Jyothy Sreedhar

പിഴുതെറിയുക സ്വാതന്ത്ര്യത്തെ

എന്റെ സ്വാതന്ത്ര്യങ്ങളെ
ഒന്നൊന്നായി നീ പിഴുതെറിയുവാൻ
പ്രണയമേ, ഞാൻ കാത്തിരിക്കുന്നു.

നിന്റെ മരവിപ്പല്ല എനിയ്ക്കു വേണ്ടത്,
വിശ്രമവുമല്ല.

നിന്റെ ആദ്യനോട്ടത്തിൽ
പിന്നെയുള്ള എന്റെ എത്രയോ ദിനങ്ങളെ
നീ തളച്ചിട്ട ശൗര്യത്തെയാണ്
ഞാൻ ആവശ്യപ്പെടുന്നത്.

ആഴങ്ങളിൽ നിന്ന് തേടിയെടുത്തു പിഴുതെറിയുക
എന്റെ സ്വാതന്ത്രങ്ങളോരോന്നും.

നിന്നെ കാണുമ്പോൾ
ഈ ലോകത്തെ
എന്നിൽ നിന്നും നീ അറുത്തുമാറ്റുക.
നീയോളം എനിയ്ക്ക് മറ്റൊരു ദൃശ്യമില്ലെന്ന്
എന്നെ ബോധ്യപ്പെടുത്തുക.

നിന്നെ കേൾക്കുമ്പോൾ
പ്രപഞ്ചത്തിന്റെ ആദിശബ്ദമതെന്ന്
ധാർഷ്ട്യത്തോടെ എന്നെ അറിയിക്കുക.

എന്നെ പ്രണയിക്കുന്നുവെന്ന്
നീ പറയുമ്പോൾ
എന്റെ ജന്മം തന്നെ നീ കൈപ്പിടിയിലൊതുക്കുക.

കൈകൾ മുറുകെപ്പിടിക്കുമ്പോൾ
വായു ചോരാതെ
എന്റെ വിരലുകളെ മുറുക്കി
ചോരപ്പാടുകളെ തെളിയിക്കുക.

എന്നെ മുറുകെപ്പുണരുമ്പോൾ
ഉദയം മുതൽ അസ്തമനം വരെയുള്ള
സൂര്യതാപവ്യതിയാനങ്ങളെ
നിന്റെ നെഞ്ചിൽ നിന്ന് എന്നിലേയ്ക്കു പകർത്തുക.

പിന്നെ തലചായ്ക്കുവാൻ,
കണ്ണീരുതിരുമ്പോൾ അതിനെ കൈക്കൊള്ളുവാൻ,
എന്റെ ചുവടുകളെ താങ്ങിനിർത്തുവാൻ,
എന്റെ ഭൂമിയാവുക.

എന്നെ ചുണ്ടോട് ചേർത്തു ചുംബിക്കുമ്പോൾ
മരണത്തിന്റെ വക്കോളം
എന്നെ ദഹിപ്പിച്ചു നീറ്റുക,
ശ്വാസം തരാതെ പിടപ്പിക്കുക,
നിന്നിൽ ലയിപ്പിക്കുക,
ഞാൻ എന്നൊന്നില്ലെന്ന് തോന്നിപ്പിക്കുമാറ്
നിന്റെ നാവിനെ പോലും അഗ്നിബാണമാക്കുക.
എന്റെ അസ്തിത്വത്തെ പിഴുതെറിയുക.

ചുംബനമവസാനിയ്ക്കുമ്പോൾ
ഒരു മുങ്ങാംകുഴിയുടെ ഗാഢതയെ, നിഗൂഢതയെ,
കൊച്ചുമുറിവുകളടക്കം
എന്നിൽ ബാക്കിവയ്ക്കുക.
നീ മാത്രമെന്ന ജീവിതത്തിലേയ്ക്ക്
പിന്നെ എന്നെ ഉണർത്തുക.

ശേഷം,
എന്റെ ചിന്തകളെ,
കവിതകളെ,
ഓർമ്മകളെ,
നിദ്രകളെ,
സ്വപ്നങ്ങളെ,
പകൽക്കിനാവുകളെ
നിർദാക്ഷിണ്യം നീ വേട്ടയാടുക.

ഇനിയുള്ള കാലം ഞാൻ കാത്തിരിക്കുന്നത്
നിന്നോടുള്ള പ്രണയത്തിന്റെ ആഴങ്ങളിൽ
ഞാൻ നീന്തിത്തുടിക്കുവാനാണ്.
നിന്നോടുള്ള പ്രണയത്തിന്റെ ആകാശപ്പരപ്പിൽ പറന്നു നടക്കുവാനാണ്.
നിന്റെ മരണത്തോടെ
നിന്നോടൊന്നായി ദഹിച്ചൊടുങ്ങുവാനാണ്.

ശേഷം എന്തെന്നറിയില്ല.
ആത്മാവായെങ്കിൽ, അതൊന്നിച്ച്.
പുനർജന്മമായെങ്കിൽ അതുമൊന്നിച്ച്.

ഇനിയൊരുണർവ്വില്ലെങ്കിൽ
നമുക്ക് ഒറ്റനിദ്രയായ് മാറാം.
പ്രപഞ്ചത്തിന്റെ പ്രണയസ്വപ്നങ്ങളിൽ
വാഴ്ത്തപ്പെട്ടവരായി
നമ്മൾ വിളിച്ചുണർത്തപ്പെടും വരെ.

പിഴുതെറിഞ്ഞു കൊല്ലുക
എന്റെ സ്വാതന്ത്രങ്ങളോരോന്നും.
ആർക്കു വേണം, നീയില്ലാതെ,
ഞാൻ ഞാനാകാത്ത ഒരു വലിയലോകം!

എന്നെ പൂർണ്ണമായി കീഴടക്കാൻ വരുന്ന
നിന്റെ ധാർഷ്ട്യത്തെ,
അഹന്തയെ, സ്വാർത്ഥതയെ,
നീയെന്ന എന്റെ അതിർത്തിയെ,
നിന്റെയുള്ളിലെ എന്റെ പുരുഷനെ
ഞാൻ കാത്തിരിക്കുന്നു.