Jyothy Sreedhar

പ്രപഞ്ചം

ഞാൻ കണ്ടെടുക്കുമ്പോൾ,
ഈ പ്രപഞ്ചം ചിതറിയിരുന്നു.
പ്രണയം, സൗന്ദര്യം, ആത്മാവ്‌
ഭിന്നവസ്തുക്കളിൽ കാണപ്പെട്ടു.

ചിലത്‌ നാലു ഋതുക്കളിൽ
പരസ്പരം കാണാത്തയിടങ്ങളിൽ
മറുഭാഗങ്ങളെ തേടിക്കൊണ്ടിരുന്നു-
മഴ,
മഞ്ഞിലെ ഇളവെയിൽ,
ദേശാടനക്കിളികൾ,
വസന്തത്തിലെ ചെറുപൂക്കൾ…
അങ്ങനെ…

ചിലത്‌, ദിനങ്ങളുടെ വിഭിന്നഭാവങ്ങളിൽ ഒളിച്ചു-
നിലാവുദിച്ച രാത്രി,
പുലർകാലസൂര്യൻ,
സന്ധ്യാനിറങ്ങൾ,
അങ്ങനെ…

പിന്നെ,
ചിലത്‌ വർഷത്തിലൊരിക്കൽ വന്നുപോയി,
ചിലത്‌ പാതിരാവിലെ നിശാഗന്ധി പോലെ,
ചിലത്‌ ആണ്ടുകൾ നീളുമ്പോൾ
ഒരുനാൾ വിരിഞ്ഞു തിമിർക്കുന്ന
നീലക്കുറിഞ്ഞികൾ പോലെ.

ശേഷം,
ഒരു നാൾ അവയൊരുമിച്ചു-
ആദ്യമായി നമ്മൾ കണ്ടുമുട്ടിയപ്പോൾ,
നിന്റെ കണ്ണുകളിൽ നിന്ന്
എന്റെ കണ്ണുകൾ വരെ നീണ്ട
ഒരു കൊച്ചുതാഴ്‌വരയിൽ.

അന്ന്,
ചിന്നിച്ചിതറിയ പ്രപഞ്ചം
അതിന്റെ ജീവബിന്ദുവിനെ കണ്ടെത്തി-
നിന്റെ കൃഷ്ണമണികളിൽ,
എന്നെ ക്ഷണിച്ചുകൊണ്ട്‌.