Jyothy Sreedhar

പിറവി പൂര്‍ണ്ണം

ഒരു വേദന, ആഴത്തിലൊരു നീറല്‍, ശരീരത്തില്‍ എങ്ങെന്നറിയാത്ത മനസ്സില്‍. കവിത്വം കരയുന്നു... അതിന്‍റെ മൌനത്തിലെ നീറ്റലാണ്. ഒരു പിറവിക്കായത് സ്വയമൊരുങ്ങുന്നതായറിയുന്നു. കുട്ടിയെന്തെന്നറിയാതെ പ്രസവിക്കുകയെന്ന കര്‍മ്മം. നീറുന്നയിടത്ത്, മനസ്സില്‍... അവക്ത്യദൃശ്യങ്ങള്‍. ഇന്നലെ ഞാന്‍ കാണാത്ത ഒരു വിടചൊല്ലല്‍, അതില്‍ എന്റെയേട്ടന്‍ വിട്ടുപോകുന്ന- യെന്റെ നാടിന്റെ നിശബ്ദമായ തേങ്ങല്‍... അതില്‍ നിന്നൊരു നൂലില്‍ കോര്‍ത്ത പോലെ, കൂട്ടില്‍ നിന്ന് വീണ കുഞ്ഞിന്റേതായയെന്‍റെ നഷ്ടബോധം... നാടെന്നെ വാരിപ്പുണരുന്ന ദിനത്തിലേക്ക് കലണ്ടറിലൂടെ നീണ്ടൊരു നോട്ടം. വിഷു പുഞ്ചിരിക്കുന്നു... കൈ നീട്ടി വിളിക്കുന്നു. കണിയൊരുക്കി കാത്തിരിക്കുന്നുവെന്ന് പറയുന്നു. ഒരു നോവ്‌ കലര്‍ന്ന മൃദുലമായ ചിരി അതവിടെ പതിക്കുന്നു. ഇന്നലെ പിരിഞ്ഞ പൂച്ചയോടു പിണങ്ങി ബാക്കി നിന്ന പൂച്ചക്കുഞ്ഞിനെ ചൂണ്ടി "പിരിയുന്നതിനു മുന്‍പായ അവസാന നിമിഷങ്ങളെ"ന്ന് എന്‍റെ ഭര്‍ത്താവെന്നോടു പറയുമ്പോള്‍ ഉപമകളിലൂടെ സഞ്ചരിച്ച് മനസ്സില്‍ വീണ്ടും നാട്. ആ പൂച്ചയില്‍ എന്‍റെ വിധി... ആ കുഞ്ഞില്‍ ഞാന്‍. ചൂടേകാന്‍ എന്‍റെ മുറി, ഞാന്‍ ചായുറങ്ങുന്ന കട്ടില്‍. കവിത്വം പിറവിയെ ഒരു പുഞ്ചിരിശ്രമത്തില്‍ അലസമായ്‌ കൈവിടുന്നു. വിധിയുള്ളപ്പോള്‍ പിറക്കുമെന്നോര്‍ക്കുന്നു. അവസാന അണുവും വലിച്ചെടുക്കുമ്പോള്‍ പ്രാണന്‍ വേര്‍പിരിയുന്നതിനെക്കാ- ളൊരു പ്രാണന്‍ താനാല്‍ ഉടലാര്‍ന്നയനുഭൂതി. പിടയ്ക്കുന്നത് ഹൃദയം തന്നെയെന്നുറപ്പ്. ആണിന്‍റെ ചുറുചുറുക്ക്, പെണ്ണിന്റെ ക്ഷമ. കാണുന്ന, കാണാതിരിക്കുന്ന, കരയുന്ന, കണ്ണുകള്‍. കൂര്‍പ്പിച്ച ചെവിയ്ക്കുള്ളില്‍ വാക്കുകളുടെ പൊത്ത്. കെട്ടിപ്പുണരുന്ന കയ്യുകള്‍... കാലങ്ങളിലൂടെയോടുന്ന കാലുകള്‍. ഉള്ളില്‍ യന്ത്രങ്ങള്‍ വച്ചുനോക്കിയാലും അതിലെങ്ങെന്നറിയാത്ത മനസ്സ്. മനുഷ്യന്‍ എന്നതിന്‍റെ തെളിവ് വ്യക്തം. പിറവി പൂര്‍ണ്ണം.