Jyothy Sreedhar

മൗനം

മതി എന്‍റെ മൗനമേ. നിന്നെ ഞാന്‍ ഭയക്കുന്നു.   ഇടി മിന്നലില്‍ നിന്റെ ശബ്ദം മുഴങ്ങിയത് കേട്ട് ഞാന്‍ ഭയന്നോടി. ദൈവചിത്രത്തിലെ മാറാലയില്‍ ഞാന്‍ എന്‍റെ മുഖം മറച്ചു. നീ എന്നെ കാണില്ലെന്ന് ഞാന്‍ വൃഥാ ഓര്‍ത്തു, ഒരു കുട്ടിയെ പോലെ.   അന്ന് എന്റെ ഉദരത്തില്‍ കൈ പതിച്ചപ്പോള്‍ നിന്റെ അനക്കം ഞാന്‍ അറിഞ്ഞിരുന്നു. എന്റെ ജീവന്റെ പാതി നീ കാര്‍ന്നു തിന്നു. അല്ല, അത് നിന്റെ പങ്കായിരുന്നു. നിനക്ക് അവകാശപ്പെട്ടത്.   ഇനിയെങ്കിലും ഉപേക്ഷിക്കൂ. എന്നെ സ്വന്തമാക്കാന്‍ കൊതിക്കുന്ന നിന്റെ ബാലചാപല്യങ്ങള്‍. പോക്കിള്‍ക്കൊടിയില്‍ നിന്‍റെ കൂര്‍ത്ത നഖം കൊണ്ട് കീറി നിന്നില്‍ നിന്ന് എന്നെ വേര്‍പെടുത്തൂ. ഞാന്‍ നിന്റെതല്ലെന്നു പറയൂ. ഒരു വട്ടം.   മതി എന്‍റെ മൌനമേ. നിന്നെ ഞാന്‍ ഭയക്കുന്നു.   എന്‍റെ നിഴലിലെ അന്ധകാരത്തില്‍ നീ പതുങ്ങാതിരിക്കൂ. അദൃശ്യമായ കയറുമായ് പിന്തുടരാതിരിക്കൂ. എന്നെ സ്വന്തമല്ലാതാക്കൂ. ഓടയിലെ അഴുക്കുവെള്ളത്തിലേക്ക് എന്നെ പരുഷമായ്‌ തള്ളിയിടൂ. ഞാന്‍ ചെളിപിടിക്കട്ടെ.   നിന്നെക്കാള്‍ ഉച്ചത്തില്‍ ഞാന്‍ കരയുന്നു. ആ ശബ്ദം പോലും നീ പിടിച്ചടക്കുന്നു. എന്നില്‍ നിന്ന് നീ സ്വന്തമാക്കിയതെല്ലാം എനിക്ക് തിരിച്ചു തരൂ. എന്‍റെ ശബ്ദം. എന്‍റെ ശ്വാസം. എന്‍റെ ഞാന്‍.   മരിക്കുമ്പോളെങ്കിലും ഞാന്‍ എന്റെതാവട്ടെ. എന്റേത് മാത്രം.