമറിയുന്ന എണ്ണമില്ലാത്ത സ്വപ്നങ്ങള്. ഇതില് എവിടെ ആവാം ഞാന് ജീവിച്ചത്…? ഇത്രനാളും… ഞാന് അറിയാതെ…? സൌന്ദര്യതിനായ് മാത്രം കളഞ്ഞ അമൂല്യമായ നിമിഷങ്ങള് ഇന്നൊരു തമാശ പോലെ... വിരൂപമായെന് ജീവിതത്തിന്റെ ഒരു വെറും പ്രതിബിംബമായി വിരൂപിയായ വൃധയായ് ഞാന്. എപ്പോഴും ചീകിമിനുക്കിയിരുന്ന പട്ടു പോലുള്ളോരെന് തലമുടി ഇന്ന് വെറും ഒരു കേശ’ഭാരം'. കാലുകള് കുഴഞ്ഞു വീഴുംപോലെ… മരണത്തിലീക്ക് നടന്നടുക്കാന് പോലും ഊന്നുവടി വേണമെനിക്ക്… യൌവ്വനത്തിലെ സൌഹൃദങ്ങള് ഈ ഏകാന്തവാര്ധക്യത്തിലെ നഷ്ടസ്മ്രിതികള് മാത്രം… ഒരിക്കലും ഒറ്റപ്പെടല് ഇല്ലെന്നു വീരവാദം മുഴക്കിയൊരു ജന്മം കൂടി തല കുനിച്ചു മണ്ണില് ചുംബിക്കുന്നു… അകലെ സന്ധ്യാജപം മുഴങ്ങുന്നു. “കൂടെയല്ലാ  ജനിക്കുന്ന  നേരത്ത്… കൂടെയല്ലാ  മരിക്കുന്ന  നേരത്ത്…”