Jyothy Sreedhar

പഴഞ്ചൻ കടലാസ്

നിനക്ക്‌, പഴകിമുഷിഞ്ഞൊരു പഴഞ്ചൻ കടലാസിനെ എന്രെ പ്രണയോപഹാരമായ്‌ ഞാൻ നൽകട്ടെ?

അതിൽ‌, കൂട്ടിയും കിഴിച്ചുമല്ലാതെ ഞാനെഴുതിയ, അപരിഷ്കൃതമായ പ്രണയസന്ദേശങ്ങളുണ്ടാകും. നിന്നെ കണ്ട മാത്രയിൽ ഞാൻ എഴുത്തിത്തുടങ്ങി, അത്രയും പഴകിയ എന്റെ നീലമഷിക്കുറിപ്പുകൾ- നീലയ്ക്ക്‌ സമുദ്രത്തിന്റെ സ്വഭാവമെന്നോർക്കണം. എന്റെ പ്രണയം പഴഞ്ചനാണ്‌. മായ്ചിട്ടുണ്ടെങ്കിൽ, കടലാസിൽ പാടുകൾ കാണാം. അല്ലെങ്കിൽ, മഷി പടർന്നിരിക്കും. അതുമല്ലെങ്കിൽ, കടലാസിന്റെ തൊലി അങ്ങിങ്ങായി പൊളിഞ്ഞിരിക്കും. ഇനി, വെട്ടിയിട്ടുണ്ടെങ്കിൽ, വരകൾക്കു പിന്നിൽ ഒളിച്ചുകളിയ്ക്കുന്ന വാക്കുകളുണ്ടാകും. ഒന്നിരുത്തി നോക്കിയാൽ, നിനക്കു കാണാൻ കഴിയാത്ത- യൊരു വരിയുമതിലുണ്ടാകില്ല. പിന്നെയും നോക്കിയാൽ, മഷി തെളിയാത്ത പാടുകളെ നിനക്കു കാണാം. അതിനുമുള്ളിൽ, ഈ പഴഞ്ചൻ പ്രണയവുമായി കൂനിക്കൂടി, നിന്നിൽ നിന്നു പോലും സ്വയം ഉൾവലിഞ്ഞ, ഞാനെന്ന, നിന്റെ പ്രണയിനിയും.