Jyothy Sreedhar

ഭൂതം

ഭൂതമെന്നു വിളിക്കപ്പെടുന്ന കാലം എന്നെ തമോഗര്‍ത്തത്തിലേക്കെന്ന പോലെ വലിച്ചിഴയ്ക്കുന്നു. മുന്നോട്ടു കുതിക്കാന്‍ വിടാതെ കഴുത്തില്‍ മുറുക്കി ഒരു കറുത്തകടിഞ്ഞാണ്‍ പിന്നിലേക്ക്‌. തല മലക്കുമ്പോള്‍ ദൃശ്യം അനന്തമായ ആകാശം- മേഘത്തെ മറന്ന നീലം. കണ്കോണില്‍ കാണുന്നു ഒരു പ്രാവിനെ. ഭാവിയിലേക്ക് പറക്കുവാനായി അത് ചിറകടിക്കാന്‍ ശ്രമിക്കുന്നു. ഇന്നലെ വേടനരിഞ്ഞ ചിറകിന്റെ സ്ഥാനത്ത്‌ ആ ചിറകിന്റെ ഓര്മയൊന്നു പിടയ്ക്കുന്നു. ആ പിടച്ചിലില്‍ ശക്തിയമരുമ്പോള്‍, ദേഹം വിറച്ചു വിയര്‍ക്കുമ്പോള്‍ അറിയുന്നു, ആവതിലെന്ന്. ആ രൂപം ഞാനാണ്. ചിറകറ്റ ചിറകുകള്‍ എന്റേത്. അലക്ഷ്യമായ തൂവലുകള്‍ക്കെന്റെ ചൂട്‌. എന്റെ ചിറകിനെ അരിഞ്ഞ വേടന്‍ ഞാന്‍ തന്നെയാവാം... എന്നെ മറന്ന ദീര്‍ഘനിദ്രയിലെ കൈപ്പിശക്. അവിടെ സ്വപ്‌നങ്ങള്‍ ഞാന്‍ കണ്ടിരുന്നില്ല. തീഗോളം വീണുണര്‍ത്തുംപോലെ ഭയമാണ് സ്വപ്നത്തില്‍ നിന്നെന്നെയുണര്‍ത്തുന്ന നിമിയെ. പ്രണയത്തിന്റെ അമ്പുകള്‍ കൊണ്ട് എന്റെ ഹൃദയത്തില്‍ ചോര പടരുമ്പോള്‍ നാണം കൊണ്ടല്ലാതെയത് ചുവന്നു തുടുക്കുന്നു. തന്‍റെ കൃഷ്ണമണികളെ ഇന്നലെയുടെ മരീചികയില്‍നിന്ന് വലിച്ചെടുക്കുന്നു രണ്ടു കണ്ണുകള്‍... അതും എന്റേത്. മസ്തിഷ്ക മരണം എന്നോ പൂര്‍ത്തിയാക്കപ്പെട്ടു. ഹൃദയത്തെ നിലയ്ക്കുവാന്‍ അനുവദിക്കാതെ, പിടി തരാതെ ഒരു മനസ്സ് ബാക്കി. ഭൂതത്തിന്റെ കയ്യുകള്‍ വരിഞ്ഞുമുറുകുന്നു. പ്രണയിച്ച പെണ്‍കുട്ടിയെ കാമാര്‍ത്തനെപ്പോലെ തന്‍റെ കൈകള്‍ക്കുള്ളില്‍ സ്വന്തമാക്കുന്നു. ഭാവിയില്‍ രക്തദാഹിയായ അസ്തമനവും വര്‍ത്തമാനത്തിലാ ഭാവിയും നിറയുമ്പോള്‍ ഭൂതം പാവം ക്രൂരനെന്നു ഞാന്‍ അറിയുന്നു. അതില്‍ എന്റെ പുഞ്ചിരിയുണ്ടെങ്കില്‍... അതില്‍ എന്റെ പ്രണയമുണ്ടെങ്കില്‍... എന്നെ അതില്‍ ലയിപ്പിക്കുക. നീരാവി പോലെ ചുരുണ്ടുയരുന്ന ഭൂതത്തില്‍ ഒരു നേര്‍ത്തപടലമായി ഞാന്‍ ഇനിയുള്ള കാലം ഉള്‍ക്കൊള്ളാം.