Jyothy Sreedhar

വാക്കുകള്‍ക്ക് പ്രണാമം

ഇതൊരു നവരാത്രി ലേഖനമാണ്... എന്നെ അനുഗഹിച്ച, അനുഗ്രഹിക്കുന്ന വാക്കുകളെ കുറിച്ച് ഞാന്‍ എഴുതുന്ന ലേഖനം. ഈ ലേഖനത്തിലെ എന്റെ ചിന്തകളെയും വാക്കുകളെയും നിങ്ങള്‍ ഇഷ്ടപ്പെട്ടെക്കാം. ചിലര്‍ക്ക് ഇതിഷ്ടപ്പെടാന്‍ കഴിയാതെ വന്നേക്കാം. പക്ഷെ ഇതെഴുതുന്ന, അല്ലെങ്കില്‍ നിങ്ങള്‍ വായിക്കുന്ന സമയത്തില്‍ നിന്നും അതിന്‍റെ യഥാര്‍ത്ഥവിന്യാസം അറിയുവാന്‍ കുറച്ചു പുറകിലേക്ക് പോകേണ്ടിയിരിക്കുന്നു. എനിക്ക് കിട്ടിയ അനുഗ്രഹങ്ങള്‍ എത്ര വലുതാണെന്ന് ബോധ്യപ്പെടണമെങ്കില്‍ അതിന്‍റെ ചരിത്രം കൂടി അറിയണം. അതിന്‍റെ ഒരു ചുരുക്കം ഇവിടെ കുറിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ആലുവയിലെ നിര്‍മല ഹൈസ്കൂളില്‍ ഒരു ജ്യോതി എസ് എസ് ഉണ്ടായിരുന്നു. ഏതു സ്കൂളിലെയും ഒരടിസ്ഥാന അളവുകോലായ പഠനം എന്നാ പ്രക്രിയയില്‍ ശരാശരിയില്‍ മാത്രം നില്‍ക്കുന്ന കുട്ടി. നിറം കറുപ്പില്‍ നിന്ന് ഒരു ചെറിയ പ്രൊമോഷന്‍ ഉണ്ടെന്നേ ഉള്ളു. കുറച്ച് പൊന്തിയ പല്ലുകളും. ചുരുണ്ട മുടി സൌന്ദര്യം ആയിരുന്ന ആ കാലഘട്ടത്തില്‍ എണ്ണതേച്ച കോലന്‍ മുടി രണ്ടു വശത്തും പിന്നിയിട്ട്, ചുവന്ന റിബണ്‍ കെട്ടി കോലു പോലെ രണ്ടറ്റത്തും ഇട്ട് ഒരു സ്വപ്നവും ഇല്ലെന്ന മട്ടില്‍ നടക്കുന്ന ഒരു കുട്ടി. എല്ലാവരുമായും കൂട്ട്, പക്ഷെ ആരുമായും അടുപ്പം ഇല്ലെന്ന പോലെ ആയിരുന്നു അവള്‍ അവിടെ ജീവിച്ചത്. അവള്‍ ഡാന്‍സില്‍ മിടുക്കിയായിരുന്നു. യുവജനോത്സവങ്ങളില്‍ കൈ നിറയെ സമ്മാനങ്ങള്‍. അവളെ ആര്‍ക്കെങ്കിലും അറിയാമായിരുന്നു എങ്കില്‍ അത് ഡാന്സിലൂടെ ആയിരുന്നു. അത്ര മോശമല്ലാത്ത കര്‍ണാടക സംഗീതവും കവിതാപാരായണവും ഒക്കെ അവള്‍ക്കുണ്ടായിരുന്നു. പക്ഷെ പരീക്ഷ വരുമ്പോള്‍ ഈ മാഹാത്മ്യങ്ങള്‍ ഒന്നും ഉണ്ടാവില്ല. ഡിസ്റ്റിന്ഗ്ഷന്‍ കിട്ടാത്തതില്‍ എന്നും അമ്മ പരിഭവിക്കുന്നത് അവള്‍ കേള്‍ക്കും. അതവള്‍ക്ക് ഡിസ്റ്റിന്ഗ്ഷന്‍ കിട്ടാത്തത് കൊണ്ട് മാത്രമല്ല, അമ്മയ്ക്കറിയാവുന്നവരുടെ മക്കള്‍ ഒക്കെ ഡിസ്റ്റിന്ഗ്ഷന്‍ മേടിക്കുന്നത് കൊണ്ടായിരുന്നു. അവളുടെ എഴുപത്തഞ്ചു ശതമാനം മാര്‍ക്ക്‌ എസ്എസ്എല്‍സിയ്ക്ക് അമ്മ ഒരു ചെറിയ നാണക്കേടോടെ ആണ് കണ്ടത്. അവളുടെ കോളേജ്‌ കാലഘട്ടം തുടങ്ങിയത് ആലുവ സെയിന്റ് സേവിയേഴ്സ് കോളേജിലെ പ്രിഡിഗ്രി ക്ലാസ്സില്‍. അവള്‍ക്ക് പറഞ്ഞിട്ടില്ലാത്ത സയന്‍സ് അവളെ വിരട്ടി വിരട്ടി ഒടുക്കം അറുപതു ശതമാനം മാര്‍ക്കോടെ ഒരു കണക്കിന് രക്ഷപ്പെടുത്തി. ഡിഗ്രിക്ക് സയന്‍സിന്റെ ബാധ അമ്മ അവളുടെ പുറകെ തള്ളിവിടുമ്പോള്‍ ഒരു ചെറിയ പൊടിക്കയ്യിലൂടെ അവള്‍ ഇംഗ്ലീഷ്‌ സാഹിത്യ ബിരുദത്തിലേക്ക് കയറി... വീട്ടുകാരെ വെല്ലുവിളിക്കുന്നതിലുള്ള അല്പം ഭയത്തോടെ. അവിടെ നിന്ന് അവള്‍ വാക്കുകളെ സ്നേഹിച്ചു തുടങ്ങി. അവിടെ ഒരു ഇന്ഫീരിയോരിടി കൊമ്പ്ലെക്സിന്റെ പടയോട്ടം. ചില കൂട്ടുകാര്‍ പുറകില്‍ ഇരുന്ന്‍ അവളെ കളിയാക്കുന്ന പരിപാടി ഇടയ്ക്ക് നടന്നുകൊണ്ടിരുന്നു. ഒരു കൂട്ടത്തിനിടയില്‍ അവള്‍ ഒരിക്കലും ശ്രധിക്കപ്പെടുന്നവള്‍ ആയിരുന്നില്ല. അത്ര സൗന്ദര്യവും ഇല്ല. ഫാഷന്‍ എന്നത് ഏഴയലത്ത് കൂടി പോയിട്ടില്ല. ചില കുത്തുവാക്കുകള്‍ക്കിടയില്‍ അവള്‍ക്ക് തോന്നുമായിരുന്നു, ഒരു ദിവസം എങ്കിലും അവള്‍ക്ക് സൌന്ദര്യം ഉണ്ടെന്ന് ഒരാള്‍ എങ്കിലും പറഞ്ഞാല്‍ അതാണ്‌ ഏറ്റവും വലിയ ഭാഗ്യമെന്ന്‍. അന്ന് വെറുതെ മനസ്സില്‍ തോന്നിയിരുന്നു ഒരിക്കല്‍ ആ ഭാഗ്യം വേണമെന്ന്... പിന്നെ പ്രശസ്തനായ ഒരു വ്യക്തിയ്ക്കെങ്കിലും അവളെ അറിയണം എന്ന്... അവളുടെ പേര് ഒരു ചെറിയ കൂട്ടത്തിനിടയില്‍ എങ്കിലും നല്ല രീതിയില്‍ പരാമര്ശിക്കപ്പെടണം എന്ന്. മനസ്സില്‍ അവള്‍ ആഗ്രഹിച്ചിരുന്നു ഇതെല്ലാം. ഒരു ചീട്ടുകൊട്ടാരം പോലെ, ഒഴിവു വേളകളില്‍ അവളത് കെട്ടിപ്പൊക്കി. അങ്ങനെ ഇരിക്കെയാണ് അവള്‍ ടിവി ആങ്കറിംഗ് മേഖലയിലേക്ക് കയറുന്നത്. കൂടെ കുറച്ച് ഡാന്‍സ്‌ പെര്‍ഫോമന്‍സുകളും. അത് ഒരു തുടക്കം ആയിരുന്നു. ബിരുദം വിടുമ്പോള്‍ 'ബെസ്റ്റ്‌ ഔട്ഗോയിംഗ് സ്ടുടെന്റ്റ്‌' എന്ന അവാര്‍ഡ്‌ അവള്‍ അമ്മ ഇരിക്കുന്ന വേദിയില്‍ തന്നെ കരസ്ഥമാക്കി. അതെ കോളേജില്‍ തന്നെ എംഎ ഇംഗ്ലീഷിന് പ്രോഫിഷ്യെന്സി പ്രൈസും അവള്‍ക്ക് കിട്ടി. അമ്മയോട് അല്‍പ്പം ശക്തമായി പറയാനും തെളിയിക്കാനും കഴിഞ്ഞു അവള്‍ക്ക് വാക്കുകളുടെ ലോകം ആണ് വേണ്ടതും, പറഞ്ഞിട്ടുള്ളതും എന്ന്. പിന്നീട് ഇംഗ്ലീഷില്‍ യുജിസി നെറ്റും കിട്ടിയപ്പോള്‍ അമ്മയ്ക്ക് ഏതാണ്ട് വിശ്വാസമായി തുടങ്ങി. അങ്ങനെ അവളുടെ പഠനത്തെ കുറിച്ച് അഭിമാനിക്കാനുള്ള വക അമ്മയ്ക്ക് കിട്ടി. കുറച്ചു നാള്‍ അതെ കോളേജില്‍ ഗെസ്റ്റ്‌ ലെക്ചറര്‍ ആയപ്പോള്‍ അമ്മയുടെ മനസ്സ് സന്തോഷിക്കുന്നത് അവള്‍ കണ്ടു. കൂടെ ആകാശവാണിയില്‍ പാര്‍ട്ട് ടൈം ആര്‍ജെ കൂടി ആയി. അപ്രതീക്ഷിതമായ, കുറച്ച് ജാതിപരമായ ചില പിന്‍കളികള്‍ കൊണ്ട് പഠിച്ച കോളേജില്‍ സ്ഥിരനിയമനം കിട്ടാതിരുന്നപ്പോള്‍ അവള്‍ ശരിക്കൊന്നു പതറി. അപ്പോഴും ചില കളിയാക്കലുകള്‍ അവള്‍ക്ക് നേരിടേണ്ടി വന്നു. അത് നന്നായെന്നു അവള്‍ ഇന്ന് പറയും. അങ്ങനെ ഒരു തിരസ്കാരത്തിനിടയിലാണ് അവള്‍ എഴുത്ത് എന്നതിനെ കൂടുതല്‍ മുറുക്കുന്നത്. ഫെയ്സ്ബുക്കിലെ അവളുടെ സാന്നിധ്യം ബന്ധുക്കളുടെയും സ്വന്തം വീട്ടുകാരുടെയും ഇടയില്‍ വീണ്ടും കളിയാക്കലുകള്‍ ഉണ്ടാക്കിയെങ്കിലും, അവള്‍ എഴുത്തിലൂടെ അല്പസ്വല്പം അറിയപ്പെട്ടു തുടങ്ങി. അവള്‍ ജ്യോതി ശ്രീധര്‍ ആയി. ചില എഴുത്തുകള്‍ പലരുടെയും പല തരത്തിലുള്ള വികാരങ്ങളുടെ പാത്രമായി. പിന്നെ പിന്നെ, അവളുടെ ലേഖനങ്ങളും അവളെ കുറിച്ചുള്ള ലേഖനങ്ങളും മാധ്യമങ്ങളില്‍ അങ്ങിങ്ങ് പ്രത്യക്ഷപ്പെട്ടു. ഒരു കൊച്ചു കുട്ടിയുടെ മനസ്സോടെ അവള്‍ അമ്മയെ അതെല്ലാം വായിച്ചു കേള്‍പ്പിച്ചു. കയ്യില്‍ പ്രശസ്തമായ അടുത്ത സൌഹൃദങ്ങളുടെ ഒരു വലിയ ലോകമുണ്ടായിക്കൊണ്ടിരുന്നു. ജ്യോതി ശ്രീധര്‍ എന്ന പേര് ചിലര്‍ അറിയാന്‍ തുടങ്ങി. അവള്‍ ആരാധിക്കുന്ന ചിലര്‍ അവളുടെ എഴുത്തുകള്‍ കണ്ട് അവളുടെ നമ്പര്‍ ഒപ്പിച്ചു വിളിക്കുമ്പോള്‍ അവളുടെ വികാരം നിര്‍വചനങ്ങള്‍ക്കും അപ്പുറത്തായിരുന്നു. അതില്‍ ചില എഴുത്തുകാര്‍ അവരുടെ പ്രശസ്തമായ രചനകളുടെ ഒപ്പിട്ട ഓതേര്‍സ് കോപ്പി അവള്‍ക്ക് അവരുടെ അനുഗ്രഹമായി കൊടുത്തു, അവള്‍ ചോദിക്കാതെ തന്നെ. പണ്ട് പുച്ചിച്ചിരുന്ന പലരും ചില സ്ഥലങ്ങളില്‍ അവളുടെ പേര് അടുത്ത സുഹൃത്തായി കാണിക്കുവാന്‍ ബദ്ധപ്പെടുമ്പോള്‍ അവള്‍ ഒരു ചെറുപുഞ്ചിരിയോടെ കടന്നു പോകുന്നു. ഇന്ന് നോക്കുമ്പോള്‍ അനുഗ്രഹങ്ങളാണ് അവള്‍ പിന്നിട്ട വഴി നീളെ. ആ അനുഗ്രഹങ്ങള്‍ അവള്‍ക്ക് ലഭിച്ചത് അവള്‍ വാക്കുകളെ അത്രെയേറെ സ്നേഹിച്ചത് കൊണ്ടാണ്. നമ്മള്‍ തീവ്രമായി ഒന്നിനെ ആഗ്രഹിച്ചാല്‍ ഈ പ്രപഞ്ചം മുഴുവനും ഗൂഡാലോചന നടത്തി അത് നമുക്കായി യാഥാര്‍ത്ഥ്യമാക്കും എന്ന പോളോ കേയ്ലോയുടെ വരി അവളുടെ ജീവിതത്തില്‍ ഇന്നോളം നടന്നിട്ടുള്ളതാണ്... അത്ഭുതാവഹമായി. ഈ രത്നച്ചുരുക്കത്തില്‍ ഞാന്‍ പറഞ്ഞത് എന്‍റെ കഥയേക്കാള്‍ എന്‍റെ ജീവിതം മാറ്റി മറിച്ചുകൊണ്ടിരുന്ന 'വാക്കുകള്‍' എന്ന പ്രതിഭാസത്തെയാണ്. ഞാന്‍ എത്രത്തോളം വാക്കുകളെ സ്നേഹിക്കുന്നുവോ അതിന്‍റെ പതിന്‍മടങ്ങ്‌ അവയെന്നെ സ്നേഹിച്ചു പുണരുന്നു എന്ന് ഞാന്‍ അറിയുന്നു. ചില സമയങ്ങളില്‍ ഞാന്‍ പാതി ബോധത്തോടെ ആണ് എഴുതുക. സത്യത്തില്‍ അപ്പോഴൊക്കെ ആ വാക്കുകള്‍ വന്നു സ്വയം എഴുതി പോകും പോലെ എനിക്ക് തോന്നിയ അവസരങ്ങളുണ്ട്. അത്ര തീവ്രമായ രചനകള്‍ കുറിക്കാന്‍ അവര്‍ എന്നെ പ്രാപിക്കുന്നു, പേന എടുക്കുവാനായി കുത്തിനോവിച്ച് വേദനിപ്പിക്കുന്നു. ശേഷം കണ്ണ് ചിമ്മുന്ന വേഗത്തില്‍ അവര്‍ സ്വയം ചുരുളഴിഞ്ഞു രൂപം വ്യക്തമാക്കുന്നു. ഇതെല്ലാം ഞാന്‍ അത്യന്തം ആത്മാര്‍ഥതയോടെയാണ് പറയുന്നത്, ചിലര്‍ വിശ്വസിച്ചെന്നു വരില്ലെങ്കിലും. ഇപ്പോള്‍ പൂജവെയ്പ്പ് സമയത്ത് ഞാന്‍ കുറെ ആലോചിച്ചു, പണ്ട് പഠിക്കാതിരിക്കാന്‍ മാത്രം പൂജ വച്ചിരുന്ന കാലഘട്ടം. ഇപ്പോള്‍ ലാപ്ടോപും ഐഫോണും ആണ് എന്‍റെ എഴുത്തിന്റെ ആയുധങ്ങള്‍. അവയാണ് എന്‍റെ ചിന്തകളെ ആദ്യമായി ദര്ശിക്കുന്നവര്‍. ഇങ്ങനെ ഒരു ദിനത്തില്‍ അവ അടച്ചു വയ്ക്കാന്‍ എനിക്ക് മനസ്സ് വരുന്നില്ല. മറിച്ച്, അവയുപയോഗിച്ച് അവരോടുള്ള ബഹുമാനം കുറിച്ച്, ഈ പൂജ ദിനങ്ങളില്‍ ഞാന്‍ അവയെ പൂജിക്കുവാന്‍ ആഗ്രഹിക്കുന്നു. എന്‍റെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തിയത് അവരാണ്. ജ്യോതി എസ് എസില്‍ നിന്നും ജ്യോതി ശ്രീധറിലെക്കുള്ള ദൂരം അവ ഉണ്ടാക്കി വച്ച മൈല്‍കുറ്റികളാല്‍ മാത്രം അളക്കാവുന്നതാണ്. അവ ചേര്‍ത്തുവച്ചാല്‍ എനിക്ക് കാണാം എന്നെ അനുഗ്രഹിക്കുന്ന ഒരു സരസ്വതീദേവീരൂപത്തെ... ആ രൂപം കുടികൊള്ളുന്ന ഒരു നവരാത്രിമണ്ഡപത്തെ... പണ്ട്, ഒഴിവുവേളകളില്‍ ആരുമറിയാതെ അവള്‍ കെട്ടിപ്പൊക്കിയ ആ ചീട്ടുകൊട്ടാരം ഇന്നൊരു ക്ഷേത്രമായി മാറിയിരിക്കുന്നു. ആ ക്ഷേത്രക്കുളത്തില്‍ എന്നും മുങ്ങിനിവര്‍ന്ന്‍ ശുദ്ധിയായി അവിടെയാണ് അവള്‍ തന്റെ വാക്കുകളെ പൂജിക്കുന്നത്. അവിടെയാണ് അവര്‍ അവളെ അനുഗഹിക്കുന്നത്. അവളെക്കാള്‍ എത്രയോ മുകളിലുള്ള വാക്കുകള്‍ എന്ന അനുഗ്രഹത്തിന്‍റെ പേരില്‍ അഭിമാനമല്ലാതെ, ഒരിക്കലും അഹങ്കാരം ഉണ്ടാവില്ലെന്ന് അവള്‍ എന്നും അവിടെ സത്യം ചെയ്യാറുണ്ട്. ഇനിയുമുണ്ട് അവള്‍ക്ക് ആഗ്രഹങ്ങള്‍- അവള്‍ ഒരിക്കല്‍ പ്രാപിക്കാന്‍ പോകുന്നവ. ചീട്ടുകൊട്ടാരം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കഥ തുടരുന്നു.