Jyothy Sreedhar

വാക്ക്.

നീ അരികിലില്ലെങ്കില്‍ സൂര്യനുദിക്കില്ലെന്നും കിളികള്‍ പാടില്ലെന്നും, നിലാവുറങ്ങുമെന്നും ഭൂമി നിശ്ചലമാകുമെന്നും കരുതുന്നത് തെറ്റ്‌.

നീ അരികിലില്ലെങ്കില്‍ എന്‍റെ പ്രണയം മരവിക്കുമെന്നും, അതിനാല്‍ വികാരങ്ങള്‍ വറ്റി, ഊര്‍ജ്ജമകന്ന്‍, ഹൃദയമിടിപ്പ് മാത്ര- മെനിക്കു ബാക്കിയാകുമെന്നും കരുതുന്നത് തെറ്റ്.

നീ പുണരാനില്ലെങ്കില്‍, നീ ചുംബനം നല്‍കാനില്ലെങ്കില്‍, എന്‍റെ കൊഞ്ചലും പിണക്കവും എന്‍റെ പ്രണയഗാനങ്ങളും നീ കേള്‍ക്കാനില്ലെങ്കില്‍, എന്‍റെ ലോകം മരുഭൂമിയാകുമെന്ന്‍ നീ കരുതുന്നത് തെറ്റ്.

നീയെനിക്കു തന്ന ബാല്യം നിന്‍റെ അസ്സാന്നിധ്യത്തെ ജയിക്കുവാന്‍ കെല്‍പ്പുള്ളതാണ് എന്നറിയുക. നിന്നെ ഓര്‍ക്കുമ്പോഴൊക്കെയും മഞ്ചാടിമണികളില്‍ പുഞ്ചിരി കോറി കൂട്ടിവയ്ക്കുവാനെനിക്കറിയാം. നീ വരുമ്പോള്‍ ആ കുടമുടച്ച് നിന്‍റെ നെഞ്ചില്‍ ചാരിക്കിടന്ന്‍ ഞാന്‍ കോറിയ പുഞ്ചിരികളെയെണ്ണി അതിനെ അനുകരിക്കുവാന്‍ എനിക്കറിയാം. ആ വരുംകാല സ്വപ്നത്തില്‍ നിന്ന്‍ ഉദയസൂര്യനും കുളിര്‍നിലാവും എന്നെ ഉണര്‍ത്തുകയില്ല. മഴയും വേനലും ഞാന്‍ അറിയുകയുമില്ല. എന്‍റെ ചിന്തകളിലത്രയും നീ മാത്രമായിരിക്കും.

പിന്നെ കൌമാരയൗവനങ്ങളാണ്. അതും നീ തന്നവ. എന്നെ പുണരുമ്പോഴും എനിക്കു ചുംബനമേകിയപ്പോഴും നീയെന്നില്‍ തൊട്ടുണര്‍ത്തിയവ. അതിലാണ് ഞാന്‍ വികാരങ്ങളില്‍ നിന്ന് വികാരചാഞ്ചല്യങ്ങളെ അറിയുവാന്‍ തുടങ്ങിയത്. എനിക്കായി പ്രണയലേഖനങ്ങളും കവിതകളുമെഴുതി അവയും എനിക്കു കൂട്ടിരിക്കും. വിരഹത്തിലെ യൌവനവും വികാരതീക്ഷ്ണമത്രേ.

എങ്കിലും, നിന്നോടുള്ള വിരഹത്തിന്‍റെ പാരമ്യാവസ്ഥയില്‍, ഉടലാകെ തളര്‍ന്ന്‍, മനസ്സ് മരവിച്ച്, എന്നില്‍ ഉണര്‍ന്നുവളരുന്ന വാര്‍ദ്ധക്യത്തെ തിരിച്ചറിയുന്ന ഒരു നിമിഷമുണ്ടാകും.

അപ്പോള്‍ ഒരു കൈത്താങ്ങായി എന്നോടു കൈചേര്‍ക്കുവാന്‍ നീ വരുമെന്ന് എനിക്കുറപ്പാണ്. കാരണം, വാര്‍ദ്ധക്യവും മരണവും നീയില്ലാതെ അറിയുവാന്‍ എനിക്കു ഭയമാണ്, ചിന്തകളിലാണെങ്കിലും.

എനിക്കു ഭയമെങ്കില്‍, തിരിഞ്ഞു നിന്ന് മുഖംപൊത്താന്‍ നിന്‍റെ നെഞ്ചുണ്ടാവുമെന്നതാണ് ഈ പ്രണയത്തിലെ നിന്‍റെ ആദ്യവാക്ക്;

നീയെന്‍റെ പുരുഷനാണ്; ഒരു ധീരയോധാവായ്‌ വാക്കുകളെ സംരക്ഷിക്കുന്നവന്‍, ചിന്തകളിലെ വാര്‍ദ്ധക്യത്തില്‍പ്പോലും എന്നെ തനിച്ചാക്കാത്തവന്‍.

ദൂരങ്ങളെ ഖണ്ഡിച്ച്, എന്‍റെ പുരുഷനായി നീ മടങ്ങിവരുമെന്നുറപ്പ്.