Jyothy Sreedhar

യു ജി സി നെറ്റ് കിട്ടിയപ്പോള്‍...

******************************************************************************** ഇത് ഒരു എഴുത്തായി കൂട്ടണ്ട കേട്ടോ. ഇതൊക്കെ പറയാതെ എങ്ങനാ!!! അതുകൊണ്ടാ... അവസാനം വരെ ഒന്ന് വായിച്ചു എന്റെ അപേക്ഷയും ചെവിക്കൊള്ളാന്‍ അപേക്ഷ... ******************************************************************************** കാത്തു കാത്തിരുന്ന യുജിസി നെറ്റ് പ്രിയവിഷയം ആയ ഇംഗ്ലീഷ് ലിട്ടെരെച്ചരില്‍ കിട്ടിയ ഞാന്‍ ആ സന്തോഷവാര്‍ത്ത എന്റെ അടുത്ത ആളുകളോട് പറഞ്ഞു... ചിലരുടെ പ്രതികരണങ്ങളിലേക്ക്: അമ്മ: "എന്റെ മോളേ ഒരു നൂറുമ്മ..." (അപ്പുറത്ത് നിന്ന മകനോട്‌)- "പാവം കരയുകയാണ്". (മകള്‍ക്ക് ഇത് കിട്ടാന്‍ വേണ്ടി പ്രാര്‍ഥനയുമായി കഴിഞ്ഞ അമ്മയ്ക്ക് മകളുടെ പേരില്‍ നിറഞ്ഞ സന്തോഷം... മകള്‍ക്ക് തന്റെ പേരില്‍ അമ്മയുടെ ഹൃദയം ചിരിക്കുന്നത് കേട്ട ചാരിതാര്‍ത്ഥ്യം. അപ്പോള്‍ അവരുടെ ഇടയില്‍ നീണ്ട സംസ്ഥാനങ്ങളുടെ അന്തരം അലിഞ്ഞ്‌ ഇല്ലാതെയാകുന്നു.) ഭര്‍ത്താവിന്‍റെ അച്ഛന്‍: "CONGRATS... YOU SEEM TO BE QUITE EXCITED" (വികാരത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഇംഗ്ലീഷ് വരുന്ന രോഗം ഉണ്ട് ചിലര്‍ക്ക്... അദ്ദേഹത്തിന്റെ മരുമകളും ഉണ്ട് ആ പട്ടികയില്‍. നന്ദി പറയേണ്ടതില്‍ ആദ്യ സ്ഥാനങ്ങളില്‍ ഒന്നാണ് അദ്ദേഹത്തിന്. മരുമകളോട് അമ്മയുടെ പേസ്മേകര്‍ എന്നത് മറന്നു ക്ലാസ്സിലും പഠനത്തിലും ശ്രദ്ധിക്കാന്‍ പറഞ്ഞ ആ മനസ്സ് ഒരുപാട് വലുതാണ്‌.) ഭര്‍ത്താവ്: "SERIOUSLY?!!!" (ആ ഒരൊറ്റ വാക്കില്‍ ഉണ്ട് ഒരു നിധി കിട്ടിയ സന്തോഷം. ഈ പരീക്ഷയ്ക്ക് വേണ്ടി ഒറ്റപ്പെടലിന്‍റെ ത്യാഗങ്ങള്‍ ഉണ്ട് അദ്ദേഹത്തിന്റെ ഭാഗത്ത്‌ നിന്ന്. അതെല്ലാം സഫലീകരിക്കപ്പെട്ട സന്തോഷം അല്പം പോലും ചെറുതല്ല.) ഇടയ്ക്കു സ്വന്തം അച്ഛന്‍ മകളെ വിളിച്ച് "വിവരം അറിഞ്ഞു..." എന്ന് പറയുന്നു. സുരേഷ് ഗോപിയുടെ പോലെ, ഹൈ പിച്ചില്‍ പറയാവുന്ന ഡയലോഗ്: "ഒരച്ഛന്റെ നിശബ്ദത". പിന്നെ വിളിച്ചത് ഗുരുനാഥന്മാരെയാണ്. എല്ലാവര്ക്കും സന്തോഷത്തിന്‍റെ മൂര്ധന്യാവസ്ഥ. യു ജി സി ക്ക് വേണ്ടി തയ്യാറാകുവാന്‍ പരിശീലിപ്പിച്ച വിജയമോഹന്‍ സര്‍ തന്റെ സ്വന്തം കുട്ടിക്ക് അത് കിട്ടിയതില്‍ ഉള്ള സന്തോഷം തീവ്രമായ്‌ തന്നെ പ്രകടിപ്പിച്ചു. കോളേജിലെ ഗുരുക്കന്മാര്‍ക്കും സന്തോഷം. ഇനി രസകരമായ ചില പ്രതികരണങ്ങളിലേക്ക്: സുഹൃത്ത്‌ 1: "Congratulations!!! നിനക്ക് Under Graduate Course കിട്ടിയല്ലേ!!!" (മനസിലാവാത്തവര്‍ക്കായ്‌ ഒരു വിശദീകരണം- UGC എന്നാല്‍ University Grants Commission, NET എന്നാല്‍ National Eligibility Test , Under Graduate Course എന്നാല്‍ Degree course...) സുഹൃത്ത്‌ 2: "WOOOW!!! Very good!" (പിന്നെ കുറെ വിശേഷങ്ങള്‍ക്കൊടുവില്‍) "എന്താ ഈ യുജിസി?" സുഹൃത്ത്‌ 3: "I..A..S... ആണോ???" സുഹൃത്ത്‌ 4: "Good...Good...അപ്പൊ ഇനി എങ്ങനാ കാര്യങ്ങളൊക്കെ?" (എന്താണത് എന്ന് ചോദിക്കുന്നതിന്റെ മറ്റൊരു രീതി) സുഹൃത്ത്‌ 5: "ദൈവമേ!!! കാശ് കടം ചോദിക്കാന്‍ നീ എനിക്ക് ആളുകളെ കൂട്ടുവാണോ!" :P സുഹൃത്ത്‌ 6: "ചേച്ചി ഒരു വുമെന്‍സ്‌ കോളേജില്‍ കേറീട്ടു വേണം എനിക്ക് പെണ്‍പിള്ളേരുടെ ഫോണ്‍ നമ്പറുകള്‍ ഒപ്പിക്കാന്‍." കൂടുതല്‍ പേരും ആദ്യത്തെ വാക്ക് പറഞ്ഞത് "Treat?" എന്നാണ്‌. അത് പിന്നെ അങ്ങനെ ആവണമല്ലോ! പഠിച്ചും പ്രാര്‍ഥിച്ചും ഉറക്കമൊഴിച്ചും നാട് മുഴുവനും നോട്സ് തേടിയലഞ്ഞും ഫോണിലൂടെ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകളിലൂടെ സംശയനിവൃത്തി വരുത്തുകയും കുറെ കാശ് പൊട്ടിക്കുകയും ചെയ്ത കുട്ടിക്കെങ്ങാനും പരീക്ഷയില്‍ നല്ല മാര്‍ക്കോ ഇത് പോലെ ഒരു യോഗ്യത കിട്ടുകയോ ചെയ്‌താല്‍ പിന്നെ ആ കുട്ടിയുടെ കഷ്ടകാലം തുടങ്ങുകയായി... അവളുടെ ആഴ്ചഫലം നോക്കിയാല്‍ ഒരു പക്ഷെ ആദ്യം കാണുക "ചെലവ് കൂടും" എന്നാവും. അവള്‍ക്കു അത് കൊണ്ട് എന്താണ് പ്രയോജനമെന്നോ അവള്‍ക്കു എന്താണ് യഥാര്‍ത്ഥത്തില്‍ കിട്ടിയതെന്നോ അറിയാത്തവര്‍ പോലും ഉണ്ടാവും ഈ ട്രീറ്റ്‌ മേടിക്കുന്ന വിദഗ്ധന്മാരുടെ പട്ടികയില്‍.  കുട്ടിയുടെ സംസാരത്തിന്റെ രീതിയില്‍ നിന്നായിരിക്കും അതെന്തോ നല്ല കാര്യം എന്ന് ഇത്തരക്കാര്‍ ഊഹിക്കുക. കുട്ടി സന്തോഷത്തിനു പകരം അല്പം വിഷമത്തോടെ ശബ്ദം താഴ്ത്തി, "യു ജി സി കിട്ടി..." എന്ന് പറഞ്ഞാല്‍, അവര്‍ മനസ്സിലാക്കുക അവള്‍ക്കെന്തോ പണി കിട്ടി എന്നാവും... "ആരായാലും അവര്‍ക്കിട്ടു തിരിച്ചൊരു യു ജി സി കൊടുക്കാം" എന്ന് വരെ പറഞ്ഞു കളയും ചിലര്‍! സ്ഥിരം പ്രതികരണത്തില്‍ നിന്ന് മാറി ഇതിനെ കുറിച്ച് കൂടുതല്‍ അറിയാത്ത ഒരു സുഹൃത്ത്‌ അതിനെ പറ്റി വിശദമായ്‌ ചോദിച്ചത് കേട്ടപ്പോള്‍ ഒരു സന്തോഷം ആയിരുന്നു. അതെല്ലാം അറിഞ്ഞതിനു ശേഷം ട്രീറ്റ്‌ എന്ന് ചോദിക്കുമ്പോള്‍ അതിനൊരു അര്‍ഥം ഉണ്ട്. കൊടുക്കാന്‍ ഒരു സന്തോഷവും... ഇത്രയും ദിവസങ്ങള്‍ അനുഭവങ്ങള്‍ കൊണ്ടും ആശംസകള്‍ കൊണ്ടും എന്റെ ദിനങ്ങളെ നിറച്ച എല്ലാവര്ക്കും നന്ദി അര്‍പ്പിച്ചു കൊണ്ട് എല്ലാവരോടും ഒരു അപേക്ഷ: ട്രീറ്റ്‌ എന്ന്‍ ചോദിക്കുന്നതിനു മുന്‍പ് അതെന്താണെന്നും അതുകൊണ്ടുണ്ടാവുന്ന നല്ല കാര്യങ്ങള്‍ എന്താണെന്നും ഒന്ന് ചോദിച്ചേക്കണേ... ഒരു ചേഞ്ച്‌ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്!!!