Jyothy Sreedhar

മതം വിജയിക്കട്ടെ!

1616 ഫെബ്രുവരി 26-ആം തിയതി റോമിലെ അന്നത്തെ മാര്‍പ്പാപ്പയായ പോള്‍ അഞ്ചാമന്‍, കര്‍ദ്ദിനാള്‍ ആയ ബെല്ലാര്‍മിനെ ഒരു ഉദ്യമം ഏല്‍പ്പിച്ചു. ഗലീലിയോയെ ബല്ലാര്‍മിന്റെ വസതിയില്‍ വിളിച്ചു വരുത്തുക. കുറച്ചു കാലങ്ങളായി ഗലീലിയോ മതവിശ്വാസങ്ങള്‍ക്കെതിരെ അനാവശ്യമായി ശബ്ദിക്കുന്നു. ഗലീലിയോയുടെ കണ്ടുപിടിത്തങ്ങളെകുറിച്ച് വിശദമായി പഠിച്ച് അത് ശുദ്ധ അസംബന്ധമാണെന്ന് കണ്ടുപിടിച്ച കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ഗലീലിയോയെ അറിയിക്കുക. ഭൂമി നിശ്ചലമല്ലെന്നും, ഭൂമിയെ മറ്റു ഗ്രഹങ്ങള്‍ വലം വയ്ക്കുകയല്ല മറിച്ച്, ഭൂമി അടങ്ങുന്ന ഗ്രഹങ്ങള്‍ സൂര്യനെ വലം വയ്ക്കുകയാണെന്നും ഉള്ള ഗലീലിയോയുടെ പഠനങ്ങള്‍ തെറ്റാണെന്നും, മതവിരുദ്ധമാണെന്നും അയാളെ ബോദ്ധ്യപ്പെടുത്തുക. അയാള്‍ പിന്തുടരുന്ന കോപ്പര്‍നിക്കസിന്‍റെ സിദ്ധാന്തങ്ങളും മേലില്‍ എഴുതുകയോ, പറയുകയോ, പഠിപ്പിക്കുകയോ ചെയ്യരുത്. സൂര്യന്‍ പ്രപഞ്ചകേന്ദ്രമെന്നു പറയുന്നത് വിഡ്ഢിത്തരവും വങ്കത്തവുമാണ്, അത് മതത്തെ ദ്രോഹിക്കുവാനും വിശ്വാസികളെ മാനസികമായി ബുദ്ധിമുട്ടിക്കുവാനും മാത്രമായി ഉണ്ടായതാണ്. ആ കണ്ടുപിടിത്തം പൂര്‍ണ്ണമായും പിന്‍വലിക്കുക. ഇത് ഔദ്യോഗികമായ ഉത്തരവായി ഗലീലിയോയ്ക്ക് കൈമാറുക. ഈ നിര്‍ദ്ദേശത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ ഗലീലിയോയ്ക്ക് കടുത്ത മതദ്രോഹവിചാരണ നേരിടേണ്ടി വരുമെന്ന് ശക്തമായ മുന്നറിയിപ്പ് കൊടുക്കുക. തുടര്‍ന്നും എതിര്‍ക്കുമെങ്കില്‍ ഉടനെ തടവിലാക്കുക.

ആജ്ഞപ്രകാരം ഗലീലിയോ എത്തി. ഉത്തരവ് കേട്ടു. എതിര്‍പ്പ് പ്രകടിപ്പിക്കാതെ എല്ലാം സമ്മതിച്ചു നിരാശനായി മടങ്ങി. അന്ന് മുതല്‍ കോപ്പര്‍നിക്കസിന്‍റെ പുസ്തകങ്ങള്‍ മുതല്‍ അന്ന് വരെ ഉള്ള ‘മണ്ടന്‍’ പുസ്തകങ്ങള്‍ ഔദ്യോഗികമായി വിലക്കപ്പെട്ടു. പ്രപഞ്ചത്തിന്റെ നടുക്ക് ഭൂമിയല്ല, സൂര്യനാണ് എന്ന് പറയുന്നവര്‍ക്കെതിരെ, എഴുതുന്നവര്‍ക്കെതിരെ ശിക്ഷകളും നിരോധനങ്ങളും ഉണ്ടായി. ജനങ്ങള്‍ അന്ന് വരെയുള്ള മതപഠനം അനുസരിച്ചുള്ള ‘വസ്തുതകളെ’ മാത്രം പിന്തുടരാന്‍ നിര്‍ബന്ധിക്കപ്പെട്ടു. മറിച്ച് ചിന്തിക്കാന്‍ മതം ആര്‍ക്കും അനുവാദം കൊടുത്തില്ല.

നമ്മള്‍ ഇന്ന് നില്‍ക്കുന്നത് അന്നേയ്ക്ക് 399 വര്‍ഷങ്ങള്‍ പിന്നിട്ട ഒരു കാലഘട്ടത്തിലാണ്. ഗലീലിയോയുടെ പഠനങ്ങളെ അവഗണിച്ച മതത്തെ പുച്ഛിക്കുന്ന ഒരു സമൂഹത്തില്‍, വളരെ പുരോഗമനപരമായ ഒരു മനസ്ഥിതി ഉണ്ടെന്ന അഹങ്കാരത്തില്‍, ധാര്‍ഷ്ട്യത്തില്‍. പക്ഷെ അന്നില്‍ നിന്ന് ഇന്നിലെയ്ക്ക് മനസ്ഥിതിയുടെ കാര്യത്തില്‍ ഉണ്ടായ മാറ്റം എന്താണ്? അന്ന് ഗലീലിയോ ആയിരുന്നെങ്കില്‍ ഇന്ന് മുന്നില്‍ വയ്ക്കാന്‍ ഉദാഹരണങ്ങള്‍ ഏറെ. അന്നും ഇന്നും ശബ്ദിക്കുന്ന നാവുകളെ അറുത്തുമാറ്റാന്‍ ശ്രമിക്കുന്നത് ഒരേ ഘടകം- മതം… മതവികാരം… അതില്‍ എങ്ങനെയോ വന്നു പെടുന്ന ‘വൃണം’!

ഇക്കഴിഞ്ഞ ഡിസംബര്‍ അവസാനമാണ് ഞാന്‍ പെരുമാള്‍ മുരുഗനെ കുറിച്ച് കേള്‍ക്കുന്നത്, അതും ഒരു വിവാദത്തിന്‍റെ പേരില്‍. അദ്ദേഹത്തിന്‍റെ ‘മാതൊരുഭാഗന്‍’ എന്ന നോവല്‍ ഹിന്ദുമതവികാരത്തെ വൃണപ്പെടുത്തുന്നതാണ് എന്ന് ആരൊക്കെയോ ചേര്‍ന്ന് കണ്ടുപിടിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ആ പുസ്തകം പലയിടത്തും കത്തിച്ചു. ഭീഷണികളെ തുടര്‍ന്ന് കുടുംബത്തോടൊപ്പം അദ്ദേഹം ഇടയ്ക്ക് നാടുവിടുകയും ചെയ്തു. പിന്നീട് നാമക്കല്‍ റവന്യൂ ജില്ലാ ഓഫീസറുടെ മധ്യസ്ഥതയില്‍ ഹിന്ദു സംഘടനയുടെ പ്രതിനിധികളും പെരുമാള്‍ മുരുഗനുമായി ചര്‍ച്ച നടന്നു. വിവാദപരാമര്‍ശങ്ങള്‍ ഉള്ള ഭാഗം പുസ്തകത്തില്‍ നിന്ന് നീക്കം ചെയ്‌താല്‍ വീണ്ടും അത് പുറത്തിറക്കാം എന്നും, ഇതുവരെയുള്ള കോപ്പികള്‍ ഇനി വില്‍ക്കരുത് എന്നും, നിരുപാധികം മാപ്പ് പറയണം എന്നും ഹിന്ദു പ്രതിനിധികള്‍ ആവശ്യപ്പെട്ടതിനോട് പെരുമാള്‍ മുരുഗന്‍ വഴങ്ങി. എഴുത്ത് തന്നെ താന്‍ നിര്‍ത്തുന്നു എന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പേജിലൂടെ പ്രഖ്യാപിച്ചു. തന്‍റെ പുസ്തകങ്ങള്‍ മുഴുവനും പിന്‍വലിക്കുകയാണെന്നും അതില്‍ വരുന്ന നഷ്ടപരിഹാരം താന്‍ വീട്ടുമെന്നും പറഞ്ഞു. പെരുമാള്‍ മുരുഗന്‍ എന്ന എഴുത്തുകാരന്‍ മരിച്ചു; ഇനി അദ്ദേഹം നാമയ്ക്കല്‍ ഗവണ്മെന്‍റ് ആര്‍ട്സ് കോളേജിലെ ഒരു സാധാരണ തമിഴ് അദ്ധ്യാപകന്‍ മാത്രമായ പി. മുരുഗന്‍ ആയിരിക്കും. പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച്, അയാളെ വെറുതെ വിടുക എന്ന് ആ എഴുത്തുകാരന്‍ പരസ്യമായി കുറിച്ചു.

എഴുത്തിനോട് തീവ്രമായ ഒരു പ്രണയം എനിക്കുള്ളതുകൊണ്ട് ഈ വാര്‍ത്ത എന്നെ വളരെയേറെ വേദനിപ്പിച്ചു. പക്ഷെ രസകരമായി കണ്ട ഒരു കാര്യം എന്തെന്നാല്‍, ‘മാതൊരുഭാഗന്‍’ ആദ്യം ഇറങ്ങുന്നത് 2010 ലാണ്. നാല് വര്‍ഷവും ആ പുസ്തകം ആരെയും വൃണപ്പെടുത്തിയില്ല. ഒടുക്കം 2013 ല്‍ അത് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്ത് ‘വണ്‍ പാര്‍ട്ട് വുമണ്‍’ എന്ന പേരില്‍ പെന്‍ഗ്വിന്‍ ബുക്സ് അതിറക്കി. പരിഭാഷ ചെയ്തത് അനിരുധ് വാസുദേവന്‍. അതിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞ്, 2014 ഡിസംബറിലാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത് എന്നത് ഒരുപാട് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നു. പികെ എന്ന ആമിര്‍ഖാന്‍ ചിത്രവും, മുസ്ലീം മതവികാരം ‘വൃണപ്പെടുത്തുന്ന’ ഫ്രെഞ്ച് കാര്‍ട്ടൂണ്‍ മാഗസിനും ഒക്കെ വിവാദങ്ങള്‍ ആകുന്നത് ഏകദേശം ഒരേ സമയം തന്നെ. നോവലിന് ആധാരമായ തിരുച്ചെങ്കോട് നഗരത്തില്‍ രാഷ്ട്രീയ സ്വയം സേവകസംഘം പ്രസിഡന്റ് ആയ മഹാലിംഗം അവിടുത്തെ ലോക്കല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ വച്ചു അനുയായികളോടൊപ്പം ഈ പുസ്തകത്തിന്‍റെ കോപ്പികള്‍ കത്തിച്ച് പ്രതിഷേധം അറിയിച്ചു. അവിടെ നിന്നാണ് പ്രതിഷേധങ്ങള്‍ വ്യാപകമാകുന്നത്.

ഇനി മതവികാരം വൃണപ്പെടുന്ന സംഗതി എന്താണെന്ന് നോക്കിയാല്‍ അതിനേക്കാള്‍ രസകരം. ഈ നോവല്‍ നടക്കുന്നത് നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു കാലഘട്ടത്തിലാണ്. ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ പൊന്നു എന്ന ഒരു ഭാര്യയും കാളി എന്ന അവളുടെ ഭര്‍ത്താവുമാണ്. ഇവര്‍ എത്ര ശ്രമിച്ചിട്ടും ഒരു കുട്ടി ഉണ്ടാകുന്നില്ല. നാമക്കലില്‍ തിരുച്ചെങ്കോട് എന്ന ഒരു അര്‍ദ്ധനാരീശ്വര ക്ഷേത്രമുണ്ട്. നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അവിടുത്തെ ഉത്സവ കാലത്ത് പ്രധാന ദിവസം ഒരു ആചാരമുണ്ടായിരുന്നു. ആ രാത്രിയില്‍ വീട്ടുകാരുടെ സമ്മതത്തോടെ മക്കള്‍ ഇല്ലാത്ത സ്ത്രീകള്‍ അവിടെ ചെന്ന് ഇഷ്ടമുള്ള പുരുഷനോടൊപ്പം ശയിക്കാം, ആ പുരുഷനില്‍ നിന്ന് ഗര്‍ഭം ധരിക്കാം. അങ്ങനെ ഉണ്ടാകുന്ന കുട്ടികളെ ‘സാമി കൊടുത്ത പിള്ളൈ’ എന്നാണ് അറിയപ്പെടുക. ഈ നോവലില്‍ പൊന്നു ഭര്‍ത്താവ് കാളിയില്‍ നിന്നും, വീട്ടുകാരില്‍ നിന്നും സമ്മതം വാങ്ങി വൈകാശി വിശാഖം രഥോത്സവ ദിവസം രാത്രി ഈ ആചാരത്തില്‍ പങ്കു കൊള്ളുന്നതും, അതിനു ശേഷം അവരുടെ കുടുംബത്തില്‍ ഉണ്ടാകുന്ന വിള്ളലുകളും തകര്‍ച്ചയും ഒക്കെയാണ് നോവലിലെ കഥ.

നാമയ്ക്കല്‍ എന്ന തന്‍റെ സ്വന്തം സ്ഥലത്തെ ആധാരമാക്കി, അവിടുത്തെ ക്ഷേത്രത്തിലെ ആചാരങ്ങള്‍ ഗഹനമായി പഠിച്ചാണ് പെരുമാള്‍ മുരുഗന്‍ ഈ നോവല്‍ എഴുതിയത്. നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന ആചാരത്തെ കുറിച്ച് പറയുമ്പോള്‍ ഉള്ള അസഹിഷ്ണുതയായിരുന്നു ഈ പ്രതിഷേധങ്ങള്‍ക്ക് കാരണം എന്നോര്‍ത്താല്‍ വിഷമത്തെക്കാള്‍ ഏറെ, പുച്ഛമാണ് തോന്നുന്നത്. ദൈവങ്ങളെ സംരക്ഷിക്കാന്‍ മനുഷ്യര്‍ കഷ്ടപ്പെടുന്നത് കാണുമ്പോള്‍ സര്‍ക്കസിലെ ജോക്കറുകളെ ഓര്‍ത്തുപോകുന്നു. അവരെന്തും ചെയ്യും, ഏതറ്റം വരെയുള്ള കോമാളിത്തരവും ചെയ്യും, കഷ്ടപ്പെട്ട് പണിയെടുക്കും. പക്ഷെ കാണുന്നവര്‍ക്ക് ചിരിക്കാനുള്ള വകയാണ് ഉള്ളത്! ദൈവങ്ങള്‍ തെറ്റ് ചെയ്തിട്ടുണ്ട്, മതങ്ങളില്‍ ഒരുപാട് മണ്ടത്തരങ്ങള്‍ ഉണ്ട് എന്ന് അടിസ്ഥാനപരമായി അവര്‍ തന്നെ വിശ്വസിക്കുന്നത് കൊണ്ടാവില്ലേ ആരെങ്കിലും അതിനെക്കുറിച്ച് പറയുമ്പോഴേ അവരുടെ വായടയ്ക്കാന്‍ ഇവര്‍ ഓടുന്നത്? അങ്ങനെ ഒന്നും ഇല്ല എങ്കില്‍ എന്തിനു ഇവര്‍ പ്രതിഷേധിക്കണം! കുറ്റാന്വേഷണം ശരിയായി നടത്താന്‍ ആരെങ്കിലും മുതിര്‍ന്നാല്‍ തെറ്റ് ചെയ്യാത്തവര്‍ പുല്ലുപോലെ നടക്കും. പക്ഷെ കുറ്റവാളികള്‍ക്ക് ഉറക്കം നഷ്ടപ്പെടും, അന്വേഷണം വഴി തിരിക്കും, അന്വേഷണം നടത്തുന്നവരെ എങ്ങനെയും മിണ്ടാതെയാക്കും. ആ പ്രവണത തന്നെയല്ലേ ഇതിലൊക്കെ കാണുന്നത്!

ഇതേക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ചീഫ് ജസ്റ്റീസ് സഞ്ജയ്‌ കിഷന്‍ പോള്‍, സുന്ദരേഷ് എന്നിവര്‍ പറഞ്ഞ കാര്യം വളരെ പ്രസക്തമാണ്. “കോടതിയ്ക്ക് സമാന്തരമായി സ്വയം നീതിന്യായവകുപ്പുകള്‍ എന്ന് വിചാരിക്കുന്ന ചില കൂട്ടങ്ങളുണ്ട്. എന്താണ് ശരി, എന്താണ് തെറ്റ് എന്നും, എഴുത്തുകാര്‍ എന്തെഴുതണം, എന്തെഴുതണ്ട എന്നും തീരുമാനിക്കുന്ന ഇവരെ ആണ് സൂക്ഷിക്കേണ്ടത്!”

അതുല്യനായ എഴുത്തുകാരന്‍ ആയിരുന്നു പെരുമാള്‍ മുരുഗന്‍ എന്ന് ഞാന്‍ പറയുന്നില്ല. അദ്ദേഹത്തിന്‍റെ നോവലുകളും ചെറുകഥാസമാഹാരങ്ങളും കവിതകളും എല്ലാം ഇഷ്ടപ്പെടുന്ന ഒരു വിഭാഗം ഉണ്ടായിരുന്നു. ഒരു എഴുത്തുകാരന്‍ ആദ്യമായി പേന എടുക്കുന്നത് തീവ്രമായി ജ്വലിക്കുന്ന സ്വപ്നങ്ങളോടെയാണ്. എഴുത്തിനോടുള്ള അഗാധമായ ഒരു അഭിനിവേശമാണ് എഴുത്തുകാരന്‍ ഓരോ വാക്കിലും കുറിയ്ക്കുന്നത്. അങ്ങനെ ഉള്ള ഒരു എഴുത്തുകാരന്‍ തന്നിലെ എഴുത്തുകാരന്‍ മരിച്ചു എന്ന് പറയേണ്ടി വരുന്ന അവസ്ഥ പുരോഗമന ചിന്തകള്‍ ഉണ്ട് എന്നുള്ള നമ്മുടെ അഹന്തയ്ക്ക് ഉള്ള ശക്തമായ ഒരു അടിയാണ്. താന്‍ ചെയ്തത് ശരിയെന്നു വിശ്വസിക്കുമ്പോഴും മാപ്പ് പറഞ്ഞു മാറി നില്‍ക്കേണ്ടി വന്ന ഗലീലിയോ നാന്നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാലഘട്ടത്തില്‍ നിന്ന് ചിരിക്കുന്നത് കേള്‍ക്കാം. അന്ന് എല്ലാം സമ്മതിച്ച് ഗലീലിയോ പ്രശ്നം ഒത്തുതീര്‍പ്പിലാക്കി. ഇന്ന് പെരുമാള്‍ മുരുഗനും അത് തന്നെ ചെയ്തു. എഴുത്തുമായി ബന്ധപ്പെട്ട ഒരു പരിപാടിയ്ക്കും തന്നെ വിളിക്കരുത് എന്ന് പറഞ്ഞ് സ്വയം അയോഗ്യനാക്കി. “ഞാന്‍ ദൈവമല്ല. അതിനാല്‍ ഉയിര്‍ത്തെഴുന്നെല്‍ക്കില്ല.” എന്ന വരി കുറിച്ച് അദ്ദേഹം തന്നെ അദ്ദേഹത്തിലെ എഴുത്തുകാരനെ ദഹിപ്പിച്ചു. അരക്ഷിതരായ, ദുര്‍ബലരായ ദൈവങ്ങള്‍ക്ക് മനുഷ്യരുടെ സംരക്ഷണം അത്യാവശ്യമാണ്. അല്ലെങ്കില്‍ ചിലപ്പോള്‍ അവരുടെ പല കള്ളത്തരങ്ങളും പുറത്തു വന്നേക്കാം എന്നൊരു സന്ദേശം അന്നും ഇന്നും ഒരുപോലെ മുഴച്ചു നില്‍ക്കുന്നു.

“മതവികാരം വൃണപ്പെടുത്തിയതിന് നിരുപാധികം മാപ്പ്”
– ഗലീലിയോ,  1616 ഫെബ്രുവരി 26;
– പെരുമാള്‍ മുരുഗന്‍, ജനുവരി 2015.

അന്ന് ശാസ്ത്രം തോറ്റു, ഇന്ന് മനുഷ്യന്‍ തോറ്റു. മതം എന്നും വിജയിച്ചു!

നിങ്ങള്‍ ഇത്രയും ബുദ്ധിമുട്ടി സംരക്ഷിക്കുന്നതിനുള്ള നന്ദിയായി ദൈവം നിങ്ങളെ എന്നും രക്ഷിക്കട്ടെ, അനുഗ്രഹിക്കട്ടെ.