Jyothy Sreedhar

റെയിലരികിലെ ഇരുപതുവര്‍ഷങ്ങള്‍

ഇരുപതു വര്‍ഷങ്ങളില്‍ കൂടുതലായി ഈ ബന്ധം തുടങ്ങിയിട്ട്. ഞങ്ങളുടെ ഓരോ നിമിഷങ്ങള്‍ക്കും ശ്രുതിയിട്ട് ട്രെയിനിന്റെ ചൂളംവിളികള്‍. . ഈ റെയിലരികിലെ ജീവിതത്തില്‍ പലരുടെയും സഹതാപവും ആശ്ചര്യവും അസൂയയും ഒക്കെ ശീലമായി. കൊച്ചു കുട്ടികള്‍വന്നാല്‍ ഓടി പുറത്തേക്കു പോകുകയും ട്രെയിന്‍ നോക്കി ടാറ്റാ കാണിക്കുകയും തിരിച്ചു കിട്ടുന്ന റ്റാറ്റാ എണ്ണുകയും ഒക്കെ ചെയ്യുന്നത് കാണാന്‍ രസമാണ്. പക്ഷെ ഓര്‍മകളെ പിന്നിലേക്ക്‌ എത്ര വലിച്ചു നീട്ടിയാലും അതിനപ്പുറമാണ് ഈ റെയിലിന്റെ ആദ്യ സ്റ്റേഷന്‍. നിറഞ്ഞുകവിഞ്ഞും ആളൊഴിഞ്ഞും ഭൂമി കുലുക്കിയും നിശബ്ദമായും എത്ര ട്രെയിനുകളാണ് ഈ വഴി വന്നത്! അതില്‍ ചിലതില്‍ എന്‍റെ വീട്ടിലേക്കു തിരഞ്ഞു നോക്കി ഒരു യാത്രക്കാരിയായി ഞാനും... പണ്ട് ഞാന്‍ നടത്തിയിരുന്ന ഏക ട്രെയിന്‍യാത്ര ഗുരുവായൂര്‍ക്കായിരുന്നു. രാവിലെ 6 മണിക്ക് പോകുന്ന പുഷ്പുള്‍. കുഞ്ഞുനാളില്‍ ആണ് ആ ഓര്‍മ തുടങ്ങുന്നത്. എന്റെ ഭാഷയില്‍ പറഞ്ഞാല്‍ പട്ടുപാവാട ഇട്ട് നെയ്‌റോസ്റ്റ്‌ കഴിക്കാന്‍ പോയിവരുന്ന യാത്ര. കാരണം, പുറത്തു ഹോട്ടലിലെ ഭക്ഷണം എനിക്ക് സ്വതവേ വാങ്ങിതരാത്ത അമ്മ ഗുരുവായൂര്‍ക്ക് പോകുമ്പോഴേ അത് തെറ്റിക്കാറുള്ളൂ. പുഷ്പുള്ളില്‍ ഒരുറക്കം, പേരിനു എന്‍റെ കൃഷ്ണനോട് ഒരു ഹലോ, പിന്നെ നെയ്യ്റോസ്റ്റ്‌, പിന്നെ വീണ്ടും ഉറക്കം. ആ യാത്ര പിന്നീട് വേണ്ടാന്നു വച്ചത് അമ്മ നെയ്‌റോസ്റ്റ്‌ ക്വോട്ട നിര്‍ത്തലാക്കിയപ്പോഴാണ് എന്നാണെന്‍റെ ഓര്‍മ. എപ്പോഴോ കേട്ടു രാജധാനി എക്സ്പ്രസ്സിനെ കുറിച്ച്. മുഴുനീള എ സി ട്രെയിന്‍ ആയ കക്ഷിയെ കാണണമല്ലോ എന്ന് തോന്നി. സമയം നോക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ഏതാണ്ട് ഒരു മണി സമയം. സാരമില്ല, പഠിക്കാന്‍ എന്ന വ്യാജേന, ബുക്കും എടുത്ത് കാത്തിരുന്നു. വെളുപ്പാവുന്നതിന്റെ ആദ്യ മണിക്കൂറില്‍ തന്നെ പതുങ്ങി പാഞ്ഞ ആ ട്രെയിനിനെ ഞാന്‍ കണ്ടു. എന്തൊരു നിര്‍വൃതി! പിന്നെയും കാണാന്‍ തോന്നി. ആ ട്രെയിനിനോട് ഒരു കൊച്ചു പ്രണയം. അതിനു വേണ്ടി ഉറക്കവും ഇളച്ച് എത്ര രാത്രികള്‍! ഇപ്പോള്‍ ഉറക്കം ഇളച്ചല്ലെങ്കിലും ചില നിറവ്യത്യാസവും ചില പ്രത്യേകതകളും ഒക്കെ ഉള്ള ട്രെയിനുകള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അതില്‍ ഈ ഇടെ കണ്ണില്‍ പെട്ടതാണ് ഗോള്‍ഡെന്‍ ചാരിയറ്റ്‌. ഏതോ ബ്രിട്ടീഷ്‌ സാമ്രാജ്യത്തില്‍ പ്രൌഡിയോടെ ഓടുന്ന പോലെ ഒരു വണ്ടി. പിന്നീടറിഞ്ഞു അതില്‍ സ്വിമ്മിംഗ് പൂള്‍ വരെ ഉണ്ടെന്ന്. കാലം പോയ പോക്കെ! ഇനിയിപ്പോ രാജധാനിയൊക്കെ അങ്ങ് മറക്കാം…ല്ലേ? പുഷ്പുള്ളില്‍ ഗുരുവായൂര്‍ക്കുള്ള യാത്രയ്ക്ക് ശേഷം എന്റെ ഓര്‍മയിലുള്ള അടുത്ത യാത്ര തിരുവനന്തപുരത്തെക്കായിരുന്നു. അപ്പോഴേക്കും ഞാന്‍ വലുതായി. എല്ലായിടത്തും തനിയെ പോയിവരാനുള്ള ധൈര്യം ഉണ്ടായിരുന്നു. കൈരളി ചാനലിലെ അവതാരകയായി ജോലി ചെയ്യുമ്പോള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ വട്ടം ഞാന്‍ പോകുമായിരുന്നു ചെന്നൈ മെയിലില്‍...  അതില്‍ ഒരേ ദിവസം തന്നെ അങ്ങോട്ടും ഇങ്ങോട്ടും. ലേഡീസ് കമ്പാര്‍ട്ട്മെന്‍റില്‍ തിങ്ങികൂടിയുള്ള ഇരുപ്പ്. രാത്രിയുള്ള വരവ്. അതും തനിയെ. അഭിമാനമായിരുന്നു അതൊക്കെ. സ്വയം കാര്യങ്ങള്‍ ചെയ്യുവാനുള്ള കഴിവ്. അനുവാദം. അതെന്നെ ജീവിതത്തില്‍ ഏറെ മുന്നോട്ട് നയിച്ചു. ആ ട്രെയിനിന്റെ അതേ വേഗതയില്‍. ഒരിക്കല്‍ ആ ചെന്നൈ മെയില്‍ കിട്ടാതെ തിരുവനന്തപുരത്ത് പെട്ടപ്പോള്‍ പിറകെ വന്ന ജോധ്പൂര്‍ എക്സ്പ്രസ്സില് കയറാന്‍ ഒരു പോലീസുകാരന്‍ പറഞ്ഞു. നല്ല വൃത്തിയുള്ള ട്രെയിന്‍. പതിവ് പോലെ ലേഡീസ് കമ്പാര്‍ട്ട്മെന്‍റില്‍ യാത്ര. എറണാകുളവും കഴിഞ്ഞു ഏതാണ്ട് ഇടപ്പള്ളി കഴിഞ്ഞപ്പോഴാണ് ട്രെയിനിനു ആലുവയില്‍ സ്റ്റോപ്പ്‌ ഇല്ല എന്ന് അറിയുന്നത്.  ഉടനെ തന്നെ അമ്മയെ വിളിച്ചു അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി തിരിച്ചു വരാം എന്ന് പറഞ്ഞപ്പോള്‍ അമ്മ പരിഭ്രാന്തയാവുന്നത് ഞാന്‍ കേട്ടു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് ഫോണ്‍ചെയ്യുകയും വണ്ടി സ്ലോ ഡൌണ്‍ ചെയ്യാന്‍ പറയുകയും ചെയ്തു. അങ്ങനെ സൂപ്പര്‍ഫാസ്റ്റ് ആയി ഓടുന്ന ട്രെയിന്‍ ഒന്ന് വേഗം കുറച്ചപ്പോഴെക്ക് മറ്റൊന്നും ഓര്‍ക്കാതെ പ്ലാട്ഫോര്‍മിലേക്ക് എടുത്തൊരു ചാട്ടം. ഒരു നിമിഷത്തെ ഷോക്കിന് ശേഷം ഒരു ജ്ഹാന്സി റാണിയായി ഞാന്‍ എഴുന്നേറ്റു. ഇടതു കയ്യില്‍ പരുക്കേറ്റിരുന്നു. ചോര ഇറ്റ് വീഴുന്ന അവസ്ഥ. രണ്ടു യുണിയന്‍ ചേട്ടന്മാര്‍ വന്ന് എന്നെ വഴക്ക് പറഞ്ഞു. കുറച്ചകലെ ഇരുന്ന, ഞാന്‍ ചാടുന്നത് കണ്ട ഏക ദൃക്സാക്ഷിയായ ഒരു വൃദ്ധന്‍ വന്നു നോക്കി. എ സി വി യിലെ കുട്ടിയല്ലേ എന്നൊരു ചോദ്യം. ആകെ മൊത്തത്തില്‍ ഒരു ചേര്‍ച്ചയില്ലായ്മ ശ്വാസം മുട്ടിച്ച നിമിഷങ്ങള്‍. പ്ലാട്ഫോര്‍മില്‍നിന്ന് തിരികെ നടന്നപ്പോള്‍ ആണ് അന്ന് രാവിലെ പോകുമ്പോള്‍ റയില്‍വേ ട്രാക്കില്‍ കണ്ട എന്റെ പ്രിയപ്പെട്ട പൂച്ചയുടെ മൃതശരീരത്തെ കുറിച്ച് ഓര്‍ത്തത്‌. രണ്ടു ജീവിതങ്ങളെ നിമിത്തങ്ങളുടെ പേരില്‍ ഒരു റെയില്‍വേ ട്രാക്ക്‌ ബന്ധിപ്പിച്ച പോലെ. പിന്നീട്, ആ ട്രെയിനിലെ എന്‍റെ സഹയാത്രികര്‍ ആയിരുന്ന സുഹൃത്തുക്കളില്‍ രണ്ടു പേര്‍ അല്‍പനാള്‍ക്കു ശേഷം എന്‍റെ മറ്റൊരു സുഹൃത്തിന്‍റെ കൂടെ, മഹാരാഷ്ട്രയില്‍ ഉണ്ടായ ഒരു റോഡപകടത്തില്‍ മരിച്ചു. നിമിത്തങ്ങള്‍ക്ക് വര്‍ഷങ്ങളുടെ നീളം. അപകടങ്ങള്‍ അതിനു മുന്‍പും നടന്നിട്ടുണ്ട്. എന്‍റെ ഡോബര്‍മാന്‍ ആയിരുന്ന ഡിക്കി ആ പാളത്തിലാണ് ട്രെയിന്‍ ഇടിച്ചു മരിച്ചത്. കേള്‍ക്കുമ്പോള്‍ കളിയാക്കി ചിരിക്കാന്‍ ആയിരിക്കും നിങ്ങള്‍ക്ക് തോന്നുക. പക്ഷെ അന്ന് കൊച്ചു കുട്ടിയായിരുന്ന ഞാന്‍ വാവിട്ടു നിലവിളിച്ചു. ആകെ ഒരു ശ്മശാന മൂകത. സ്കൂളില്‍ പോകുമ്പോള്‍ അവളെ നോക്കി യാത്ര പറഞ്ഞില്ലെങ്കില്‍ ശബ്ദം ഉണ്ടാക്കി ശ്രദ്ധ ആകര്‍ഷിച്ചിരുന്ന, സ്കൂളില്‍ നിന്ന് തിരിച്ചു വരുന്ന സമയത്ത് രണ്ടു കയ്യും മതിലില്‍ വച്ച് ദൂരേക്ക്‌ നീട്ടിനോക്കി എന്നെ കാത്തിരുന്ന, എന്‍റെ തല കാണുമ്പോഴേക്കു ഓടി ഗെയ്റ്റില്‍ വന്നു സന്തോഷം കാണിച്ചിരുന്ന, എന്‍റെ കൂടെ കളിച്ചിരുന്ന, എന്നെ പുറത്തേറ്റി വീടിനു ചുറ്റും ഓടുമായിരുന്ന, ഞാന്‍ കരഞ്ഞു ഇറയത്തിരിക്കുമ്പോള്‍ ചില കൊച്ചു ശബ്ദങ്ങളിലൂടെ എന്നെ ആശ്വസിപ്പിച്ചിരുന്ന, എന്നോടൊപ്പം വളര്‍ന്നു വലുതായ എന്റെ ഡിക്കി. അവളുടെ അന്ത്യശ്വാസം ആ റെയില്‍പ്പാളത്തില്‍ ആയിരുന്നു. ട്രെയിന്‍ ഇടിച്ചുള്ള മരണങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട് പിന്നെയും... അത്തരം ഒരു മരണം ഉണ്ടായി എന്ന് കേട്ടാല്‍ പിന്നെ ആ ഭാഗത്ത്‌ കൂടി പോവുകയില്ല ഞാന്‍. ഏറ്റവും വികൃതമായി മൃതശരീരങ്ങള്‍ കാണുക അവിടെയാണ്. ഒരു ജീവിതം പോലെ തന്നെ ചിന്നഭിന്നമായ ഉടലുകള്‍. പലപ്പോഴും അശ്രദ്ധയാണ് കാരണം. പക്ഷെ ചിലപ്പോള്‍, വേണ്ട സമയത്ത് അവര്‍ തരാത്ത ഹോണ്‍ ആണ് കാരണം. ഒരു വളവിലൂടെ നിശബ്ദമായി വരുന്ന ട്രെയിന്‍ എന്‍റെ ഈ പ്രായത്തില്‍ പോലും എന്നെ പലപ്പോഴും പേടിപ്പിച്ചിട്ടുണ്ട്. അമ്മയോ അച്ഛനോ ഒക്കെ കൂടെ ഉണ്ടായാല്‍ ടെന്‍ഷന്‍ വര്‍ധിക്കും. വേണ്ട സമയത്ത് പ്രവര്‍ത്തിക്കാതിരിക്കുന്ന ആ ഹോണ്‍ നമ്മള്‍ ടി വി കാണുമ്പോഴൊക്കെ ഒരു ഇടിമുഴക്കം പോലെ വന്നു നമ്മെ ശല്യപ്പെടുത്തും. അങ്ങനെ, ചിലപ്പോഴൊക്കെ ഈ ട്രെയിനിന്റെ ശബ്ദം ഒരു ശല്യമാണ്. പ്രത്യേകിച്ച് ടി വി കാണുമ്പോഴും, ഫോണ്‍ ചെയ്യുമ്പോഴും. അമ്മയുടെ സീരിയലുകളുടെ സമയത്ത് ട്രെയിനുകള്‍ അധികം ആണെന്നാണ്‌ അമ്മയുടെ വയ്പ്പ്. ഏതെങ്കിലും ‘പ്രധാനപ്പെട്ട’ ഡയലോഗ്‌ കീറിമുറിച്ചു കൊണ്ട് ചില ട്രെയിനുകള്‍ പായും. തെക്കോട്ടും വടക്കോട്ടും. അപ്പോഴൊക്കെ അമ്മയുടെ പ്രാക്ക് ആ ട്രെയിനിന്റെ ബോഗികളില്‍ കയറിയിട്ടുണ്ടാവും. രാവിലെ ചില ട്രെയിനുകള്‍ കാണണം. അതിലെ സ്റ്റെപ്പില്‍ വരെ തിങ്ങികൂടി ആളുകള്‍. കമ്പിയില്‍ തൂങ്ങി വേറെ ചിലരും. ചിലപ്പോള്‍ ജനലുകളെ ബന്ധിപ്പിച്ചു തൂങ്ങിയാടുന്ന പൂമാലകള്‍. ശബരിമലയ്ക്ക് പോകുമ്പോഴും തറപ്പിച്ചുതന്നെ വായ്നോക്കുന്ന ചില അയ്യപ്പ വിരുതന്മാര്‍. വായ്നോട്ടത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓര്‍ത്തത്‌. ട്രെയിന്‍ സിഗ്നലിനു വേണ്ടി നിര്‍ത്തിയിട്ടിരിക്കുന്നത് കാണുമ്പോള്‍ എനിക്ക് ദേഷ്യമാണ്. പലരും പാളങ്ങളില്‍ ഇറങ്ങി നില്‍ക്കും. വീടിന്റെ മുന്‍വശത്ത് നില്‍ക്കാന്‍ അപ്പോള്‍ ഒരു സ്വകാര്യത കിട്ടില്ല. നല്ല അസ്സല്‍ വായ്നോട്ടം ഉണ്ടാകും. ചായാ, കാപ്പീ എന്നുള്ള വിളികള്‍ വീട്ടിലേക്കു തുളഞ്ഞു വരും. ചിലരുടെ എത്തി വലിഞ്ഞുള്ള നോട്ടം കണ്ടാല്‍ അവര്‍ പിന്നെ ആ ട്രെയിനില്‍ പോകില്ല എന്ന് വരെ തോന്നും. റെയില്‍ ക്രോസ് ചെയ്യുമ്പോഴും ഈ ട്രെയിനുകള്‍ ഒരു ശല്യമാണ്. അത്യാവശ്യമായി എങ്ങോട്ടെങ്കിലും പോകുമ്പോഴായിരിക്കും രണ്ടു ട്രെയിനുകള്‍ കടക്കുന്ന സമയം. അവിടെ നില്‍ക്കും അങ്ങനെ… ട്രെയിന്‍ പോയിട്ട് കടക്കുമ്പോള്‍ പാളങ്ങള്‍ക്കിടയില്‍ ചവറ്റുകൂനയും കക്കൂസും ഒക്കെ കാണാം. കാറ്റില്‍ മൂക്കിലേക്ക് തുളഞ്ഞു കയറുന്ന വൈവിധ്യമാര്‍ന്ന വാസനകള്‍. ആ ട്രെയിനിലെ യാത്രക്കാരെ അറിയാതെ പ്രാകിപ്പോകും. എടുത്തു പറയേണ്ട ഒരു കാര്യമുണ്ട്. എന്‍റെ പല സുഹൃത്തുക്കളെയും മിന്നായം പോലെ എങ്കിലും കാണുവാന്‍ ഈ റെയിലരികിലെ വീട് സഹായിച്ചിട്ടുണ്ട്. പോകുമ്പോള്‍ വിളിച്ചു ടാറ്റാ കാണിച്ചു പോകും ചിലര്‍. അത് എന്നെപോലെ ഉള്ളവര്‍ക്ക് മാത്രം കിട്ടുന്ന ഒരു ഭാഗ്യം ആണ്. ഒരിക്കല്‍ എന്‍റെ ഒരു പ്രശസ്ത സുഹൃത്ത്,‌ പായുന്ന ട്രെയിനില്‍ നിന്ന് എനിക്ക് ഒരു സിഡി എറിഞ്ഞിട്ടു തന്നത് മറക്കാന്‍ പറ്റാത്ത ഒരു ഓര്‍മയാണ്. ഇന്നും, ഞാന്‍ ചെന്നൈയില്‍ ആയിരിക്കുമ്പോള്‍ പോലും വീട് കണ്ടു എന്നും നാനോ സുഖമായിരിക്കുന്നെന്നും പറയുന്ന സുഹൃത്തുക്കളുണ്ട്. അത് ഒരു സുഖമാണ്. ഭാഗ്യം കലര്‍ന്ന ഒരു സുഖം. ഗുരുവായൂരും തിരുവനന്തപുരവും ചെന്നൈയും അല്ലാതെ ഞാന്‍ ട്രെയിനില്‍ പോയിട്ടുള്ള മറ്റൊരു സ്ഥലം ഉണ്ട്- കണ്ണൂര്‍. കേരളത്തിന്റെ വടക്കുഭാഗം ഞാന്‍ ശരിക്കു കാണുന്നത് ആ യാത്രയില്‍ ആണ്. കാണുവാന്‍, കാലു കുത്താന്‍ വലിയ ആഗ്രഹം ഉണ്ടായിരുന്ന കോഴിക്കോടും ആ യാത്രയില്‍ ഞാന്‍ കണ്ടു. ആ മണ്ണില്‍ സ്പര്‍ശിച്ചു. അമ്മ ഒരുപാട് കാലം ജോലി ചെയ്ത ആ മണ്ണ് എനിക്ക് അമ്മയുടെ കഷ്ടപ്പാടിന്റെ ഓര്‍മകളാണ് തരുന്നത്. എസ്എസ്എല്‍സിയ്ക്ക് പഠിച്ചിരുന്ന എനിക്ക് ബുദ്ധിമുട്ടാവാതിരിക്കാന്‍ മിക്ക ദിവസവും പോയി വരുമായിരുന്നു അമ്മ. അന്ന് അതിന്റെ ആഴമൊന്നും എനിക്ക് മനസ്സിലാവുമായിരുന്നില്ല. ഇന്ന് അതെല്ലാം തിരിച്ചറിയുമ്പോള്‍ കോഴിക്കോട് ഞങ്ങളുടെ ഒരു കാലം തന്നെ ആണ്. ഓര്‍മയില്‍ ഇന്നും ചൂളം അടിക്കുന്ന ഒരു കാലം. ഒരു അന്യസംസ്ഥാനയാത്രയ്ക്ക് ഞാന്‍ ട്രെയിന്‍ കയറുന്നത് ആദ്യമായി ബാംഗ്ലൂര്‍ക്ക്‌. അത് മിലിട്ടറി നഴ്സിംഗ്‌ അഭിമുഖത്തിന്. അടുത്തത് ചെന്നൈക്കാണ്. അതിപ്പോള്‍ ഏതാണ്ട് പതിവായിരിക്കുന്നു. പലപ്പോഴും ചെന്നൈ മെയിലിലാണ് അങ്ങോട്ടും ഇങ്ങോട്ടും യാത്ര. മുന്‍പ് ആലുവ- തിരുവനന്തപുരം യാത്രക്ക് ഞാന്‍ കയറിയിരുന്ന അതേ ചെന്നൈ മെയിലില്‍ ഇന്ന് ആലുവയില്‍നിന്ന് ചെന്നൈക്ക് വണ്ടി കയറുമ്പോള്‍ ഞാന്‍ ഇടയ്ക്കു ഓര്‍ക്കും ആ ട്രെയിന്‍ താണ്ടുന്ന ദൂരം മുഴുവനും ഞാന്‍ യാത്ര ചെയ്തിട്ടുണ്ടല്ലോ എന്ന്. പക്ഷെ രാത്രിയില്‍ ഉള്ള ട്രെയിന്‍ യാത്ര എനിക്കിഷ്ടമാണ്. കണ്ണടക്കുമ്പോള്‍ കേരളം. കണ്ണ് തുറന്നാല്‍ ചെന്നൈ. തിരിച്ചുള്ള വരവ് അതിനേക്കാള്‍ രസകരം. കണ്ണ് തുറക്കുമ്പോള്‍ ഓടി വാതിലില്‍ ചെന്ന് ഞാന്‍ നീട്ടി വലിക്കുന്ന എന്‍റെ നാടിന്റെ ഗന്ധം. എന്നെ തഴുകുന്ന എന്‍റെ നാടിന്‍റെ കാറ്റ്. എനിക്കായി കാത്തിരിക്കുന്ന എന്‍റെ നാട്. നെഞ്ചത്തമര്‍ത്തി ഞാന്‍ തിരികെ വാങ്ങുന്ന എന്‍റെ സ്വന്തം നാട്. ഒരു ട്രെയിനിനെ കാഴ്ചക്കാരിയായി കാണുമ്പോള്‍ ഇങ്ങനെയാണെങ്കിലും, അതിലെ യാത്രക്കാരിയാകുമ്പോള്‍ മറ്റൊരു വീക്ഷണം ആണ്. അടുത്തും അകലെയുമായി സഞ്ചരിക്കുന്ന വ്യത്യസ്തജീവിതങ്ങള്‍. പുറത്തേക്കു നോക്കിയാല്‍ എന്‍റെ വീട്ടില്‍ നിന്ന് ടാറ്റാ കൊടുക്കാറുള്ള കുട്ടികളെ പോലെ വഴി നീളെ കുരുന്നുകള്‍. “ഈ പിള്ളേരുടെ ഒരു കാര്യം” എന്ന് പറഞ്ഞു പോകും. ചില ആളുകള്‍ വാതിലില്‍ നിന്ന് ഏതെങ്കിലും വീട്ടിലേക്കു നോക്കി കൈവീശുന്നത് കാണുമ്പോള്‍ ഏതു വീട്, അവിടെ ആരെന്ന് ഞാന്‍ അറിയാതെ എത്തിനോക്കും. പാളങ്ങളില്‍ അവിടവിടെയായി, മരിച്ച്, ചിതറിക്കിടക്കുന്ന പൂച്ചകളും നായ്ക്കളും. കപ്പലണ്ടിയോ മറ്റോ കഴിച്ചാല്‍ ഞാന്‍ പോലും വലിച്ചെറിഞ്ഞു കാറ്റില്‍ പറക്കുന്ന കടലാസുകള്‍. അടച്ചിട്ട റെയില്‍വേ ഗെയ്റ്റിന്റെ ഇടയിലൂടെ വേഗത്തില്‍ പായുമ്പോള്‍ അവിടെ കാത്തു കിടക്കുന്നവരോട് ചെറിയ പുച്ഛം. ജീവിതത്തില്‍ കാഴ്ചയും അനുഭവവും തമ്മില്‍ ഉള്ള വ്യത്യാസം എനിക്ക് മനസ്സിലാക്കി തരാറുണ്ട് ട്രെയിനുകളും ആ റെയില്‍വേപാളവും ഒക്കെ. തിരിച്ചറിവുകള്‍ക്ക് മുന്‍പ് ആ പാളത്തിനരികില്‍ വീട് വച്ച ഞങ്ങള്‍ക്കായി  ദൂരെയുള്ള ഓര്‍മകളെയും കൊണ്ടുവരുന്നത്‌ ആ ട്രെയിനുകളാണ്. ഉള്ളില്‍ നിന്നും പുറത്തു നിന്നും ഒക്കെ ആ ട്രെയിനുകള്‍ ഒരുപാട് കാഴ്ചകള്‍ കാണിക്കും. ‘അന്ന്’ ഞങ്ങള്‍ പോയ ട്രെയിനുകള്‍ ഇന്നും ഞങ്ങള്‍ക്ക് മുന്നില്‍ ഓടുന്നു. മിക്കപ്പോഴും ശ്രദ്ധിക്കില്ല. ശ്രദ്ധിപ്പിക്കുകയും ഇല്ല… അതവരുടെ ജീവിതം. ഇത് ഞങ്ങളുടെയും. അങ്ങനെ എങ്ങില്‍ നിന്നും എങ്ങും എത്താതെ പോകുന്ന സമാന്തരപാതകളിലൂടെ ചൂളം വിളിച്ച് ഓര്‍മ്മകള്‍ കുതിച്ചുപായുന്നു… അവസാനിക്കുന്നില്ല.