Jyothy Sreedhar

പോകേണ്ടെന്ന് പറഞ്ഞിട്ടും...

എനിക്കു പോകേണ്ടെന്ന്
ഞാൻ പറഞ്ഞതല്ലേ?

എന്നിട്ടും,
കോടിവർഷങ്ങൾ എന്ന പോലെ
നിന്നെ മാത്രം കാത്തിരുന്ന്,
നിന്നെ ധ്യാനിച്ച്,
രാത്രിയും പകലും നിമികളുമെണ്ണി,
കണ്ണു കലങ്ങി, ചുവന്ന
നിന്റെ പെണ്ണിനോടാണോ‌
പോകണമെന്ന് നീ ശഠിച്ചത്?

ചേർന്ന്,
പിന്നെയും ചേർന്ന്,
ഒട്ടിയിരുന്ന്,
നിന്നോട് കൊഞ്ചി,
ഉണരാൻ കാത്തിരുന്ന
കാമിനിയാണ്.
മെയ്യും ഹൃത്തുമാത്മാവും
നിന്റെ ചെറുനാമത്തിൽ
കുത്തിയൊതുക്കിയവളാണ്.
ഇരുട്ടിലേക്ക് എത്രയോ വട്ടം
എയ്തു വിളിച്ച നിന്റെ നാമത്തിൽ
ചുരുണ്ട്, ഉറങ്ങാതിരുന്നവളാണ്.
അവളോടാണോ
പോകണമെന്ന് നീ ശഠിച്ചത്?

നിന്നോളം ഒരു നിദ്രയും
സ്വപ്നവും ചിന്തയും ഇല്ലാതെ
നിന്നെയെന്നും തേടിയവളാണ്.
കവിതകൾ പകുത്ത്,
നീയുണ്ടാവലുകൾക്കും
നീയില്ലായ്‌മകൾക്കും നൽകി
അതിൽ ആത്മാവടക്കം മുങ്ങി,
നിവരാതിരുന്നവളാണ്‌.
അതിന്റെ, ചിതറിത്തെറിച്ച
തീക്കട്ടകളാൽ പൊള്ളിയവളാണ്‌.
എന്നിട്ടും, പൊള്ളാതെ
നിന്നെ കാത്തവളാണ്.
അവളോടാണോ
പോകണമെന്ന് നീ ശഠിച്ചത്?

അവളിൽ നിറഞ്ഞത്
നിന്റെ നെഞ്ചിലേക്ക്
കുതിച്ചൊഴുകി,
ലയിക്കാൻ കൊതിച്ച
അതിതീവ്രപ്രണയമാണ്.
എങ്ങനെ പറഞ്ഞാലും
ഒരു തുണ്ടു പോലും ആകാതെ,
ഒരു ഭീമശൈലം പോലൊന്ന്.
അതിലേറാനാണ്
നീ ക്ഷണിക്കപ്പെട്ടത്.
അതിൻ അഗ്രത്തിൽ നിന്ന്
കാൽക്കീഴിലെ ഭൂമി കേൾക്കുമാറ്
നിന്റെ പേരിനൊപ്പം
തന്റെ പേര് ചേർത്ത്
ഭ്രാന്തമായി അത് ഘോഷിക്കുമ്പോൾ
നിന്റെ കൈകൾക്കുള്ളിൽ
ഒതുങ്ങണമെന്ന് കൊതിച്ചവളാണ്‌.
രാത്രിയുടെ, നിദ്രയുടെ,
ഇഷ്ടപ്പെടാത്ത ഒഴുക്കിലേക്ക്‌
അവളോടാണോ
പോകണമെന്ന് നീ ശഠിച്ചത്?

നേരം വൈകിയെന്നോർത്ത്,
ഇനിയുള്ള ശ്വാസങ്ങൾ ഓരോന്നും
നിന്റെ നിശ്വാസങ്ങളിൽ നിന്നു മാത്രം
ജനിക്കണമെന്ന് കൊതിച്ചവളാണ്‌.
ഇനിയുള്ള കാഴ്ചയിലെങ്കിലും
നീ നിറയണമെന്ന് ഇച്ഛിക്കുന്നവളാണ്‌.
നിന്നെ തീയായ്‌ ചേർത്ത്,
സ്വന്തം മരവിപ്പിനെ ഹനിക്കണമെന്ന്
സ്വയം പറഞ്ഞ് ഉറപ്പിച്ചവളാണ്‌.
നിന്റെ പെണ്ണെന്നു പറയുമ്പോൾ,
മാത്രം,
തരളിതയായി,
സ്വന്തം മാർദ്ദവത്തിൽ തൊട്ട്
ആസ്വദിക്കുന്നവളാണ്.
"എന്റേത്" എന്നൊരൊറ്റ വാക്കിന്റെ
കമ്പിളിപ്പുതപ്പിനുള്ളിൽ
ആകാശവും നക്ഷത്രങ്ങളും
കാണുന്നവളാണ്,
പല വട്ടം ജനിക്കുന്നവളാണ്‌.
അവളോടാണോ
പോകണമെന്ന് നീ ശഠിച്ചത്?

നിനക്കറിയാത്തതല്ലല്ലോ,
അവളുടെ ഭ്രാന്തിന്റെ ഞൊറികൾ!
അവളോടാണോ
പോകണമെന്ന് നീ ശഠിച്ചത്?

നീയില്ലായ്‌മയിലും
നിന്നെ വിടർത്താനവൾ
കരിമഷിയെഴുതിയ മിഴികൾ;
അവൾ ചൂടിയ,
നിന്റെ മുഖം തിളങ്ങിയ ചുവന്ന പൊട്ട്;
പാഥേയമായി ചുമക്കുന്ന നിന്റെ നാമം,
നിന്റെ ഇഷ്ടങ്ങൾ;
വഴിയമ്പലമായി തേടുന്ന നിന്റെ നെഞ്ചകം;
വൃഥാ നീ ഉപേക്ഷിക്കുന്നത് എന്താണ്,
ഒരു രാത്രിയിലേയ്ക്ക് എങ്കിലും...?

ഒന്നോർത്താൽ,
നിന്നെ തന്നെ അല്ലേ?
നൂറ്റാണ്ടുകളായി,
നിന്റെ അറിവില്ലായ്മ തീർത്ത
ബലികുടീരത്തിൽ കിടന്ന്,
എന്നിട്ടും ജീർണ്ണിക്കുന്നതിൻ മുൻപ്
അവൾ കണ്ടെടുത്ത നിന്നെ?

നീ തന്നെയായ അവളോടാണോ
പോകണമെന്ന് നീ ശഠിച്ചത്?